കൊച്ചി: തനിക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കും കുടുംബത്തിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോട്ടയം കുറുവിലങ്ങാട് മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയാണ് കന്യാസ്ത്രീയെന്നുമാണ് അദ്ദേഹം പറയുന്നത്. കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധം ഉണ്ടെന്നും ബിഷപ്പ് ആരോപിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ബിഷപ്പിന്റെ ആരോപണങ്ങള്‍.

കേരളത്തില്‍ കാലുകുത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മഠത്തിലെ ശല്യക്കാരിയായതിനാല്‍ കന്യാസ്ത്രീയെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. ഇതാണ് തന്നോട് കന്യാസ്ത്രീയ്ക്ക് വിരോധം ഉണ്ടാകാന്‍ കാരണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെ പൊലീസിന് നല്‍കിയ ആദ്യമൊഴിയില്‍ ലൈംഗികമായി പഡീപ്പിച്ചതായി പറഞ്ഞിട്ടില്ല. പിന്നീട് ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍.

അറസ്റ്റുണ്ടാകുമെന്ന സൂചനകളുള്ളതിനാല്‍ ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതായി എഎന്‍ഐയാണ് റിപ്പോർട്ട് ചെയ്തത്. ഉച്ചയോടെ കോടതി ജാമ്യ ഹർജി പരിഗണിക്കും. അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി. കേസില്‍ ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും അദ്ദേഹം പറയുന്നു. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും. ബിഷപ്പിനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

പരാതിയില്‍ ഇത് രണ്ടാം തവണയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്ധറിലെത്തി അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങുകയായിരുന്നു. ഇത്തവണ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. വസ്തുതാപരമായ മറുപടിയില്ലെങ്കില്‍ ബിഷപ്പിന്റെ അറസ്റ്റിലേക്ക് നീങ്ങും.

നല്‍കിയ മൊഴികള്‍ പരിശോധിക്കാന്‍ സമാന്തര അന്വേഷണവും നടക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും വരെ ബിഷപ്പിന് ജലന്ധറിലേക്ക് മടങ്ങാനാകില്ല. ബിഷപ്പിന്റെ യാത്രാ വിവരം അറിയിക്കണമെന്നു പൊലീസ് ജലന്ധര്‍ രൂപത അധികൃതരെ അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.