കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ആരോപണ നിഴലിലായ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു തല്‍ക്കാല ആശ്വസവുമായി വത്തിക്കാൻ നിലപാട്. ഈ വിഷയത്തില്‍ ബിഷപ്പിനെതിരേ വത്തിക്കാന്റെ ഭാഗത്തു നിന്ന് തിരക്കിട്ട നടപടി ഉണ്ടാകാനിടയില്ലെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിഷയം കേരളത്തില്‍ പൊലീസ് അന്വേഷിക്കുന്നതും മുന്‍പൊരിക്കല്‍ പരാതിയുടെ പേരില്‍ ബിഷപ്പിനെ മാറ്റിയതിന്റെ പേരിലുണ്ടായ സംഭവവികാസങ്ങളാണ് ഇപ്പോൾ വത്തിക്കാനെ പിന്തിരിപ്പിക്കുന്നതെന്നാണ് സഭയ്ക്കുളളിൽ നിന്നുളള സൂചനകൾ.

സാധാരണയായി സഭയുടെ മുകള്‍ തട്ടിലുള്ളവര്‍ക്കെതിരേ പരാതികൾ വിഷയം കോടതിയുടെയോ പൊലീസിന്റെ പരിഗണനയിലാണങ്കില്‍ വത്തിക്കാന്‍ ഒരിക്കലും വിഷയത്തില്‍ ഇടപെടില്ല. ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ മറ്റൊരു വിദേശരാജ്യം ഇടപെടാന്‍ പാടില്ലായെന്ന തത്വം വത്തിക്കാന്‍ പാലിക്കുന്നതിനാലാണിത്. ഫ്രാങ്കോ മുളയ്ക്കല്‍ വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ ഇതിനു ശേഷം മാത്രമേ വത്തിക്കാനില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

ലൈംഗിക ആരോപണം ഉള്‍പ്പടെയുള്ള എല്ലാ പരാതികളിലും ഇപ്പോള്‍ വത്തിക്കാന്‍ സൂക്ഷ്മമായ നിരീക്ഷണത്തിന് ശേഷം മാത്രമേ നടപടി എടുക്കാറുള്ളു എന്നാണ് സഭയുമായി ബന്ധപ്പെട്ടവരുടെവാദം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരു ബിഷപിനെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരില്‍ അന്നത്തെ വത്തിക്കാന്‍ സ്ഥാനപതിയുടെ റിപ്പോര്‍ട്ടു പ്രകാരം ഉടന്‍ തന്നെ സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. കൊഹിമ ബിഷപ്പായിരുന്ന മലയാളിയായ ബിഷപ്പ് ജോസ് മുക്കാലയാണ് ആരോപണത്തെ തുടർന്ന് സ്ഥാനമൊഴിയേണ്ടിവന്നത്. പിന്നീട് നിരപരാധിയാണെന്ന കണ്ടെത്തിയതും എന്നതാണ് ഉടനടി നടപടിക്ക് തയ്യാറാവാത്തതിന് കാരണമായി സഭാവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത് എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പില്ലെന്നു കണ്ടെത്തുകയും ചെയ്തു. ഇത്തരത്തില്‍ തിടുക്കത്തില്‍ നടപടിയെടുത്തതിന്റെ പേരില്‍ വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതികള്‍ ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൃത്യമായ അന്വേഷണത്തിനു ശേഷം മാത്രം നടപടിയെന്ന നിലയിലേക്കു വത്തിക്കാന്‍ നീങ്ങിയിരിക്കുന്നത്, വൈദികന്‍ പറയുന്നു.

മുന്‍പ് ലത്തീന്‍ ബിഷപ്പായിരുന്ന ജോണ്‍ തട്ടുങ്കലിന് ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത വിഷയവുമായി ബന്ധപ്പെട്ട് മെത്രാന്‍ സ്ഥാനം നഷ്ടമായിരുന്നു. തട്ടുങ്കലിന്റെ വിഷയത്തില്‍ വത്തിക്കാന്‍ വേഗത്തിലാണ് നടപടിയെടുത്തതെന്ന് സീറോ മലബാര്‍ സഭയിലെ ഒരു മുതിര്‍ന്ന വൈദികന്‍ ചൂണ്ടിക്കാട്ടുന്നു. തട്ടുങ്കല്‍ വിഷയത്തില്‍ പൊലീസ് കേസോ കോടതിയോ ഒന്നുമുണ്ടായിരുന്നില്ല മറിച്ച് ധാര്‍മികതയുടെ അപഭ്രംശം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് തിടുക്കത്തില്‍ നടപടി വന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ വിഷയത്തില്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അന്വേഷണത്തിനു ശേഷം മാത്രമേ വത്തിക്കാന്‍ ഇടപെടലിനു സാധ്യതയുള്ളൂ, വൈദികന്‍ വ്യക്തമാക്കുന്നു.

അതേസമയം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും ഒപ്പു ശേഖരണം തുടരുകയാണ്.
നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ മുൻ അംഗവും സുപ്രീം കോടതി അഭിഭാഷകയായ സിസ്റ്റർ ജെസ്സി കുര്യൻ,സിബിസിഐയുടെ വനിതാ വിഭാഗം മുൻ സെക്രട്ടറി വിര്‍ജീനിയ സല്‍ദാന എന്നിവർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്നും മാറ്റി നിർത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

ഇതിന് പുറമെ നിലവിലുള്ള സാഹചര്യം പരിഗണിക്കുമ്പോള്‍ ആരോപണ വിധേയനായ ബിഷപ്പ് രാജിവയ്ക്കുകയോ അല്ലെങ്കില്‍ സഭാ നേതൃത്വം ബിഷപ്പിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തയ്യാറാവുകയോ വേണമെന്നും അഡ്വ. സിസ്റ്റർ ജെസ്സി കുര്യൻ അഭിപ്രായപ്പെട്ടിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ് സ്ഥാനത്ത് നിന്ന് നീക്കാന്‍ അടിയന്തരമായി വത്തിക്കാനില്‍ നിന്നുള്ള ഇടപെടല്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജംബതിസ്‌കോ ദിസ്‌കിതോയ്ക്കും സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനും സിബിസിഐയുടെ വനിതാ വിഭാഗം മുൻ സെക്രട്ടറി വിര്‍ജീനിയ സല്‍ദാന കത്തയച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.