scorecardresearch
Latest News

രക്ഷകരോടൊപ്പം ഒന്നാം പിറന്നാളാഘോഷം; സുബ്ഹാന്റെ ആശംസകളുമായി വിജയ് വർമയും ഡോ.തമന്നയും

ജന്മദിനത്തിന് ആശംസകൾ നേർന്ന് ഫ്ലൈറ്റ് കമാൻഡർ വിജയ് വർമയും ഡോ.തമന്നയും എത്തിയത് സുബ്ഹാന്റെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്ക് ഇരട്ടി മധുരമായി

രക്ഷകരോടൊപ്പം ഒന്നാം പിറന്നാളാഘോഷം; സുബ്ഹാന്റെ ആശംസകളുമായി വിജയ് വർമയും ഡോ.തമന്നയും

നെടുമ്പാശ്ശേരി: കഴിഞ്ഞ പ്രളയ കാലത്ത് കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ നാടൊന്നാകെ ശ്വാസം അടക്കി പിടിച്ചാണ് സാജിത എന്ന നിറഗർഭിണിയെ എയർലിഫ്റ്റിങ് ചെയ്യുന്നത് കണ്ടത്. പ്രളയത്തിന്റെ കണ്ണീരിൽ സന്തോഷത്തിന്റെ പുതുജീവനായി സുബ്ഹാൻ ജനിച്ചതോടെ അവസ്ഥ മാറി. സുബ്ഹാന്റെ ഒന്നാം പിറന്നാളാണ് കടന്നുപോയത്. ജന്മദിനത്തിന് ആശംസകൾ നേർന്ന് ഫ്ലൈറ്റ് കമാൻഡർ വിജയ് വർമയും ഡോ.തമന്നയും എത്തിയത് സുബ്ഹാന്റെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്ക് ഇരട്ടി മധുരമായി.

ചെങ്ങമനാട് സ്വദേശി ജബിലിന്റെ പൂർണ ഗർഭിണിയായ ഭാര്യ സാജിതയെ പ്രസവ അസ്വസ്ഥതകളെ തുടർന്നാണ് സാഹസികമായ എയർ ലിഫ്റ്റിംഗിലൂടെ ആശുപത്രിയിലെത്തിക്കുന്നത്. പ്രളയത്തിന്റെ രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയ നാവിക സേനയുടെ പ്രധാന നേട്ടങ്ങളിലൊന്നായി പിന്നീടത് മാറി. രക്ഷാപ്രവർത്തനങ്ങൾക്കായി നേവിയുടെ ഹെലികോപ്ടർ ചുറ്റി പറന്നത്’ 17-ാം തീയതിമുതലാണ്.

അതു വരെ മൂടിക്കെട്ടിയ അന്തരീക്ഷം ഹെലികോപ്ടർ വഴിയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായിരുന്നു. മസ്ജിദിനുള്ളിലെ ക്യാമ്പിൽ പൂർണ ഗർഭിണിയുണ്ടെന്ന സന്ദേശത്തെ തുടർന്നാണ് വിജയ് വർമയുടെ നേതൃത്വത്തിൽ നേവി സംഘം എത്തിയത്. അപ്പോൾ സാജിത ചൊവ്വരയിലെ ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ ക്യാമ്പിലായിരുന്നു. സാധാരണ റെയിൽവേ ലൈൻ ,റോഡുകൾ ഇത്തരം കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞാണ് ലൊക്കേഷൻ മാർക്ക് ചെയ്യുക. പക്ഷേ ചുറ്റും വെള്ളം മൂടിയിരുന്നതിനാൽ ഇതെല്ലാം ബുദ്ധിമുട്ടായിരുന്നു. മസ്ജിദിന്റെ അടയാളം മാത്രമായിരുന്നു ഏക പോംവഴി. മസ്ജിദിന്റെ മുകളിൽ വട്ടമിട്ടു പറന്ന ഹെലികോപ്ടറിൽ ഇരുന്ന് ഗർഭിണിയുണ്ടോ എന്ന് ആംഗ്യ ഭാഷയിൽ ടെറസിൽ നിന്നവരോട് ചോദിച്ചറിഞ്ഞാണ് സാജിതയെ കണ്ടെത്തുന്നത്.

ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ പറ്റാത്തതിനാൽ കയറിൽ തൂങ്ങി ഡോക്ടറും കമാൻഡറും ഇറങ്ങി.
ആരോഗ്യനില പരിശോധിച്ച ശേഷം ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന നിർദ്ദേശം മാത്രമാണ് ഡോക്ടർ നൽകിയത്. തുടർന്ന് സാജിതയെ എയർ ലിഫ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തേവരയിലെ നേവിയുടെ സഞ്ജീവനി ആശുപത്രിയിൽ ഡോ.തമന്നയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് 2.15 ന് സാജിത ആൺകുഞ്ഞിന് ജന്മമേകി.

നേവി ഉദ്യോഗസ്ഥർ തന്നെയാണ് മുഹമ്മദ് സുബ്ഹാൻ എന്ന പേര് കുഞ്ഞിനു വിളിച്ചത്.
1993 ൽ പ്രതിരോധ സേനയിൽ ചേർന്ന വിജയ് വർമ ഏറ്റവും വെല്ലുവിളി നേരിട്ട രക്ഷാപ്രവർത്തനം സാജിതയുടെ എയർ ലിഫ്റ്റിംഗ് തന്നെയായിരുന്നുവെന്ന് പറയുന്നു. ഇലക്ട്രിക് ലൈനുകളിലൂടെയും മറ്റു കെട്ടിടങ്ങളുടെയും ഇടയിലൂടെ പൊക്കിയെടുക്കുക പ്രയാസം തന്നെയായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ മുഴുവൻ സംവിധാനങ്ങളും കൃത്യതയോടെ പ്രവർത്തിച്ചത് എല്ലാം ഭംഗിയായി അവസാനിച്ചെന്ന് വിജയ് പറയുന്നു.

Read More Kerala News Here

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Birthday celebration of subhan son of sajitha jabeel 2018 flood rescue