Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
യൂറോ കപ്പില്‍ തുര്‍ക്കിയെ സ്വിറ്റ്സര്‍ലന്‍ഡ് കീഴടക്കി, ജയം 3-1 ന്

പക്ഷിപ്പനി: മുക്കത്ത് കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും അടച്ചിടാൻ​ ഉത്തരവ്

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നീ പ്രദേശങ്ങളില്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൊല്ലാന്‍ ഇന്നു രാവിലെ തുടങ്ങിയിരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മുക്കം നഗരസഭാ പരിധിയിലെ മുഴുവന്‍ കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും കോഴിമുട്ട മൊത്ത വില്‍പ്പന ശാലകളും അടച്ചിടാന്‍ ഉത്തരവ് . സമീപ പഞ്ചായത്തായ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണു നടപടി.

കോഴി, താറാവ്, കാട, മറ്റുപക്ഷികള്‍ എന്നിവയെ വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതും നിരോധിച്ചു. അലങ്കാര പക്ഷി വില്‍പ്പന ശാലകള്‍ക്കും ഉത്തരവ് ബാധകമാണ്. മുക്കം നഗരസഭാ പരിധിയില്‍ അനുവദിച്ച കോഴി ഫാമുകളുടെയും ചിക്കന്‍ സ്റ്റാളുകളുടെയും കോഴിമുട്ട വില്‍പ്പന കേന്ദ്രങ്ങളുടെയും ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. മുനിസിപ്പല്‍ ആക്ടിലെ 482(8) വകുപ്പ് പ്രകാരമാണു നഗരസഭാ സെക്രട്ടറിയുടെ നടപടി. ഉത്തരവ് പാലിക്കാത്ത സ്ഥാപനങ്ങള്‍ പൂട്ടി മുദ്രവയ്ക്കും.

പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നീ പ്രദേശങ്ങളില്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൊല്ലാന്‍ ഇന്നു രാവിലെ തുടങ്ങിയിരുന്നു. കോഴികളടക്കമുള്ള വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്.പ്രത്യേക പരിശീലനം നല്‍കിയ വിവിധ വകുപ്പുകളിലെ ഇരുനൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം.

Read Also: പക്ഷിപ്പനി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അതീവ ജാഗ്രത പുലർത്തുക

പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിനും വീടിനും ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള മുഴുവന്‍ വളര്‍ത്തു പക്ഷികളെയാണു കൊന്ന് കത്തിക്കുന്നത്. പതിനായിരത്തിലേറെ പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. ഇതിനായി അഞ്ച് പേരെടങ്ങുന്ന 35 സംഘങ്ങള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.പ്രദേശത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴിയിറച്ചി വില്‍പന ജില്ലാ കലക്ടര്‍ താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കുള്ളിലുള്ള കോഴി സ്റ്റാളുകളും ഫാമുകളും ഇന്നു മുതല്‍ അടച്ചിടാനും കോഴിമുട്ട വില്‍പ്പന നിര്‍ത്തിവയ്ക്കാനും കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല കോഴിക്കോട് കലക്ടര്‍ക്കാണ്. മനുഷ്യരിലേയ്ക്ക് പകരുമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു ഇന്നലെ വ്യക്തമാക്കിരുന്നു.2016ലാണ് സംസ്ഥാനത്ത് ഇതിനു മുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകള്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചത്. നിരവധി പക്ഷികളെ അന്ന് കൊന്നൊടുക്കിയിരുന്നു.

അതേസമയം,ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 2762050

What are the symptoms of bird flu?: പക്ഷിപ്പനി ലക്ഷണങ്ങൾ

പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞനിറത്തിലുള്ള കഫം, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണം. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും ന്യുമോണിയ ആകാനുള്ള സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണമുള്ളവര്‍ വൈദ്യസഹായം തേടണം. കോഴി, താറാവ് കര്‍ഷകര്‍ അതീവ ജാഗ്രത പുലര്‍ത്തണം. പക്ഷിവളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിശുചിത്വം പാലിക്കണം.

ഫാമുകള്‍ വൃത്തിയായി സൂക്ഷിക്കണം. ദേഹത്ത് മുറിവുകള്‍ ഉള്ളപ്പോള്‍ പക്ഷിമൃഗാദികളുമായി ഇടപഴകരുത്. രോഗം പിടിപ്പെട്ട പക്ഷികളെ കൊന്നുകളയണം. പക്ഷികളുമായി അടുത്തിടപഴകുമ്പോള്‍ കയ്യുറകളും കാലുറകളും ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കുക. ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bird flu kerala kozhikkode killing birds

Next Story
ചവറ എംഎൽഎ എൻ.വിജയൻ പിള്ള അന്തരിച്ചുVijayan Pillai MLA
The moderation of comments is automated and not cleared manually by malayalam.indianexpress.com