ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതികഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആലപ്പുഴയിലെത്തി. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പനിക്ക് കാരണമായ H5N 8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ കേന്ദ്ര സംഘം നടത്തും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും മൃഗസംരക്ഷണ വകുപ്പിന്റേയും ഉദ്യോഗസ്ഥരാണ് ആലപ്പുഴയിൽ എത്തിയത്. ഡോ. രുചി ജെയിൻ (കേന്ദ്ര ആരോഗ്യ മന്ത്രാലയം), ഡോ. സൈലേഷ് പവാർ (എൻഐവി), ഡോ. അനിത് ജിൻഡാൽ ( ഡൽഹി ആർഎംഎൽ ഹോസ്പിറ്റൽ) എന്നിവരാണ് സംഘത്തിലുള്ളത്. ഇവർ കലക്ടറുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് സംഘം കരുവാറ്റയിൽ സന്ദർശനം നടത്തി.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനും മറ്റൊരു കേന്ദ്രസംഘം ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 9 മുതലാണ് രണ്ടംഗ സംഘം സന്ദര്‍ശനം നടത്തുന്നത്. ജനുവരി 8ന് കോട്ടയം സന്ദര്‍ശനത്തിനു ശേഷമാണ് ആലപ്പുഴയിലെത്തുക. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവര്‍ ജില്ലാ കളക്ടറുമായും. ജില്ലാതല ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച നടത്തുകയും സ്ഥല സന്ദര്‍ശനം നടത്തുകയും ചെയ്യും.
കരുവാറ്റയിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘം #birdflue pic.twitter.com/eI6u3UtjIs
— IE Malayalam (@IeMalayalam) January 7, 2021

പനി കണ്ടെത്തിയ ഇടങ്ങളിലെ പത്ത് കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യപ്രവർത്തകർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി വളർത്തു പക്ഷികളെ കൊല്ലുന്നത് ഇന്ന് പൂർത്തിയാകും. 6200 താറാവുകൾ കൂടിയാണ് ഇനി അവശേഷിക്കുന്നത്.
Read More: സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രം
അതേസമയം, കോട്ടയം ജില്ലയില്‍ പക്ഷിപ്പനി നിയന്ത്രണവിധേയമായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി താറാവുകളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. കോട്ടയം ജില്ലയില്‍ 7600 താറാവുകളെയും 132 കോഴികളെയുമാണ് കൊന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിലെ ഫാമിലേതാണ് താറാവുകളില്‍ ഏറെയും. മറ്റ് പക്ഷികള്‍ ഫാമിന്‍റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ളതാണ്.
കൊന്ന പക്ഷികളെ കത്തിച്ച് നശിപ്പിച്ചതിനുശേഷം മേഖലയില്‍ പക്ഷികളെ വളര്‍ത്തിയിരുന്ന ഫാമുകളും വീട്ടു പരിസരങ്ങളും അണുവിമുക്തമാക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന ഒരാഴ്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നിരീക്ഷണം തുടരും. രോഗവ്യാപനമുണ്ടായിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി വളര്‍ത്തുപക്ഷികളില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.
പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡൽഹിയിൽ കണ്‍ട്രോള്‍ റൂം തുറന്നു. കേരളത്തിന് പുറമെ രാജസ്ഥാന്‍, ഹിമാചല്‍, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.