ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സാഹചര്യം ഗുരുതരമെന്നും പക്ഷിപ്പനി വ്യാപനം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തിന് പുറമേ ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കേന്ദ്രം കത്ത് കൈമാറിയത്. പറവകള്‍ അടക്കമുള്ള പക്ഷികളില്‍ രോഗം പടരാന്‍ സാധ്യത വലുതാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സാഹചര്യങ്ങള്‍ നിരന്തരമായി നിരിക്ഷിക്കണം. ജനങ്ങളുടെ സഹായം പക്ഷിപ്പനി നിരിക്ഷണത്തിന് ഉറപ്പാക്കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളും കത്തില്‍ ഉണ്ട്.
Read More: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് ആലപ്പുഴ കുട്ടനാട്ടിൽ പക്ഷികളെ കൊന്നു തുടങ്ങി. ഇന്നലെ മാതം ആലപ്പുഴയിലെ കറുവാറ്റ, പളളിപ്പാട്, തകഴി, നെടുമുടി പഞ്ചായത്തുകളിലായി 20330 പക്ഷികളെയാണ് കൊന്നത്. ഈ മേഖലകളിലുള്ള ബാക്കി പക്ഷികളെയും കൊല്ലും.
ഇന്നും നാളെയുമായി കളളിംഗ് എന്ന ഈ പ്രക്രിയ പൂർത്തിയാക്കാനാണ് മൃഗ സംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. അതേ സമയം നിലവിൽ എച്ച്-5 എൻ-8 വിഭാഗത്തിൽ പെട്ട വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണം നടത്തുന്നുണ്ട്.
പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ ഇറച്ചി, മുട്ട വ്യാപാരം പതിനഞ്ച് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സാഹചര്യം വിശദീകരിച്ച് നല്‍കിയ കത്തിന് തുടര്‍ച്ചയായി വിഷയത്തില്‍ പക്ഷിപ്പനി ബാധിത സംസ്ഥാനങ്ങളുടെ അടിയന്തിര യോഗവും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ വിളിക്കും.
ഹരിയാനയില്‍ കോഴികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പക്ഷികള്‍ ആണ് ചത്തത്. രാജസ്ഥാനിലെ ഝാല്‍വാറില്‍ കാക്കകള്‍ ചത്തു വീണതിന് പിന്നിലും പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജുനഗഡ് ജില്ലയില്‍ മാനവദാര്‍ താലൂക്കില്‍ ഖരോ റിസര്‍വോയറില്‍ 53 ജലപക്ഷികളെ ചത്ത് പൊങ്ങിയ നിലയില്‍ കണ്ടെത്തി. എല്ലാവര്‍ഷവും ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ താവളമടിക്കുന്ന ഇവിടെയും പക്ഷിപ്പനി സാധ്യത നിലനില്‍ക്കുന്നതായി വനംവകുപ്പ് അറിയിച്ചു.
ഹിമാചലിലെ പോങ് ടാം വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ ചത്ത ദേശാടന പക്ഷികളില്‍ എച്ച്-5 എന്‍-1 സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചാകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ സാധ്യമായ എല്ലാ മുന്‍ കരുതലും സ്വീകരിക്കണം എന്നും വെല്ലുവിളി ഗുരുതരമാണെന്നും ആണ് സന്ദേശം.
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി കെ രാജു
ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനിയില്‍ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര അവലോകന യോഗത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
ഒരു മുട്ടയ്ക്ക് അഞ്ച് രൂപയും അറുപത് ദിവസത്തില്‍ താഴെ പ്രായമായ പക്ഷിക്ക് 100 രൂപയും അറുപത് ദിവസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുക. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. ജില്ലയില്‍ ഇതുവരെയുള്ള കള്ളിംഗ് ജോലികള്‍ വിജയകരമായി നടത്തിയെന്ന് മന്ത്രി പറഞ്ഞു.
37656 പക്ഷികളെയാണ് ഇതുവരെ ആലപ്പുഴ ജില്ലയില്‍ കള്ളിംഗിലൂടെ നശിപ്പിച്ചത്. നേരത്തെ 23857 പക്ഷികള്‍ ജില്ലയില്‍ ചത്തു. ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ 61513 പക്ഷികളെയാണ് നഷ്ടപ്പെട്ടതായി കണക്കാക്കുന്നത്. ജില്ലയില്‍ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കള്ളിംഗ് നടത്തിയ സ്ഥലങ്ങളിലെ സാനിറ്റേഷന്‍ ജോലികള്‍ നാളെ കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര മാനദണ്ഡ പ്രകാരം പക്ഷിപ്പനി കണ്ടെത്തിയ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നൊടുക്കിയത്. താറാവിനെ മാത്രമല്ല, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന കോഴികള്‍, അലങ്കാര- വളര്‍ത്ത് പക്ഷികള്‍ ഉള്‍പ്പടെയുള്ളവയെ കള്ളിംഗിലൂടെ നശിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ശേഷിക്കുന്ന കള്ളിംഗും സാനിറ്റേഷന്‍ ജോലികളും വ്യാഴാഴ്ചയോടെ പൂര്‍ത്തിയാക്കാന്‍ മന്ത്രി ആര്‍.ആര്‍.റ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പക്ഷിപ്പനി സംബന്ധിച്ച കൂടുതല്‍ വിവിരങ്ങള്‍ സ്ഥിരീകരിക്കുന്നതിനായുള്ള കേന്ദ്ര സംഘം വ്യാഴാഴ്ച സംസ്ഥാനത്തെത്തും. നിരീക്ഷണം ശക്തമാക്കണമെന്നും കൂടുതല്‍ സ്ഥലത്തേക്ക് പക്ഷിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ദേശാടനപക്ഷികള്‍ ചത്തു വീഴുന്നുണ്ടോയെന്ന് നിരീക്ഷണം നടത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും ചുതലപ്പെടുത്തി. ഇങ്ങനെ കണ്ടെത്തിയാല്‍ സാമ്പിളുകള്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു.