scorecardresearch
Latest News

ഒക്ടോബർ മുതൽ​ സർക്കാർ ഓഫീസുകളിൽ ഹാജറിന് ബയോമെട്രിക് പഞ്ചിങ്

“ജീവനക്കാരും സംഘടനകളും അതിരുകടന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. നവമാധ്യമരംഗത്ത് കാണിക്കേണ്ട മിതത്വം പലപ്പോഴും പല ജീവനക്കാരും കാണിക്കുന്നില്ല. ഇക്കാര്യത്തില്‍ സ്വയം നിയന്ത്രിക്കാന്‍ ജീവനക്കാര്‍ തയ്യാറാവണം”

finger punching attendance machine

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം വരുന്നു. ഈ വർഷം ഒക്ടോബറോടുകൂടി ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സര്‍വീസ് സംഘടനാ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ജീവനക്കാര്‍ ഓഫീസ് സമയത്ത് ഓഫീസിലുണ്ടായിരിക്കണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. അക്കാര്യം ഉറപ്പ് വരുത്താന്‍ ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്ന് ​അദ്ദേഹം ആവശ്യപ്പെട്ടു.

ജീവനക്കാര്‍ പെരുമാറ്റച്ചട്ടം നല്ല രീതിയില്‍ ശീലിക്കാന്‍ തയ്യാറാവണം. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണമെന്നതില്‍ തര്‍ക്കമില്ല. ജീവനക്കാരും സംഘടനകളും അതിരുകടന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. നവമാധ്യമരംഗത്ത് കാണിക്കേണ്ട മിതത്വം പലപ്പോഴും പല ജീവനക്കാരും കാണിക്കുന്നില്ല. ഇക്കാര്യത്തില്‍ സ്വയം നിയന്ത്രിക്കാന്‍ ജീവനക്കാര്‍ തയാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവനക്കാരുടെ ഇടയില്‍ ആവശ്യമായ ബോധവത്ക്കരണം ഉണ്ടാവണം. പുതിയതായി സര്‍വീസിലെത്തുന്ന ജീവനക്കാര്‍ക്ക് നിശ്ചിതകാലം പരിശീലനം നല്‍കണമെന്ന നിർദേശം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ജീവനക്കാരില്‍ മഹാഭൂരിപക്ഷം അഴിമതി തീണ്ടാത്തവരാണ്. എന്നാല്‍ ചെറിയ വിഭാഗം അഴിമതിക്കാരുണ്ട്. ചില കേന്ദ്രങ്ങള്‍ അഴിമതി അവകാശമായി കാണുന്നു. സിവില്‍ സര്‍വീസില്‍ അഴിമതി പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് സംഘടനകള്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിവില്‍ സര്‍വീസ് ശക്തിപ്പെടുത്തുക തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പിഎസ്‌സി മുഖേന ഇതിനോടകം 70,000 ഓളം പേരെ നിയമിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 13,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നിയമനങ്ങളില്‍ നേരിട്ടുള്ള നിയമനത്തില്‍ മാത്രമേ സംവരണം ബാധകമാകൂ എന്നും ബൈട്രാന്‍സ്ഫര്‍, പ്രമോഷന്‍ വിഭാഗക്കാരുടെ കെഎഎസ് നിയമനത്തില്‍ സംവരണം ബാധകമാകില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കെഎഎസ് താമസംവിനാ നടപ്പിലാക്കും.

ഡിജിറ്റല്‍ ഫയലിങ് സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. ആദ്യഘട്ടങ്ങളില്‍ ചില പ്രയാസമുണ്ടാവുമെങ്കിലും ഇത് പൊതുസമൂഹത്തിന് താൽപര്യമുള്ള കാര്യമാണ്. അത് പ്രോത്സാഹിപ്പിക്കണം. ഇ-ഗവേണന്‍സും, ഇ-ഫയലിങ്ങും എല്ലാ ഓഫീസുകളിലും പ്രാവര്‍ത്തികമാക്കും. പൊതുജനങ്ങള്‍ കൂടുതലായി ബന്ധപ്പെടുന്ന ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഉണ്ടാവണം. ഓഫീസില്‍ അത്യാവശ്യം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സംഘടനകളുടെ കൂടി ശ്രദ്ധ വേണം.

വികസന, ക്ഷേമ, ഭരണ കാര്യങ്ങളില്‍ സര്‍ക്കാരിന് പൊതുതാൽപര്യം മാത്രമേ ഉള്ളു. ഫയലുകള്‍ നീക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. ഭരണഭാഷ മലയാളമാക്കിയെങ്കിലും ചില വകുപ്പുകളില്‍ ഇപ്പോഴും എഴുത്തുകുത്തുകള്‍ മലയാളത്തിലായിട്ടില്ല എന്നത് പരിശോധിക്കണം. മേലധികാരിയുടെ നേതൃത്വത്തില്‍ ഓഫീസുകളില്‍ മാസത്തിലൊരിക്കല്‍ അവലോകനയോഗം നടത്തുന്നത് ഓഫീസ് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ സഹായിക്കും. സേവനാവകാശ നിയമം പൊതുവില്‍ പ്രാവര്‍ത്തികമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസില്‍ എന്തെല്ലാം സേവനങ്ങള്‍ നല്‍കുന്നു എന്ന വിവരം എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ കുടിശ്ശികയുള്ള ക്ഷാമബത്ത ലഭ്യമാക്കാനും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ നടപ്പിലാക്കാനും നടപടി സ്വീകരിക്കും. ഭവന നിര്‍മാണ വായ്‌പ സര്‍ക്കാരിന്റെ സാമ്പത്തിക നിലയെ ബാധിക്കാത്ത വിധം ജീവനക്കാര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംയോജനം ചില വകുപ്പുകളില്‍ മാത്രമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്തുമായി ബന്ധപ്പെട്ട വകുപ്പുകളാണ് സംയോജിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Biometric attendance for state government employees from october cm pinarayi vijayan