തിരുവനന്തപുരം: ഹാജറിനായി പഞ്ചിങ് വീണ്ടും നടപ്പാക്കാൻ സർക്കാർ. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹാജറാണ് പഞ്ചിങ് വഴി പുതവൽസരദിനമായ നാളെ മുതൽ ആരംഭിക്കുന്നത്.

ബയോ മെട്രിക് കാര്‍ഡ് കാണിച്ചതിനു ശേഷം വിരലുപയോഗിച്ചാണ് പഞ്ച് ചെയ്യേണ്ടത്. പുതിയ സംവിധാനത്തില്‍ മൂന്നു ദിവസം വൈകിയെത്തിയാല്‍ ഒരു ദിവസത്തെ ലീവ് രേഖപ്പെടുത്തും. മാസത്തിൽ മൂന്ന് മണിക്കൂർ ആകെ ഇളവ് ലഭിക്കും. നേരത്തെപോകുന്നതിനും വൈകി വരുന്നതിനും ഉൾപ്പടെയാണിത്. ഈ സമയ പരിധി കഴിഞ്ഞ് മൂന്ന് ദിവസം വൈകിയാലാകും ഒരു ദിവസത്തെ അവധിയായി കണക്കാക്കുക.

ജോലിസമയം കൃത്യമായി പാലിക്കാത്ത സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ഇനി ശമ്പളം പോകും. താമസിച്ചെത്തിയാല്‍ പഞ്ചിങ് മെഷീന്‍ കുടുക്കുമെന്നതാണ് സ്ഥിതി. കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ജീവനക്കാരുടെ പഞ്ചിങ് നിര്‍ബന്ധമാക്കിയത് നാളെ മുതല്‍ നടപ്പിലാക്കുന്നതിനായുളള ഉത്തരവ് സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പ് മേധാവികള്‍ക്കും കൈമാറി.

ഉദ്യോഗസ്ഥരുടെ എതിർപ്പിനിടയിലാണ് വീണ്ടും പഞ്ചിങ് മെഷീന്‍ സെക്രട്ടറിയേറ്റില്‍ ഇടം പിടിച്ചത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സമയനിഷ്ഠ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഇടവേളയ്ക്കു ശേഷം വീണ്ടും പഞ്ചിങ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മുമ്പ് ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് സെക്രട്ടറിയേറ്റിന്റെ അനക്‌സില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് പഞ്ചിങ് ബാധികമാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനും പഞ്ചിങ് നിര്‍ബന്ധമാക്കി. സെക്രട്ടറിയേറ്റിലെ ജോലി സമയം രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയാണ്.

എ.കെ.ആന്രണി സർക്കാരിന്രെ കാലത്ത് 2001 ൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പഞ്ചിങ് സംവിധാനം നടപ്പാക്കാൻ ശ്രമിച്ചുവെങ്കിലും കക്ഷിഭേദമന്യേ ജീവനക്കാരുടെ എതിർപ്പ് മൂലം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴും പഞ്ചിങ് സംവിധാനത്തോടുള്ള എതിര്‍പ്പുമായി ജീവനക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു.

തങ്ങൾ കൂടുതൽ സമയം ജോലി ചെയ്താൽ എങ്ങനെ അത് കണക്കാക്കും എന്ന് വ്യക്തമാക്കുന്നില്ലെന്ന് അവർ പറയുന്നു. നിയമസഭ ചേരുന്ന ദിവസങ്ങളുൾപ്പടെ പല ദിവസങ്ങളിലുംകൂടുതൽ സമയം സെക്രട്ടറിയേറ്റിലെ ജീവനക്കാരിൽ ഭൂരിപക്ഷത്തിനും ജോലി ചെയ്യേണ്ടി വരുന്ന സ്ഥിതിയുണ്ടെന്നും അതിനാൽ പഞ്ചിങ് ഹാജർ നിലയക്ക് അടിസ്ഥാനമാക്കരുതെന്നുമാണ് അവരുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.