Latest News

തിരുവനന്തപുരം ഇനി മ്യൂസിയങ്ങളുടെ തലസ്ഥാനം, പരിസ്ഥിതി ദിനത്തിൽ ജൈവവൈവിദ്ധ്യമ്യൂസിയം തുറക്കുന്നു

ജൂൺ അഞ്ചിന് തിരുവനന്തപുരം വള്ളക്കടവ് ബോട്ടുപുരയിലാണ് തുറക്കുന്നത്. ഇന്ററാക്ടീവ് പാനലുകൾ, വിഡിയോകൾ, മോഡലുകൾ എന്നിവയൊക്കെയാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്

Biodiversity Museum in thiurvananthapuram,

തിരുവനന്തപുരം:തലസ്ഥാന നഗരിയിലെത്തുന്നവർക്കും അറിവും കൗതുകം പകർന്നു നൽകുന്ന രണ്ട് സ്ഥാപനങ്ങൾ കൂടി. തമ്പാനൂരിലെ റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്ററിനുളളിലാണ് രണ്ട് മ്യൂസിയങ്ങൾ തുറക്കുന്നത്. ജൈവവൈവിധ്യ മ്യൂസിയവും ആർട്ട് മ്യൂസിയവുമാണ് തലസ്ഥാന നഗരിയിലെ പുതിയ സാംസ്കാരിക വിജ്ഞാന കേന്ദ്രങ്ങളാകുന്നത്.

ജൈവവൈവിധ്യ മ്യൂസിയം വള്ളക്കടവില്‍ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പ്രവർത്തനം ആരംഭിക്കും. തലസ്ഥാനത്തെ വളളക്കടവിലുളള​, 19ആം നൂറ്റാണ്ടിലെ ചരിത്രപ്രധാന ‘ബോട്ടുപുര’ (വളളക്കടവ്) യിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ശംഖുമുഖം തെക്കേ കൊട്ടാരം ആർട് മ്യൂസിയമാണ് മറ്റൊന്ന്. ഈ രണ്ട് മ്യൂസിയങ്ങളും തമ്മിൽ വെറും ഒന്നര കിലോമീറ്റർ അകലം മാത്രമാണ് ഉളളത്.   ഇവിടെ നിന്നും പത്ത് കിലോമീറ്ററിനുളളിലാണ് തിരുവനന്തപുരം നേപ്പിയർ മ്യൂസിയം.

പ്രകൃതിയുടെ എല്ലാ ഗാംഭീര്യവും ദുരൂഹതകളും ശാസ്ത്രത്തിന്റെ അതിശയങ്ങളും എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുംവിധമാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ഭൂമിയുടെ തുടക്കവും ജീവന്റെ ഉത്ഭവവും എല്ലാം ഇവിടെ അടുത്തറിയാം. ഇന്ററാക്ടീവ് പാനലുകള്‍, വീഡിയോകള്‍, ജീവന്‍ തുളുമ്പുന്ന മോഡലുകള്‍, മറ്റ് വിവിധ തരം പ്രദര്‍ശനസാമഗ്രികള്‍ ഒക്കെയായി ജൈവവൈവിധ്യം ആകര്‍ഷകവും പഠനാത്മകവുമായി ഇവിടെ നിന്ന് മനസിലാക്കാം.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കൗതുകം വര്‍ധിപ്പിക്കാനും, പഠനപ്രക്രിയയില്‍ സഹായിക്കാനും, പ്രചോദനമാകാനുമാണ് മ്യൂസിയം ലക്ഷ്യമിടുന്നത്.

‘ജൈവവൈവിധ്യം- ജീവന് ആധാരം’ എന്ന വിഭാഗത്തില്‍ എങ്ങനെ ഭൂമിയുണ്ടായി, പരിണാമത്തിന്റെ ഘട്ടങ്ങള്‍, ജൈവവൈവിധ്യവുമായി ഇതിനുള്ള ബന്ധം എല്ലാം ക്രമപ്രകാരം വിശദീകരിക്കപ്പെടുന്നുണ്ട്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് പ്രകൃതിയിലെ ജൈവവൈവിധ്യം എങ്ങനെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് ലളിതമായി മനസ്സിലാക്കാൻ കാണെന്നത്തുന്നവർക്ക് സാധിക്കും. ഇതിനായി  ഇന്ററാക്ടീവ് കീയോസ്‌ക് സൗകര്യവുമുണ്ട്.

Biodiversity Museum in thiurvananthapuram,,
ജൈവവൈവിധ്യ മ്യൂസിയത്തിന്റെ ഉളളിൽ നിന്നുളള ദൃശ്യം

പ്രകൃതിയുടെ സങ്കീര്‍ണതകളുടെ ചുരുളഴിക്കുന്ന ‘സയന്‍സ് ഓണ്‍ സ്ഫിയര്‍’ വിഭാഗത്തില്‍ ദൃശ്യസാധ്യതകള്‍ കൃത്യമായി മള്‍ട്ടിമീഡിയ പ്രൊജക്ഷനുകളിലൂടെ വിനിയോഗിക്കുന്നു. ഭൂമി, സമുദ്രം, വന്‍കരകള്‍ എല്ലാം ആറടി വ്യാസമുള്ള ഭീമന്‍ ഗോളത്തിലൂടെ കാണാനാകും. ഒപ്പം ശബ്ദ വിവരണവുമുണ്ടാകും. പരിസ്ഥിതി സാക്ഷരത വളര്‍ത്താനും കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മലിനീകരണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സഹായമാകും.

Biodiversity Museum in thiurvananthapuram,
ബയോ ഡൈവേഴ്‌സിറ്റി മ്യൂസിയത്തിലെ പുറംകാഴ്ച

പ്രകൃതി വൈവിധ്യവും അതിശയങ്ങളും ആസ്വദിക്കാന്‍ ഒരുക്കിയ ത്രീഡി തീയറ്ററാണ് മറ്റൊരു സവിശേഷത. 50 സീറ്റുകളാണ് ഇവിടെയുള്ളത്. വിശദമായ പ്രദര്‍ശനഗ്യാലറികളും മ്യൂസിയത്തിലുണ്ട്. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ രാവിലെ 10.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് സന്ദര്‍ശന സമയം. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡാണ് മ്യൂസിയത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

sangumugam art museum
ശംഖുമുഖം ആർട് ഗ്യാലറിയിലെ ചിത്രങ്ങൾ മുഖ്യമന്ത്രി കാണുന്നു

ശംഖുമുഖം തെക്കേകൊട്ടാരത്തില്‍ ആര്‍ട്ട് മ്യൂസിയം പ്രവർത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചു.രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ശംഖുമുഖം ആര്‍ട്ട് മ്യൂസിയം പ്രവര്‍ത്തിക്കുക. മുതിര്‍ന്നവര്‍ക്ക് 30 രൂപയും, ഏഴുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്.

കോര്‍പറേഷന്റെ മേല്‍നോട്ടത്തിലുള്ള മ്യൂസിയത്തില്‍ സമകാലീന ചിത്രകലയുടെ നേരനുഭവം തദ്ദേശീയര്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും ലഭ്യമാക്കുന്ന ഇടമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ ശ്രദ്ധേയരായവര്‍ ഉള്‍പ്പെടെയുള്ള കലാകാരന്‍മാരുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, കേരളീയ ചിത്ര-ശില്‍പ കലകള്‍ക്ക് സ്വയംപര്യാപ്ത വിപണി ലഭ്യമാക്കുക, നവാഗത കലാകാരന്‍മാര്‍ക്ക് വേദിയും സ്‌കോളര്‍ഷിപ്പ് പോലുള്ള സൗകര്യങ്ങളും സജ്ജമാക്കുക, ലോകത്തെ ഇതര കലാമ്യൂസിയങ്ങളും ഗ്യാലറികളുമായി സഹകരിച്ച് എക്‌സ്‌ചേഞ്ച് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, ദൃശ്യകലയേക്കുറിച്ചും ഇതര കലാസാംസ്‌ക്കാരിക രംഗങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, ഇത് സംബന്ധിച്ചുള്ള പുസ്തകങ്ങളും ജേര്‍ണലുകളും പ്രസിദ്ധീകരിക്കുക തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് മ്യൂസിയം മുന്‍കൈയെടുക്കും.

ഇവിടെ പ്രമുഖരായ കലാചരിത്രകാരന്‍മാരും അധ്യാപകരും ഉള്‍പ്പെടെയുള്ള ക്യൂറേറ്റര്‍മാര്‍ ചിത്രകാരന്‍മാരുടെ സൃഷ്ടികള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കും. ഇതോടൊപ്പം ചിത്രകലാ വര്‍ക്ക്‌ഷോപ്പുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആര്‍ട്ട് അപ്രീസിയേഷന്‍ കോഴ്‌സുകള്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Biodiversity museum art museum thiruvananthapuram

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express