scorecardresearch
Latest News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി ബിനോയ് വിശ്വം

ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണ്ടതുണ്ടെന്നും ബിനോയ് വിശ്വം പരാതിയില്‍ പറയുന്നു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി ബിനോയ് വിശ്വം

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് പോര് കടുപ്പിച്ചതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി. ബിനോയ് വിശ്വം എംപിയാണ് പരാതി നല്‍കിയത്. സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ പോര് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടികാണിച്ചാണ് പരാതി.

പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണം. ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണ്ടതുണ്ടെന്നും എല്ലാ പരിധികളും ലംഘിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്ന് ബിനോയ് വിശ്വം പരാതിയില്‍ പറയുന്നു.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്ക് രാജ്ഭവന്റെ ഔന്നത്യം കാത്തുസൂക്ഷിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നത് തടയണമെന്നും പരാതിയിലുണ്ട്.

കഴിഞ്ഞദിവസം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരായുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളെ കാണിച്ച് സര്‍ക്കാരിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയുന്നതില്‍ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങര്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഗവര്‍ണറുടെ കടന്നാക്രമണം.

കണ്ണൂരില്‍ തനിക്കെതിരെ നടന്നത് നേരിട്ട് കേസെടുക്കേണ്ട വിഷയമാണെന്നും ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവും ശിക്ഷയുമുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഐപിസി 124 വകുപ്പ് വിശദീകരിച്ചാണ് ഗവര്‍ണര്‍ പത്രസമ്മേളനം തുടങ്ങിയത്. തനിക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോള്‍ പ്രതിഷേധക്കാരെ തടയുന്നതിന് പൊലീസ് തയാറായില്ല. പ്രതിഷേധക്കാരെ തടയുന്നതില്‍ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചത് കെ.കെ.രാഗേഷാണെന്നും വേദിയില്‍ നിന്ന് ഇറങ്ങി ചെന്ന് പൊലീസിനെ തടഞ്ഞുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.

കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നും ഗവര്‍ണര്‍ ആരോപിച്ചു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം നടത്തിക്കിട്ടാന്‍ മുഖ്യമന്ത്രി നിരന്തരം കത്തുകളയച്ചു. തന്റെ മേല്‍ സമ്മര്‍ദം ചെലുത്തി. ഉന്നത ഉദ്യോഗസ്ഥന്‍ രാജ്ഭവനിലെത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിസി നിയമനം നടത്തിക്കിട്ടാന്‍ മുഖ്യമന്ത്രി അയച്ച കത്തുകളും ഗവര്‍ണര്‍ പുറത്ത് വിട്ടിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Binoy viswam lodged complaint against governor