തിരുവനന്തപുരം: രാജ്യസഭയിലേയ്ക്ക് സി പി ഐ സ്ഥാനാർത്ഥിയായി ബിനോയ് വിശ്വം മത്സരിക്കും. സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗമായ ബിനോയ് വിശ്വത്തെ രാജ്യസഭയിലേയ്ക്ക് സ്ഥാനാർത്ഥിയാക്കാൻ ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.

ബിനോയ് വിശ്വം നേരത്തെ മന്ത്രി, എം എൽ എ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തവണ നടന്ന സി പി ഐ​ പാർട്ടി കോൺഗ്രസിലാണ് ബിനോയ് വിശ്വത്തെ കേന്ദ്ര സെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടുത്തത്.

രാജ്യസഭയിലേയ്ക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേയ്ക്കാണ് മത്സരം നടക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസ് നേതാവുമായ പി. ജെ കുര്യൻ, സി പി എം നേതാവായ സി പി നാരായണൻ, കേരളാ കോൺഗ്രസ് പ്രതിനിധിയായ ജോയി എബ്രഹാം എന്നിവരുടെ കാലവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് മൂന്ന് സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിലെ നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് സീറ്റുകൾ എൽ​ ഡി എഫിനും ഒരു സീറ്റ് യു ഡി എഫിനും ലഭിക്കും. ജൂൺ 21 നാണ് തിരഞ്ഞെടുപ്പ്.

സി പിഎമ്മിന് ലഭിക്കുന്ന സീറ്റിൽ ചെറിയാൻ ഫിലിപ്പ്, വിജുകൃഷ്ണൻ തുടങ്ങിയ പേരുകളാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പാർട്ടി തീരുമാനം ഇതുവരെ വന്നിട്ടില്ല.
കോൺഗ്രസിൽ രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുവ എം എൽ എ മാർ കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു. ആറ് തവണ ലോകസഭാംഗവും മൂന്ന് തവണ രാജ്യസഭാംഗംവുമായ പി ജെ കുര്യന് പകരം മറ്റൊരാളെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസിലെ യുവനേതാക്കൾ രംഗത്തു വന്നത്. ഇവർക്കെതിരെ ശക്തമായ മറുപടിയുമായി പി ജെ കുര്യനും വയലാർ രവിയും രംഗത്തു വന്നിരുന്നു. കലുഷിതമായ സാഹചര്യത്തിലാണ് കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയ നടപടികൾ മുന്നോട്ട് നീങ്ങുന്നത്.

Read More: രാഹുലിന് കേരളത്തിൽ നിന്നാരംഭിക്കാം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ഘടകത്തിൽ​ അഴിച്ചുപണി ആസന്നമായിരിക്കുന്ന സാഹചര്യത്തിലാണ് യുവ എം എൽ എ മാർ രാജ്യസഭയിൽ യുവാക്കളുടെ പ്രാതിനിധ്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ