Latest News

വിദേശ ധനസഹായം: കേന്ദ്രത്തിനെതിരെ ബിനോയ്‌ വിശ്വം സുപ്രീം കോടതിയില്‍

ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കേസ്.

Binoy Viswam, CPI, Rajya Sabha member, Open Defecation system in India, ODF work by government,രാജ്യസഭ, കേരളം, ശുചിത്വം, India news, Indian Express, ബിനോയ് വിശ്വം, ഐഇ മലയാളം

ന്യൂഡല്‍ഹി : പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി യുഎഇ നല്‍കിയ ധനസഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ നേതാവ് ബിനോയ്‌ വിശ്വം സുപ്രീം കോടതിയില്‍. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കേസ്.

ദുരന്ത നിവാരണനയത്തില്‍ ഇതിനുള്ള ചട്ടങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ രാജ്യസഭാംഗം, സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് എന്നും ആരോപിക്കുന്നു. പ്രളയം മൂലം കേരളത്തിനുണ്ടായ നഷ്ടം ഇതുവരെ കണക്കെടുത്തിട്ടില്ല. അതിനാല്‍ തന്നെ വിദേശ സഹായം ആവശ്യമില്ലെന്ന കേന്ദ്ര നിലപാടില്‍ പൊരുത്തക്കേട് ഉണ്ടെന്നും എംപി ചൂണ്ടിക്കാണിക്കുന്നു.

യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് കേരത്തിന് സഹായവാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നത്. എന്നാല്‍ വിദേശ സഹായം സ്വീകരിക്കാനാകില്ലെന്നും രാജ്യത്ത് യുപിഎ ഭരണകാലം തൊട്ടുള്ള നയമാണ് ഇതെന്നും പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ സഹായം നിഷേധിക്കുകയായിരുന്നു.

അതേസമയം, പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ക്കെതിരെ മുന്‍ വിദേശ സെക്രട്ടറിമാര്‍ രംഗത്തെത്തുകയുണ്ടായി. യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച വിദേശസഹായം വേറിട്ട് കാണണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദേശസഹായം വേണ്ടെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം തേടുന്നതില്‍ തെറ്റില്ലെന്നാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും മുന്‍ വിദേശ കാര്യ സെക്രട്ടറി നിരുപമ റാവുവും പ്രതികരിച്ചത്. ഇന്നലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും കേന്ദ്രനയം തിരുത്തണം എന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Binoy vishwam in supreme court against centre

The moderation of comments is automated and not cleared manually by malayalam.indianexpress.com