തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണ വിധേയനായ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരും വരെ അറസ്റ്റ് ചെയ്യില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുമെന്നും ആവശ്യമെങ്കില്‍ അഭിഭാഷകനായ ശ്രീജിത്തിനെ ചോദ്യം ചെയ്യുമെന്നും ഓഷിവാര പൊലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, കേരള പൊലീസിന് ബിനോയ് കോടിയേരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബിനോയിയെ കണ്ടെത്താന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് മുംബൈ പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്നശേഷമായിരിക്കും ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുക എന്ന് പൊലിസ് പിന്നീട് വ്യക്തമാക്കി. ജൂൺ 27 വ്യാഴാഴ്ചയാണ് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുക.

Read Also: ‘കോടിയേരിക്ക് എല്ലാം അറിയാമായിരുന്നു’; നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍

ബിനോയിക്കെതിരായ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ അഭിഭാഷകനാണ് ശ്രീജിത്ത്. ബിനോയ് കോടിയേരിയും അമ്മ വിനോദിനി ബാലകൃഷ്ണനും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ.പി.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏപ്രില്‍ 18 ന് വിനോദിനിയും 29 ന് ബിനോയിയും ചര്‍ച്ചയ്ക്കായി തന്റെ അടുത്ത് എത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നും ശ്രീജിത്ത് പറയുന്നു.

ചര്‍ച്ചയ്ക്ക് ശേഷം കോടിയേരിയുമായി വിഷയത്തെ കുറിച്ച് താന്‍ ഫോണില്‍ സംസാരിച്ചു എന്നാണ് അഭിഭാഷകന്‍ ശ്രീജിത്ത് പറയുന്നത്. വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, ബിനോയ് പറയുന്നത് മാത്രമാണ് അദ്ദേഹം വിശ്വസിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള നീക്കമായാണ് കോടിയേരി വിഷയത്തെ കണ്ടത്. നഷ്ടപരിഹാരമായി ചോദിച്ച തുക നൽകരുതെന്ന് വിനോദിനി ബാലകൃഷ്ണൻ പറയുകയും ചെയ്തെന്ന് അഭിഭാഷകൻ ശ്രീജിത്ത് കൂട്ടിച്ചേർത്തു.

Read Also: അത് ‘വേ’ ഇത് ‘റെ’; ബിനോയ് വിഷയത്തില്‍ കോടിയേരിക്കെതിരെ തിരിഞ്ഞാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം

എന്നാൽ, തനിക്ക് സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് കോടിയേരി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. എഫ്ഐആർ രജിസ്റ്റർ ചെയതപ്പോഴാണ് ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് താൻ അറിഞ്ഞതെന്നുമായിരുന്നു കോടിയേരി പറഞ്ഞത്. പരാതിക്കാരി തന്നെ കോടിയേരി ബാലകൃഷ്ണന് കാര്യങ്ങൾ അറിയാമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇതേ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് ഒന്നും അറിയില്ലെന്ന് പറയുകയായിരുന്നു കോടിയേരി. അതിനു പിന്നാലെയാണ് അഭിഭാഷകൻ ശ്രീജിത്ത് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇത് കോടിയേരിയെ കൂടുതൽ സമ്മർദത്തിലാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.