മുംബൈ: ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി നാളെ വീണ്ടും പരിഗണിക്കും. ഇന്ന് വാദം പൂര്‍ത്തിയായതോടെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയാൻ മാറ്റി. ആദ്യ വിവാഹത്തെ കുറിച്ച് ബിനോയ് അറിയിച്ചില്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഡിഎന്‍എ പരിശോധനയെ കോടതിയില്‍ ബിനോയിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. ബലാത്സംഗത്തിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും ബിനോയിയുടെ കൈയ്യിലുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹരേഖ വ്യാജമാണ്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ഹിന്ദു വിവാഹനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമല്ലെന്നും അഭിഭാഷകന്‍ അശോക് ഗുപ്‌തെ പറഞ്ഞു. ബിനോയിയും യുവതിയും ഒരേ ടവറിന് കീഴിലുളള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ബിനോയ് ആദ്യം വിവാഹം ചെയ്തത് അറിയിച്ചിരുന്നില്ലെന്ന് യുവതിക്കായി കോടതി അനുവദിച്ച അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ വാദിച്ചു. ബിനോയിയും അമ്മയും യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. ബിനോയിയുമായി ഇനി ബന്ധപ്പെടരുതെന്നും അറിയിച്ചിരുന്നു. കുട്ടി ബിനോയിയുടെ തന്നെയാണ്. അതുകൊണ്ടാണ് ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് തയ്യാറാവാത്തതെന്നും വാദിഭാഗം കോടതിയെ അറിയിച്ചു.

Read More: ബിനോയ് കുരുക്കില്‍; കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും ബിനോയിയുടെ പേര്

പുതിയ വാദങ്ങള്‍ രേഖാമൂലം ഇന്നലെ എഴുതി നല്‍കിയിരുന്നു. കഴിഞ്ഞ തവണ സമര്‍പ്പിച്ച വിസ വിവരങ്ങള്‍ക്ക് അനുബന്ധമായ രേഖകളും കോടതിയില്‍ നല്‍കി. പുതിയ വാദങ്ങള്‍ സ്വീകരിക്കരുതെന്നും നീതി നിഷേധിക്കപ്പെടുന്നതിനാല്‍ ഉടന്‍ ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകണം എന്നും ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്‌തെ വാദിച്ചു. ആവശ്യം തള്ളിയ കോടതി പരാതിക്കാരിയുടെ അഭിഭാഷകന്റെ വാദങ്ങളില്‍ പ്രതിഭാഗത്തിന് മറുപടി നല്‍കാന്‍ ഇന്നത്തേക്ക് സമയം അനുവദിക്കുകയായിരുന്നു.

ബിനോയിക്ക് ജാമ്യം കിട്ടുന്ന സാഹചര്യം ഏത് വിധേനയും ഇല്ലാതാക്കുക എന്നതാണ് യുവതിയുടെ ലക്ഷ്യം. ജാമ്യം കിട്ടിയാല്‍ പ്രതി തെളിവുകള്‍ ഇല്ലാതാക്കുമെന്നും യുവതി പറയുന്നു. സാധാരണ ഗതിയില്‍ ലൈംഗിക പീഡന പരാതിയില്‍ വരുന്ന 376 നിലനിൽക്കെ ജാമ്യം കിട്ടാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ യുവതിയുടെ മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെടുത്തി ജാമ്യം നേടുകയാണ് പ്രതിഭാഗത്തിന്റെ ലക്ഷ്യം.

പ്രതിഭാഗം ഇന്ന് കോടതിക്ക് എഴുതി നല്‍കുന്ന വാദമുഖങ്ങളും ഈ സാധ്യതയ്ക്ക് കരുത്ത് പകരുന്ന രീതിയിലാകും. 376 നിലനില്‍ക്കില്ലെങ്കില്‍ ജാമ്യം ലഭിച്ചേക്കുമെന്ന് പ്രതിഭാഗം കരുതുന്നുണ്ട്. ജാമ്യം കിട്ടിയില്ലെങ്കില്‍ ബിനോയിയെ ഉടനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന മുംബൈ പൊലീസ് തീരുമാനമാണ് ബിനോയിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. ജാമ്യം കിട്ടിയില്ലെങ്കില്‍ ഹൈക്കോടതിയെ ഉള്‍പ്പെടെ സമീപിക്കാനും ആലോചനയുണ്ട്. ജാമ്യം കിട്ടാതെ പൊലീസിന് മുന്നില്‍ കീഴടങ്ങേണ്ടെന്ന് തന്നെയാണ് ബിനോയിയുടെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.