തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണ വിധേയനായ തന്റെ മകന്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ബിനോയിക്കു മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,

വിവാദങ്ങൾ ആരംഭിച്ചതിന് ശേഷം മകനെ കണ്ടിട്ടില്ലെന്നും മകൻ എവിടെയാണ് എന്ന് തനിക്കറിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി ഇടപെടേണ്ട പ്രശ്നമല്ല ഇതെന്നും, കുറ്റാരോപിതരെ സംരക്ഷിക്കേണ്ട നിലപാടല്ല പാർട്ടിയുടേതെന്നും സ്വന്തം ചെയ്തികളുടെ ഫലം കുറ്റം ചെയ്തവർ തന്നെ അനുഭവിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

Read More: Kerala News Today Live Updates: പാളത്തിലെ അറ്റകുറ്റപ്പണി: പാസഞ്ചർ, മെമു ട്രെയിനുകൾ റദ്ദാക്കി

ബിനോയ് കുടുംബമായി വേറെയാണ് താമസിക്കുന്നത്. പരാതിയെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. മകനെതിരായ പരാതിയുടെ നിജസ്ഥിതി കണ്ടെത്താൻ പൊലീസ് ശ്രമിക്കണം. പ്രായപൂർത്തിയായ വ്യക്തിയാണ്. അതിനാൽ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ബിനോയിക്ക് തന്നെയാണ്. കുറ്റാരോപിതനെ സംരക്ഷിക്കാൻ താനോ പാർട്ടിയോ സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കേസിനെ കുറിച്ച് ഈ ഘട്ടത്തിൽ എന്തെങ്കിലും അഭിപ്രായം പറയാനില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കാൻ താൻ സന്നദ്ധത അറിയിച്ചു എന്ന വാർത്ത കോടിയേരി ബാലകൃഷ്ൻ തള്ളുകയും ചെയ്തു. മാറി നിൽക്കണമെന്ന് പറയുന്നവർക്ക് മറ്റ് പല അജണ്ടയുമുണ്ടെന്നും കോടിയേരി പറഞ്ഞു.

അതേസമയം ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി. അഭിഭാഷകൻ മുഖേനയാണ് മുംബൈ ദിൻഡോഷിയ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

അതേസമയം, ഒളിവിലുള്ള ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ മുംബൈ പൊലീസ് ആരംഭിച്ചതായും സൂചനയുണ്ട്. ബിനോയിയെ ചോദ്യം ചെയ്യുന്നതിനായി മുംബൈ പൊലീസ് കേരളത്തിലെത്തി തങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ബിനോയിയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുന്നതെന്നാണ് വിവരം. മുംബൈയിലെ ഓഷിവാര സ്റ്റേഷനിലെ ഇൻസ്പെക്ടർ വിനായക് ജാദവ്, കോൺസ്റ്റബിൾ ദേവാനന്ദ് പവാർ എന്നിവരാണ് കേരളത്തിലെത്തിയിരിക്കുന്നത്.

ബിനോയിയും പീഡനാരോപണം ഉന്നയിച്ച യുവതിയും മുംബൈയില്‍ ഒരുമിച്ചു താമസിച്ചതിനുള്ള തെളിവ് പൊലീസിനു നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേരളത്തിലെത്തി ബിനോയിക്കായി അന്വേഷണം നടത്തിയത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ മാസം 13-നാണ് യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.