തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ഇന്ന് തുടക്കം. ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ്​ കേസ് വിവാദം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വെട്ടിലാക്കിയ സാഹചര്യത്തില്‍ നേതൃയോഗത്തില്‍ വിഷയം ചര്‍ച്ചയാകും. ബിനോയ്‍ക്കെതിരെ കേസും യാത്രാവിലക്കും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് തിരിച്ചടിയായ സാഹചര്യത്തിലാണ് വിഷയം ചര്‍ച്ചയ്ക്ക് എടുക്കുക.

ഇതിനിടെ ബിനോയ്​ പ്രതിയായ സാമ്പത്തിക തട്ടിപ്പ്​ കേസ്​ ഒത്തുതീർപ്പിലേക്കെന്നാണ്​ സൂചന. പണം നഷ്​ടപ്പെട്ട യുഎഇ പൗരന്​ നഷ്ടപരിഹാരം നൽകി കേസ്​ അവസാനിപ്പിക്കാനാണ്​ നീക്കം. യാത്രാവിലക്ക്​ ​ഏർപ്പെടുത്തിയതിനെ തുടർന്ന്​ യുഎഇയിൽ കുടുങ്ങിയ ബിനോയ്ക്ക്​ നാട്ടിലേക്ക്​ മടങ്ങണമെങ്കിൽ 1.71 കോടി രൂപ ഉടൻ നൽകണം.

പണം നൽകിയില്ലെങ്കിൽ ജയിൽ ശിക്ഷയിലേക്ക്​ കാര്യങ്ങൾ നീങ്ങുമെന്ന് കണ്ടതാണ്​ ഒത്തുതീർപ്പിന്​ ആക്കം കൂട്ടിയത്​. വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന​ സിപിഎം നേതാക്കളുടെ സമ്മർദവും മറ്റൊരു കാരണമാണ്​. സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളായ യുഎഇ സ്വദേശികളും ബിനോയ് കോടിയേരിയുമായി അടുപ്പമുള്ളവരും ഡൽഹിക്ക്​ പുറമെ കോട്ടയം കുമരകത്തുള്ള ആഡംബര ഹോട്ടലിലും ചർച്ച നടത്തിയാണ്​ ഒത്തുതീർപ്പ്​ വ്യവസ്​ഥകൾ രൂപപ്പെടുത്തിയത്​. ഇടനിലക്കാരുടെ സാന്നിധ്യത്തിൽ ദുബായിലും ചർച്ച നടന്നു.

ജിസിസിയിലെ ഒരു എൻആർഐ പ്രമുഖ​ന്‍റെ മധ്യസ്​ഥതയിലാണ്​ ഒത്തുതീർപ്പ്​ നീക്കം. ബിനോയ്ക്ക്​ വേണ്ടി സാമ്പത്തിക സഹായം ചെയ്യാൻ തയ്യാറാണെന്ന്​​ വ്യവസായ പ്രമുഖർ സമ്മതിച്ചതായും വിവരമുണ്ട്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.