തൃശ്ശൂർ: മകൻ ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ച പ്രശ്നങ്ങളൊന്നും തനിക്ക് മുന്നിലില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിനോയ് ദുബായിൽ ഉളളപ്പോൾ യുഎഇ പൗരൻ എന്തിന് കേരളത്തിൽ എത്തി ബുദ്ധിമുട്ടുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. അപ്പോൾ പിന്നെ യുഎഇ പൗരൻ ഇവിടെ കറങ്ങി നടക്കേണ്ട കാര്യമില്ലല്ലോ?. പ്രശ്നങ്ങളുണ്ടെങ്കിൽ ഗൾഫിലെ നിയമം അനുസരിച്ച് തീർക്കണമെന്നും കോടിയേരി പറഞ്ഞു.

മകന്റെ പണമിടപാട് സംബന്ധിച്ച് ഒരു യുഎഇ പൗരനും തന്നെ വന്നു കണ്ടിട്ടില്ല. ബിനോയ് തന്നെ കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. തനിക്ക് മുന്നിൽ യാതൊരു പ്രശ്നവുമില്ല. ഇല്ലാത്ത പ്രശ്നം എങ്ങനെ പരിഹരിക്കും. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ. ഏതെങ്കിലും മാധ്യമവാർത്തയിൽ തകരുന്നതല്ല പാർട്ടിയെന്നും കോടിയേരി പറഞ്ഞു.

അതേസമയം, ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖി ഇന്ത്യയിൽ എത്തിയെന്നാണ് സൂചന. അദ്ദേഹം ഇപ്പോൾ ഡൽഹിയിൽ ഉണ്ടെന്നാണ് വിവരം. ബിനോയ് ഉൾപ്പെട്ട പണമിടപാട് കേസിൽ കമ്പനി അന്ത്യശാസനം നൽകിയിരുന്നു. ഫെബ്രുവരി അഞ്ചിനകം പണമിടപാട് ഒത്തുതീർപ്പാക്കണമെന്നും അല്ലെങ്കിൽ വാർത്താ സമ്മേളനം നടത്തി എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ പേരില്‍ കോടികള്‍ ലോണ്‍ എടുത്ത് മുങ്ങിയെന്നാണ് ബിനോയ്ക്കെതിരെയുള്ള ആരോപണം. ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ