മുംബൈ: ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തനിക്കെതിരായി രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബിനോയ് മുംബൈ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. മറ്റന്നാൾ ഹർജി മുംബൈ ഹൈക്കോടതി പരിഗണിക്കും.
മുംബൈ ദിൻദോഷി കോടതിയിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ബിഹാർ സ്വദേശിനിയായ യുവതി നൽകിയ കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിള്‍ ശേഖരിക്കാനാണ് മുംബൈ പൊലീസിന്റെ തീരുമാനം.
Read More: പീഡനക്കേസ്: ബിനോയ് കോടിയേരി പൊലീസ് സ്റ്റേഷനില്‍ ഹാജരായി
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിലുളള എട്ടു വയസുള്ള കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവ് നൽകണമെന്നുമാണ് യുവതിയുടെ പരാതി.
കഴിഞ്ഞ തവണ ഹാജരായപ്പോൾ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിൾ നൽകിയിരുന്നില്ല. മറ്റു തടസങ്ങളില്ലെങ്കിൽ ഇന്ന് ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ ബിനോയിയെ എത്തിച്ച് രക്ത സാമ്പിള്‍ എടുക്കും. അതേസമയം, എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനാൽ ഇന്നും രക്തസാമ്പിൾ നൽകാൻ ബിനോയ് കോടിയേരി തയ്യാറായേക്കില്ല.
Read More: ജാമ്യം കിട്ടിയതോടെ വെളിച്ചത്ത് വന്ന് ബിനോയ്; ബുധനാഴ്ച രാത്രി മുംബൈക്ക് പറന്നു
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ദിൻദോഷി സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്.
ദുബായിലെ ഡാൻസ് ബാർ ജീവനക്കാരിയായിരുന്ന യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേൽ ഓഷിവാര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2009 മുതൽ 2018 വരെ ബിനോയ് താനുമായി ബന്ധം തുടർന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
2010 ഫെബ്രുവരി മുതല്‍ മുംബൈയില്‍ ഫ്ലാറ്റ് എടുത്ത് താമസിപ്പിച്ചും ബന്ധം തുടർന്നിരുന്നുവെന്നും ജൂലൈയിൽ തനിക്കൊരു ആൺകുഞ്ഞ് പിറന്നുവെന്നും പരാതിയിൽ പറയുന്നു. ഈ സമയത്തും പിന്നീടും ബിനോയ് തന്നെ സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. നേരത്തെ ചെലവിനുള്ള പണം നല്‍കിയെങ്കിലും 2015ന് ശേഷം പണമൊന്നും തന്നില്ലെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.