തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. എനിക്കെതിരെ യാതൊരു പരാതിയും ദുബായ്‌ കോടതിയിലും പൊലീസിലുമില്ല. പരാതി വ്യാജമാണെന്നും അതുകൊണ്ട് വിഷയത്തില്‍ കൂടുതൽ പ്രതികരിക്കാനില്ലെന്നും ബിനോയ് കോടിയേരി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്തമകനാണ് ബിനോയ്. 2014 ല്‍ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഇപ്പോള്‍ ആരോപണമായി വരുന്നതെന്ന് ബിനോയ് പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഇത് വിവാദമാക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ബിനോയ് പറഞ്ഞു.

ദുബായിലെ കമ്പനിയുടെ പേരില്‍ കോടികള്‍ ലോണ്‍ എടുത്ത് മുങ്ങിയെന്നാണ് ബിനോയ്ക്കെതിരെയുള്ള പരാതി. ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. പ്രതിയെ ദുബായിലെ കോടതിയിൽ ഹാജരാക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടാൻ നീക്കം നടക്കുന്നുണ്ട്. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടേതാണു പരാതി. പ്രശ്നപരിഹാരത്തിന് അവർ പാർട്ടിയുടെ ഇടപെടൽ‍ ആവശ്യപ്പെട്ടതായാണു സൂചന. കമ്പനി അധികൃതര്‍ സിപിഎം പോളിറ്റ് ബ്യൂറോയ്ക്കും പരാതി നല്‍കി. ഈ കാര്യം പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ വാദം. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇത് ഉണ്ടായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.