തിരുവനന്തപുരം: തനിക്കെതിരായ പീഡന പരാതി നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി. പരാതിക്കാരി തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, യുവതിയെ തനിക്ക് അറിയാമെന്നും അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ആറു മാസം മുമ്പ് ഇവർ തനിക്ക് കത്ത് നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു.
ദുബായിലെ ഡാൻസ് ബാർ ജീവനക്കാരിയായിരുന്ന യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ പരാതിയിന്മേൽ ഓഷിവാര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് തങ്ങളുടെ പക്കൽ ഉള്ളതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്. 2009 മുതൽ 2018 വരെ ബിനോയ് താനുമായി ബന്ധം തുടർന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നതെന്നും, ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
2010 ഫെബ്രുവരി മുതല്‍ മുംബൈയില്‍ ഫ്ലാറ്റ് എടുത്ത് താമസിപ്പിച്ചും ബന്ധം തുടർന്നിരുന്നുവെന്നും ജൂലൈയിൽ തനിക്കൊരു ആൺകുഞ്ഞ് പിറന്നുവെന്നും പരാതിയിൽ പറയുന്നു. ഈ സമയത്തും പിന്നീടും ബിനോയ് തന്നെ സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. നേരത്തെ ചെലവിനുള്ള പണം നല്‍കിയെങ്കിലും 2015ന് ശേഷം പണമൊന്നും തന്നില്ലെന്നും യുവതി എഫ്ഐആറില്‍ പറയുന്നുണ്ട്.
അതേസമയം, പരാതിക്കാരിയിൽ തനിക്ക് എട്ടുവയസുള്ള കുട്ടിയുണ്ടെന്ന കാര്യത്തില്‍ അവരെ താന്‍ വെല്ലുവിളിച്ചിരുന്നതാണെന്നും, അങ്ങനെയാണെങ്കില്‍ തന്നെ ഇന്നത് തെളിയിക്കാന്‍ ശാസ്ത്രീയമായ നിരവധി മാര്‍ഗങ്ങളുണ്ടെന്നും അതിനൊന്നും ഈ സ്ത്രീ തയ്യാറാവുന്നില്ലെന്നും ബിനോയ് കോടിയേരി പറഞ്ഞു. നേരത്തേ ഇവർ തന്നെ ബ്ലാക്മെയിൽ ചെയ്തപ്പോൾ കണ്ണൂർ ഐജിക്ക് പരാതി നല്‍കിയിരുന്നു എന്നും ഇതിൽ അന്വേഷണം നടക്കവെയാണ് പുതിയ ആരോപണങ്ങളുമായി ഇവർ രംഗത്തെത്തിയിരിക്കുന്നതെന്നും ബിനോയ് പറഞ്ഞു.
മുംബൈ അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഓഷിവാര പൊലീസ് കേസെടുത്തു.