മുംബൈ: ലൈംഗികാരോപണ കേസില്‍ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിനും കോടതി വിലക്ക് ഏര്‍പ്പെടുത്തി. മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയുടേതാണ് നടപടി. യുവതിയുടെ വാദം വീണ്ടും കേള്‍ക്കാന്‍ കോടതി സമ്മതിച്ചു. കൂടുതല്‍ വാദം കേള്‍ക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. യുവതിക്കായി പുതിയ അഭിഭാഷകനെ വയ്ക്കാനും കോടതി അനുമതി നല്‍കി. പുതിയ വാദങ്ങള്‍ എഴുതി നല്‍കാനും അറിയിച്ചിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം യുവതിക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാകുന്നതായും കോടതി പറഞ്ഞു.

Read Also: ‘കണ്ടവരുണ്ടോ?’; ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ബിനോയ് അയച്ച വീസാ രേഖകളും വിമാന ടിക്കറ്റുകളും കോടതിയില്‍ നല്‍കും. 2015 ഏപ്രിൽ ഒന്നിനാണ് ബിനോയ് യുവതിക്കും കുട്ടിക്കുമായി വീസ അയച്ചത്. ദുബായ്ക്ക് പോകാനുള്ള വീസയും ടിക്കറ്റുമാണ് നൽകിയത്. ഇത് ബിനോയിയുടെ മെയിൽ വഴിയാണ് അയച്ചതെന്നും വാദിച്ചു. ജാമ്യാപേക്ഷയില്‍ ബിനോയ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

Read Also: അത് ‘വേ’ ഇത് ‘റെ’; ബിനോയ് വിഷയത്തില്‍ കോടിയേരിക്കെതിരെ തിരിഞ്ഞാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം

മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്ന ശേഷമേ ബിനോയിയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കടക്കൂ എന്ന് പൊലീസും നേരത്തെ വ്യക്തമാക്കിയിരുന്നു. ബിനോയിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്ന ശേഷമേ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കൂ എന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ, കഴിഞ്ഞ ദിവസം ലുക്കഔട്ട് നോട്ടീസ് ഇറക്കുകയായിരുന്നു. കേരളത്തിൽ ബിനോയിക്ക് വേണ്ടി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കേരള പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. വിദേശത്തേക്ക് ബിനോയ് കടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നായിരുന്നു പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ദുബായ് ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന ബിഹാർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ് കോടിയേരിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ എട്ട് വയസുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.