മുംബൈ: ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഡിഎൻഎ ടെസ്റ്റിനും ബിനോയ് ഹാജരായി. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

നേരത്തെ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് മുംബൈയിൽ എത്തി പൊലീസിന് മുന്നിൽ ഹാജരായിരുന്നു. പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് ജൂലൈ മൂന്നിനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം, ഒരു ആൾ ജാമ്യം, ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യമനുവദിക്കുന്നത് മനുഷ്യാവകാശത്തിന്റെ പേരിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് ഹാജരാകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

ദുബായിലെ ഡാൻസ് ബാ‍‌ർ ജീവനക്കാരിയായിരുന്ന യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേൽ ഓഷിവാര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2009 മുതൽ 2018 വരെ ബിനോയ് താനുമായി ബന്ധം തുടർന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

2010 ഫെബ്രുവരി മുതല്‍ മുംബൈയില്‍ ഫ്ലാറ്റ് എടുത്ത് താമസിപ്പിച്ചും ബന്ധം തുടർന്നിരുന്നുവെന്നും ജൂലൈയിൽ തനിക്കൊരു ആൺകുഞ്ഞ് പിറന്നുവെന്നും പരാതിയിൽ പറയുന്നു. ഈ സമയത്തും പിന്നീടും ബിനോയ് തന്നെ സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. നേരത്തെ ചെലവിനുള്ള പണം നല്‍കിയെങ്കിലും 2015ന് ശേഷം പണമൊന്നും തന്നില്ലെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.