കൊച്ചി: അമൃത ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരെ കേസെടുത്തു. മതസ്പർധ വളർത്താൻ ശ്രമിച്ചതിനാണ് എറണാകുളം കടവൂർ സ്വദേശിയായ ബിനിൽ സോമസുന്ദരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. 153-എ വകുപ്പ് പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് സ്വമേധയാ കേസെടുത്തത്.
സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പൊലീസ് നടപടി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ വർഗീയ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. ബിനിൽ സോമസുന്ദരത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായി പരാതിക്കാരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇന്നലെ വൈകുന്നേരത്തോടെ ആംബുലന്‍സിൽ അമൃതയിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെതിരെയാണ് വർഗീയ അധിക്ഷേപം നടത്തി ബിനില്‍ സോമസുന്ദരം ഫെയ്സ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം ഫെയ്സ്ബുക്കിൽ കുറിച്ചത്.
‘കെഎല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായി കേരളമാകെ തടസമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനിലിന്റെ ഫെയ്സ്ബുക്കിൽ കുറിപ്പ്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ചു. അതിനു ശേഷം തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്ന് ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു.എന്നാൽ, ഇതേ പോസ്റ്റ് ട്വിറ്ററിലും ഇയാൾ ഇട്ടിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ട്വീറ്റ് പിൻവലിക്കാൻ മറന്നതോടെ ഇയാൾ വെട്ടിലാകുകയായിരുന്നു.