ദുബൈ: വായ്പ തിരിച്ചടക്കാത്തതിനു കേസിൽപ്പെട്ടിരുന്ന ബിനീഷ്​ കോടിയേരി ദുബൈയിലെത്തി. ബുര്‍ജ് ഖലീഫയുടെ മുമ്പില്‍ നിന്ന് ദൃശ്യങ്ങള്‍ ഫെയ്സ്ബുക്ക് ലൈവായാണ് പ്രദര്‍ശിപ്പിച്ചത്. താന്‍ എന്താണെന്ന് ബോധിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് ലൈവില്‍ വന്നതെന്ന് ബിനീഷ് പറഞ്ഞു.
കേസിനെ കുറിച്ച്​ യാതൊന്നും പരാമർശിക്കാതിരുന്ന ബിനീഷ് ​ കടലിൽ കുളിക്കുന്നവനെ കുളത്തി​​ന്റെ ആഴം കാണിച്ച് പേടിപ്പിക്കരുതെന്നും ഓർമിപ്പിച്ചു.

സാംബാ ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ ഡിസംബർ പത്തിനു ദുബൈ കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു. ബർദുബൈ പൊലീസ് സ്റ്റേഷനിൽ 2015 ആഗസ്റ്റ് ആറിനു റജിസ്റ്റർ ചെയ്ത കേസിലായിരുന്നു വിധി. യു.എ.ഇയിലെത്തിയാൽ അറസ്റ്റിലാകുമെന്ന സ്ഥിതിയായിരുന്നു. എന്നാൽ, തുക നൽകി കേസ്​ ഒത്തു തീർപ്പാക്കിയ ശേഷമാണ്​ ബിനീഷ്​ ദുബൈയിലെത്തിയതെന്നാണ്​ റിപ്പോർട്ട്.​

ബിനീഷിന്റെ സഹോദരന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് വരുന്ന ഞായറാഴ്ച ബിനോയ് ദുബായില്‍നിന്ന് നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. പണം കൊടുക്കാതെയാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് ബിനോയ് വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.