കൊച്ചി: തിരുവനന്തപുരം വിമാനത്താവളം ആസ്ഥാനമാക്കിയുള്ള സ്വർണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല. താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ വിട്ടയച്ചത്. ചോദ്യം ചെയ്യലിലൂടെ ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിക്കും. ഇത് വരെ ലഭ്യമായ രേഖകള്‍ മൊഴികള്‍, മറ്റു തെളിവുകള്‍ എന്നിവയുമായി മൊഴി താരതമ്യം ചെയ്യും. ഇതിന് ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
രാവിലെ പതിനൊന്ന് മണിക്കായിരുന്നു ചോദ്യം ചെയ്യൽ ആരംഭിച്ചത്. വൈകിട്ട് ആറ് മണിയോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചെന്നൈ ജോയിന്റെ ഡയറക്ടര്‍ ജയഗണേഷും ചോദ്യം ചെയ്യലിൽ പങ്കുചേര്‍ന്നു. ചോദ്യം ചെയ്യല്‍ അവസാനിച്ച് പുറത്തിറങ്ങിയ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ഒരു മാസമായി നടത്തിയ പ്രാഥമിക അന്വേക്ഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
Read More: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു വിട്ടയച്ചു
സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട ഹവാല ,ബിനാമി ഇടപാടുകളെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായി നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു.
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് ഉയർന്നു കേട്ടിരുന്നു. മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അനൂപുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണത്തിന് പിറകേയാണ് ഈ വിഷയം ചർച്ചയായത്. തനിക്ക് വളരെ അടുത്ത് അറിയുന്ന ആളാണ് അനൂപെന്നും എന്നാല്‍ അനൂപിന് ഇത്തരം ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ഇതിന് ബിനീഷ് കോടിയേരി മറുപടി പറഞ്ഞത്.
ചോദ്യം ചെയ്യലിൽ ബിനീഷ് തനിക്ക് ഹോട്ടൽ തുടങ്ങാൻ ആറ് ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നൽകി. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. ഇത് അനധികൃത പണം ഇടപാടുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
സ്വർണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംപിങ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കേസിൽ മറ്റൊരു പ്രതിയായ കെടി റമീസ് ബംഗളൂരുവിലുള്ള ബിനീഷിന്റെ കമ്പിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും എൻഫോഴ്സ്മെന്റ് സംശയിക്കുന്നു.