തിരുവനന്തപുരം: റെയ്‌ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. റെയ്‌ഡ് സംബന്ധിച്ച രേഖകളിൽ ഒപ്പിടാൻ ഇ ഡി നിർബന്ധിച്ചുവെന്നും ഒപ്പിട്ടിട്ടില്ലെങ്കിൽ ബിനീഷ് കൂടുതൽ കുടുങ്ങുമെന്നു ഭീഷണിപ്പെടുത്തിയതായി റെനീറ്റ ആരോപിച്ചു.
ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ ‘കോടിയേരി’ വീട്ടിൽ ഇന്നലെ രാവിലെ ഒൻപതിന് ആരംഭിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടപടികൾഏതാനും സമയം മുൻപാണ് അവസാനിച്ചത്. ഇതേത്തുടർന്നാണ് ബിനീഷിന്റെ ഭാര്യ റെനീറ്റയ്ക്കും രണ്ടുവയസുള്ള കുഞ്ഞിനും ഭാര്യാമാതാവിനും വീടിനു പുറത്തിറങ്ങാൻ സാധിച്ചത്. ഇവരെ ഇ ഡി തടഞ്ഞുവച്ചിരിക്കുകയാണെന്നും കാണാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് ബന്ധുക്കൾ വീടിനു പുറത്ത് കുത്തിയിരിപ്പ് ആരംഭിച്ചതിനു പിന്നാലെയാണ് കുടുംബം പുറത്തെത്തിയത്.
ഇ ഡിക്ക് റെയ്ഡിൽ ആകെ കിട്ടിയത് അമ്മയുടെ ഐഫോൺ മാത്രമാണെന്നു റെനീറ്റ പറഞ്ഞു. അതു കൊണ്ടുപോയി. അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാർഡ് കിട്ടിയെന്നു പറഞ്ഞ് ഇതുസംബന്ധിച്ച രേഖയിൽ ഒപ്പിടാൻ നിർബന്ധിച്ചു. കാർഡ് ഇവിടെയുള്ളതല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. അത് ഇവിടെ മനപൂർവം കൊണ്ടുവന്നിട്ടതാണ്. അതുകൊണ്ട് ഒപ്പിട്ടില്ല. കാർഡ് ഇവിടെനിന്ന് കിട്ടയതല്ലെന്നും നിങ്ങൾ കൊണ്ടുവന്നതാണെന്ന് എഴുതിയിട്ട് ഒപ്പിടാമെന്നും പറഞ്ഞു.
ഇന്നലെ വൈകീട്ട് ആറു മുതൽ ഒപ്പിടാൻ ഇ ഡി നിർബന്ധിക്കുകയായിരുന്നുവെന്ന് റെനീറ്റ മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് കൂടുതൽ കുടുങ്ങുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. കുടുങ്ങിയാലും ഞാൻ ജയിലിൽ പോയാലും സാരമില്ല ഒപ്പിടില്ലെന്ന് പറഞ്ഞു. ശനിയാഴ്ച വരണം എന്നുണ്ടെങ്കിൽ ഒപ്പിടണമെന്നും ബിനീഷ് പറഞ്ഞാൽ ഒപ്പിടുമോയെന്നും ചോദിച്ചു. ആരു പറഞ്ഞാലും ഒപ്പിടില്ലെന്ന് പറഞ്ഞു. റെയ്ഡ് നടക്കുമ്പോൾ അമ്മയും കുഞ്ഞുമായി താഴത്തെ മുറിയിലാണ് ഇരുന്നത്. ഇഡി ഉദ്യോഗസ്ഥരും സിആർപിഎഫുമായിരുന്നു താഴെയും മുകളിലും ഉണ്ടായിരുന്നതെന്നും റെനീറ്റ പറഞ്ഞു.
റെയ്‌ഡ് കുറച്ചുനേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബാക്കി സമയമെല്ലാം ഉദ്യോഗസ്ഥർ വെറുതെയിരിക്കുകയായിരുന്നുവെന്നും റെനീറ്റ ആരോപിച്ചു. റെയ്ഡ് കഴിഞ്ഞ കാര്യം പുറത്തുപറഞ്ഞുകൂടെയെന്നും ഇത്ര നേരം നീളുവെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കില്ലേയെന്നും താൻ ഉദ്യോഗസ്ഥരോട് ചോദിച്ചതായും റെനീറ്റ പറഞ്ഞു. ഇ ഡി ഉദ്യോഗസ്ഥർ കൂടുതൽ സമയവും ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നെന്ന് റെനീറ്റയുടെ അമ്മയും പറഞ്ഞു.
ബിനീഷ് കോടിയേരി ബോസും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛൻ മാത്രമാണെന്നും റെനീറ്റ കരഞ്ഞുകൊണ്ട് പറഞ്ഞു. ബിനീഷിന് കുറച്ചു സുഹൃത്തുക്കൾ മാത്രമാണുള്ളതെന്നും മറ്റെല്ലാം കളവാണെന്നും റെനീറ്റ പറഞ്ഞു.
റെനീറ്റയുടെ വാക്കുകൾ
“ക്രെഡിറ്റ് കാർഡ് അവർ കൊണ്ടുവന്നിട്ടത് തന്നെയാണ്. അമ്മയുടെ ഐ ഫോൺ മാത്രമാണ് അവർ കൊണ്ടുപോയത്. കാർഡ് കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. രേഖയിൽ ഒപ്പിടില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു; ഒപ്പിടാതെ ഇവിടെ നിന്ന് ഇറങ്ങാൻ പോകുന്നില്ല. ബിനീഷിനെ രക്ഷപ്പെടുത്തണമെന്നുണ്ടെങ്കിൽ ഇതിൽ ഒപ്പിടണം. കുടുങ്ങിയാലും പ്രശ്നമില്ല, ഞാൻ ജയിലിൽ പോയാലും പ്രശ്നമില്ല. രേഖയിൽ ഒപ്പിടാൻ പോകുന്നില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാനും കുഞ്ഞും അമ്മയും താഴെയാണ് ഇരുന്നത്. വീട്ടിൽ നിന്ന് ഒന്നും അവർക്ക് കിട്ടിയിട്ടില്ല. ഒപ്പിടാൻ പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു. ക്രെഡിറ്റ് കാർഡ് ഈ വീട്ടിൽ നിന്ന് കിട്ടിയതല്ലെന്ന് എനിക്ക് ഉറപ്പാണ്. കാർഡ് ഇവിടെ നിന്ന് കിട്ടിയതല്ല, നിങ്ങൾ കൊണ്ടുവന്നിട്ടതാണെന്ന് എഴുതി ഒപ്പിടാമെന്ന് പറഞ്ഞപ്പോൾ അവർ അത് പറ്റില്ലെന്ന് പറഞ്ഞു. ബിനീഷ് പറഞ്ഞാൽ ഒപ്പിടുമോ എന്ന് അവർ ചോദിച്ചു. ബിനീഷ് ശനിയാഴ്‌ച പുറത്തുവരണമെങ്കിൽ ഇതിൽ ഒപ്പിടണമെന്ന് അവർ പറഞ്ഞു,”
ഇ ഡിക്കെതിരെ ബിനീഷിന്റെ കുടുംബം കോടതിയിൽ
അതിനിടെ, ഇ ഡിക്കെതിരെ ബിനീഷിന്റെ കുടുംബം സിജെഎം കോടതിയിൽ ഹർജി നൽകി. ബിനീഷിന്റെ അഭിഭാഷകൻ മുരിക്കുംപുഴ വിജയകുമാർ ഇന്നലെ മരുതംകുഴിയിലെ വീട്ടിൽ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിക്കാൻ എൻഫോഴ്‌സ്‌മെന്റ് അനുവദിച്ചിരുന്നില്ല. ബിനീഷിന്റെ കുട്ടിയെ അന്യായമായി തടവിൽ വച്ചതായി അഭിഭാഷകൻ ആരോപിച്ചു.
ബിനീഷിനെ കുട്ടി ഉൾപ്പെടെയുള്ളവരെ പുറത്തുവിടാത്ത സാഹചര്യത്തിൽ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ബിനീഷിന്റെ കുട്ടിയുടെ അവകാശം ലംഘിക്കപ്പെട്ടുവെന്നും നടപടിയെടുക്കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ബാലാവകാശ കമ്മിഷന്‍ വിവരം പൊലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് എൻഫോഴ്സ്മെന്റ് സംഘത്തെ ബന്ധപ്പെട്ടതായാണു വിവരം.
റെയ്ഡ് നടപടികൾ നീളുന്നതിനിടെ ബിനീഷിന്റെ കുടുംബത്തെ കാണാൻ മാതൃസഹോദരിയും മക്കളും എത്തിയിരുന്നു. ഇവരെ, എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ സുരക്ഷയ്ക്കായി എത്തിയിരുന്ന സിആർപിഎഫ് സംഘം അകത്തേക്കു കടത്തിവിട്ടില്ല. തുടർന്ന് ബിനീഷിന്റെ മാതൃസഹോദരിയും മക്കളും ഇന്നു രാവിലെ വീടിനുപുറത്ത് സത്യഗ്രഹം നടത്തിയിരുന്നു.
ബെംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ ബിനീഷിനെതിരെ കൂടുതൽ കുരുക്ക് മുറുക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്. ബിനീഷുമായി ബന്ധപ്പെട്ട എട്ടിടങ്ങളിൽ ഒരേ സമയം ഇന്നലെ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ് നടത്തിയിരുന്നു. അതിൽ ബിനീഷിന്റെ വീട് ഒഴികെ മറ്റെല്ലായിടത്തുമുള്ള പരിശോധന ഇന്നലെ രാത്രിയോടെ പൂർത്തിയായി. ബിനീഷിന്റെ വീട്ടിൽ റെയ്‌ഡ് 24 മണിക്കൂർ പിന്നിടുമ്പോൾ എൻഫോഴ്സ്മെന്റ് സംഘം ഇന്നു മാറിയിരുന്നു. ഇവരുടെ സുരക്ഷയ്ക്കായി വീടിനു പുറത്തുണ്ടായിരുന്ന സിആർപിഎഫ് സംഘവും മാറി.
Read Also:ബിനീഷ് കോടിയേരി തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ: സീതാറാം യെച്ചൂരി
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് പുറമെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്‌മനാഭൻ, അരുൺ വർഗീസ്, അബ്‌ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്‌ദുൾ ലത്തീഫ് എന്നിവരുടെ വീടുകളിലും, കാർ പാലസിന്റെ ഓഫീസിലും ഓൾഡ് കോഫി ഹൗസ് പാർട്‌ണർ ആനന്ദ് പദ്‌മനാഭന്റെ കുടപ്പനകുന്നിലെ വീട്ടിലും, തലശ്ശേരിയിലുമാണ് എൻഫോഴ്‌സ്‌മെന്റ് ഒരേസമയം പരിശോധന നടത്തിയത്.
ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിമെന്റ് ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. ബിനീഷിന്റെ പേരിലുള്ള ‘കോടിയേരി’ എന്ന വീട്ടിൽ ഇന്നലെ രാവിലെ ഒൻപത് മണിയോടെ ആറംഗ ഇ.ഡി സംഘം എത്തിയെങ്കിലും വീട്ടില്‍ ആരുമില്ലായിരുന്നു. താക്കോല്‍ കിട്ടാത്തതിനാല്‍ അകത്ത് കയറാനും കഴിഞ്ഞില്ല. തുടര്‍ന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവര്‍ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്.