കൊച്ചി: ലഹരിമരുന്ന് കടത്തുകേസിലെ പ്രതിക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനു വിധേയനാകാൻ ബിനീഷ് കോടിയേരി ബെംഗളൂരുവിന് പുറപ്പെട്ടു. നാളെ രാവിലെ ബെംഗളൂരുവിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ.
ഇന്നു രാവിലെ പത്തിനാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബിനീഷ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ബിനീഷിനോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
ലഹരിമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന് നല്‍കിയ പണത്തിന്റെ ഉറവിടം സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് വിവരം തേടുന്നത്. ബെംഗളൂരു ശാന്തി നഗറിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷിന് നേരത്തെ നോട്ടീസ് ലഭിച്ചത്.
Read Also: ബിനീഷ് കോടിയേരിക്കെതിരെ ഇഡി; സ്വത്ത് ക്രയവിക്രയം വിലക്കി
ബെംഗളൂരു ലഹരിമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ബെംഗളൂരുവിലെ ഹോട്ടൽ ബിസിനസിനടക്കം ബിനീഷ് വലിയ തുക നൽകിയിരുന്നതായി അനൂപ് നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, ലഹരിമരുന്ന് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബിനീഷ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നടന്ന ചോദ്യം ചെയ്യലിലും അനൂപിന്റെ ലഹരിമരുന്ന് ബിസിനസിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിനീഷ് മൊഴി നൽകിയിട്ടുണ്ട്.