കൊച്ചി: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടും. വ്യാഴാഴ്ച ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ ബിനീഷിനോട് വിശദീകരണം തേടാൻ തീരുമാനമായതായി സംഘടന അറിയിച്ചു. സംഘടനയിൽ നിന്ന് ബനീഷിനെ പുറത്താക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടതായും എന്നാൽ ഇപ്പോൾ ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സംഘടന എത്തിയതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

അതേസമയം നടി പാർവതി തിരുവോത്തിന്റെ രാജി സംഘടന സ്വീകരിച്ചു. തന്റെ സുഹൃത്തായ നടിയുമായി ബന്ധപ്പെട്ട് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ ഒരു പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു പാർവതി രാജി സമർപ്പിച്ചത്.

സംഘടനയുടെ സാമ്പത്തിക ഭദ്രതക്ക് വേണ്ടി ഒരു സിനിമ നിർമിക്കാനും യോഗത്തിൽ തീരുമാനമായി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു

കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ഈ മാസം 11ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. 14 ദിവസത്തേക്കാണ് 34-ാം അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി ബിനീഷിനെ റിമാന്‍ഡ് ചെയ്തത്.

ഈ മാസം 17ന് ബെംഗളൂരു ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നർക്കോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നു. എൻസിബി കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

Read More: ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരി നർക്കോട്ടിക്‌സ് ബ്യൂറോയുടെ കസ്റ്റഡിയിൽ

ഒക്ടോബര്‍ 29നാണ് ലഹരിമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇ.ഡി ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്.

ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും ബിനാമി ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായി ബിനീഷിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തി ഇഡി റെയ്ഡ് നടത്തിയിരുന്നു. ഒരു ദിവസത്തില്‍ അധികം നീണ്ടുനിന്ന റെയ്ഡില്‍ ബിനീഷിന്റെ കുട്ടിയെയുള്‍പ്പടെ വീട്ടുതടങ്കലിലാക്കി എന്ന് കുടുംബം ചുണ്ടിക്കാട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.