തിരുവനന്തപുരം: പീഡനക്കേസിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവും കോവളം എംഎൽഎ യുമായ എം.വിൻസന്റിന്റെ രാജിക്കായി മുറവിളി ഉയരുന്നു. കോൺഗ്രസിലെ മുതിർന്ന വനിത നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനുമാണ് രാജി ആവശ്യം ഉയർത്തിയിരിക്കുന്നത്. കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസ്സനോടും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ഇരുവരും ഇക്കാര്യം ആവശ്യപ്പെട്ടു.

അതേസമയം ഇപ്പോൾ പൊലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്ന വിൻസന്റിന്റെ അറസ്റ്റും ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും. മജിസ്ട്രേറ്റ് മുൻപാകെ വീട്ടമ്മ മൊഴി നൽകിയ സാഹചര്യത്തിലാണ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തുക. അറസ്റ്റ് ഒഴിവാക്കുന്നതിനായി എംഎൽഎ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്. ആഥ്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നതായാണ് മുൻകൂർ ജാമ്യാപേക്ഷയിൽ എംഎൽഎ ആരോപിച്ചിരിക്കുന്നത്.

എംഎൽഎ യ്ക്കെതിരെ ഫോൺ രേഖകളടക്കം നിരവധി തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പാറശാല എസ്ഐ യുടെ നേതൃത്വത്തിലാണ് എംഎൽഎയുടെ മൊഴിയെടുക്കുന്നത്. അതേസമയം എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. എംഎൽഎ ഹോസ്റ്റലിലേക്കായിരുന്നു മാർച്ച്.

കടയില്‍ വച്ച് എംഎല്‍എ തന്നെ കയറിപ്പിടിച്ചുവെന്ന് വീട്ടമ്മ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘത്തിന് പോകേണ്ടി വരുമെന്നാണ് സൂചന. ഇതിനിടെ എംഎല്‍എയുടെ രാജി ആവശ്യം ശക്തമായതോടെ കോണ്‍ഗ്രസും കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്.

ബാലരാമപുരത്തെ കടയിൽ കടന്ന് കയറി വിൻസെന്റ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ചികിത്സയിൽ കഴിയുന്ന വീട്ടമ്മ മജിസ്ട്രേട്ടിനും പൊലീസിനും നൽകിയ മൊഴിയിലുണ്ട്. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം അജിതാബീഗം രേഖപ്പെടുത്തിയിരുന്നു. ഫോണിലൂടെ നിരന്തരമായി ശല്യം ചെയ്തെന്നും, ശാരീരികമായി പീഡിപ്പിച്ചെന്നും വീട്ടമ്മ ആരോപിച്ചിട്ടുണ്ട്.

പീഡനശ്രമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ വ്യക്തമായ തെളിവുകളോടെയാവണം അറസ്റ്റെന്ന നിർദ്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ