മലപ്പുറം: തന്നെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി മലപ്പുറത്തു നിന്നു തന്നെ ഓടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കനക ദുര്‍ഗ. ബിന്ദുവും കനക ദുര്‍ഗയും മലപ്പുറത്തു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേവലം കുടുംബ പ്രശ്‌നമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബിജെപിയും മറ്റ് ചില സംഘടനകളും ഇതിനായി കനക ദുര്‍ഗയുടെ ഇളയ സഹോദരനെ ഉപയോഗിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് മുമ്പ് കുടുംബത്തില്‍ ഒരു പ്രശ്‌നവുമില്ല. അതിനുശേഷമാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടായത്. ഇതിനു പിന്നില്‍ ബിജെപിയുടെ ശക്തമായ സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നും കനകദുര്‍ഗ പറഞ്ഞു.

‘എനിക്കെതിരെ ആക്രമണം നടത്താന്‍ കേരള സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത് എന്റെ സഹോദരനാണ്. എന്റെ ബാഗില്‍ മാലയ്‌ക്കൊപ്പം സാനിറ്ററി നാപ്കിന്‍ പാക്കറ്റ് വച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചതും സഹോദരനാണ്,’ കനക ദുര്‍ഗ പറഞ്ഞു.

തങ്ങളെ ഉന്തിത്തള്ളി ശബരിമലയിലേക്ക് അയച്ചതാണെന്നും പോയി വന്നതിന് ശേഷം താന്‍ പോലും കനക ദുര്‍ഗയെ തിരിഞ്ഞു നോക്കുന്നില്ലെന്നും ചില മാധ്യമങ്ങളും ചാനലുകളും ആരോപണമുന്നയിക്കുന്നുണ്ട്. ഇതെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് ബിന്ദു പറഞ്ഞു. കുട്ടികളെ കാണാനും പഴയ ജീവിതത്തിലേക്ക് മടങ്ങാനും സഹായിക്കാന്‍ കേരളത്തിലെ പുരോഗമന സമൂഹം തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്കെതിരെയും കുട്ടിയെ വിട്ടുകിട്ടാനും നിയമനടപടി സ്വീകരിക്കുമെന്ന് കനകദുര്‍ഗ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.