കൊച്ചി: താൻ ശബരിമലയിൽ പോകുകയും ദർശനം നടത്തുകയും ചെയ്യുമെന്ന് ബിന്ദു അമ്മിണി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അൽപസമയത്തിനകം കമ്മീഷണറുടെ ഓഫീസിൽ പോകുമെന്നും ബിന്ദു അമ്മിണി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നു, അതിന്റ തുടർനടപടികളെക്കുറിച്ച് അറിയാനാണ് താൻ കമ്മിഷണർ ഓഫീസിൽ പോകുന്നതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ​ദിവസം ബിന്ദു അമ്മിണിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധം നടന്നിരുന്നു. കൊച്ചി കമ്മിഷണര്‍ ഓഫീസിനു പുറത്തായിരുന്നു ബിന്ദുവിനെതിരെ പ്രതിഷേധം നടന്നത്. ബിന്ദു അമ്മിണി ശബരിമലയിലേക്ക് പോകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് കൊച്ചിയില്‍വച്ച് ബിന്ദുവിനെതിരെ പ്രതിഷേധമുണ്ടായത്. ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തന്റെ മുഖത്തേക്ക് മുളകുപൊടി സ്പ്രേ ചെയ്ത ആളുടെ പേര് പോലും തനിക്കറിയില്ലെന്നും, അയാൾ എറണാകുളം സ്വദേശി അല്ലെന്നാണ് അറിഞ്ഞതെന്നും പറഞ്ഞ ബിന്ദു അമ്മിണി, എങ്ങനെയാണ് താൻ കൊച്ചിയിലെത്തിയ വിവരം ബിജെപിക്കാർ അറിഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു.

Read More: ബിന്ദു അമ്മിണിക്കെതിരെ പ്രതിഷേധം; മുഖത്തേക്ക് മുളകുപൊടി സ്‌പ്ര‌േ ചെയ്‌തെന്ന് ആരോപണം

തന്റെ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തയാൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകളാണെന്നും ബിന്ദു അമ്മിണി ആരോപിച്ചു. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയില്ലെന്ന് അവർ പറഞ്ഞു.

കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി സ്‌പ്രേ ചെയ്തത് ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കമ്മിഷണർ ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യു ടവറിന് മുന്നിലായിരുന്നു ബിന്ദുവിനു നേരെ ആക്രമണം നടന്നത്.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ജി.രാജഗോപാൽ പ്രതിഷേധക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിന്ദുവിനെതിരെ പ്രതിഷേധം നടന്നത്.

അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി സംഘവും മുംബൈയിലേക്കു മടങ്ങി. ശബരിമലയിലേക്കു പോകാന്‍ സംരക്ഷണം നല്‍കാനാവില്ലെന്നു പൊലീസ് ഉറച്ച നിലപാടെടുത്തതോടെയാണു പിന്മാറാന്‍ തൃപ്തിയും സംഘവും തയാറായത്.

രാത്രി 10.20നുള്ള വിമാനത്തിലാണു തൃപ്തിയും സംഘവും മുംബൈയിലേക്കു തിരിച്ചുപോയത്. ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന ഉറച്ചനിലപാടിലായിരുന്നു തൃപ്തി. പൊലീസ് പലവട്ടം നടത്തിയ അനുനയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അവര്‍ നിലപാടില്‍നിന്ന് അയഞ്ഞത്.

തല്‍ക്കാലം മടങ്ങുന്നുവെന്നും ശബരിമല ദര്‍ശനത്തിനു വീണ്ടും വരുമെന്നും തൃപ്തി പറഞ്ഞു. ദര്‍ശനത്തിനു ശ്രമിച്ചാല്‍ ആക്രമണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. മറ്റു മാര്‍ഗങ്ങളില്ലാതെയാണു മടങ്ങുന്നത്. താന്‍ ആക്ടിവിസ്റ്റല്ല, ഭക്തയാണ്. ബിന്ദു അമ്മിണിക്കെതിരായ മുളക് സ്‌പ്രേ ആക്രമണം അപലപനീയമാണെന്നും തിരിച്ചുപോകുന്നതിനു മുന്‍പ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.