കോട്ടയം: താന്‍ എന്തിനാണു മന്ത്രി എ.കെ.ബാലന്റെ ഓഫിസില്‍ പോയതെന്നു പറയാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കണമെന്ന് ബിന്ദു അമ്മിണി. ഭയം കൊണ്ടാണു താന്‍ ഓഫീസിലെത്തിയില്ലെന്നു മന്ത്രി പറയുന്നതെന്നും ബിന്ദു ആരോപിച്ചു.
“ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനാണു താന്‍ മന്ത്രിയുടെ ഓഫീസിലെത്തിയത്. അതു മറച്ചുവയ്ക്കുന്നത് എന്തിനാണെന്നതില്‍ സംശയമുണ്ട്,” ബിന്ദു പറഞ്ഞു.
“വിഷയത്തില്‍ പട്ടികജാതി- വര്‍ഗ വികസന വകുപ്പ് എത്രമാത്രം ഒളിച്ചുകളിക്കുന്നുവെന്നതാണ് അതു ബോധ്യപ്പെടുത്തുന്നത്. വിഷയം പുറത്തേക്കു വരാതിരിക്കുന്നതിനാണു താന്‍ ഓഫീസിലെത്തിയ കാര്യം മന്ത്രി സമ്മതിക്കാത്തത്. തന്റെ നിഴലിനെപ്പോലും മന്ത്രി ഭയക്കുകയാണ്,” ബിന്ദു പറഞ്ഞു. ഇക്കാര്യത്തിൽ, മന്ത്രിക്കു നൽകിയ പരാതിയുടെ പകർപ്പ് ബിന്ദു കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു
ജനുവരി രണ്ടിനു ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നു താന്‍ പറഞ്ഞിട്ടില്ല. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ നൂറോളം സ്ത്രീകളാണു ശബരിമലയിലെത്തുക. യാത്രയില്‍ പങ്കെടുക്കാന്‍ നിലവില്‍ ആലോചിക്കുന്നില്ല. എന്നാല്‍ കൂട്ടായ്മയ്ക്കു പിന്തുണ നല്‍കുമെന്നും ബിന്ദു പറഞ്ഞു.
ഗോത്രവിഭാഗക്കാരായ 95 വിദ്യാര്‍ഥികള്‍ പഠനംനിര്‍ത്തി ഊരുകളിലേക്കു തിരിച്ചുപോയ സംഭവത്തില്‍ തുടര്‍നടപടികള്‍ക്കായി ദളിത്-ആദിവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ പങ്കെടുക്കാനായാണു ബിന്ദു അമ്മിണി കോട്ടയത്തെത്തിയത്.
ഇന്നു രാവിലെ പൊലീസ് സുരക്ഷയില്‍ കോട്ടയത്തെത്തിയ തന്നെ ആക്രമിക്കാനായി ലോഡ്ജിനു മുന്നില്‍ തടിച്ചുകൂടിയവരുടെ ഫോട്ടോ ഫെയ്‌സ്ബുക്കിൽ ബിന്ദു പ്രസിദ്ധീകരിച്ചിരുന്നു. താന്‍ കോട്ടയത്ത് ആക്രമിക്കപ്പെട്ടാല്‍ അതിനുപിന്നില്‍ ഇവരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.