കോഴിക്കോട്: ബൈക്കിൽ നിന്ന് വീണ് മുറിവേറ്റ് കിടന്ന സഹോദരങ്ങളെ നാട്ടുകാർ മർദ്ദിച്ച് പരിക്കേൽപ്പിച്ചു. അമിത വേഗത്തിൽ ബൈക്കോടിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാർ മർദ്ദിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്ത് വച്ച് ഇന്നലെ രാത്രിയാണ് സംഭവം.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലേക്ക് ഭക്ഷണം വാങ്ങി തിരികെ പോകുന്നതിനിടെയാണ് സെയ്‌ത് മുഹമ്മദ്, സാമന്ത് മുഹമ്മദ് എന്നീ സഹോദരങ്ങൾ മെഡിക്കൽ കോളേജിന് അടുത്ത് വച്ച് അപകടത്തിൽ പെട്ടത്. ബൈക്കിൽ നിന്ന് തെറിച്ച് വീണ ഇരുവർക്കും ദേഹമാസകലം മുറിവു പറ്റി.

നിലത്ത് വീണു കിടന്ന ഇരുവരെയും ഓടിയെത്തിയ നാട്ടുകാർ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സമീപത്തെ കടകളിൽ ഉണ്ടായിരുന്നുവർ തങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും ഇരുവരും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇവരുടെ പക്കലുണ്ടായിരുന്ന 5000 രൂപ മർദ്ദിക്കാനെത്തിയവർ തട്ടിയെടുത്തെന്നും പരാതിയുണ്ട്.

ഒന്നര മണിക്കൂറിന് ശേഷം വീട്ടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ കൊണ്ടുപോയത്. ചിലർ ഇവരെ സഹായിക്കാൻ എത്തിയെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ