കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജിയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ. കേസ് നീട്ടി കൊണ്ട് പോകാനാണ് പ്രതിയുടെ ശ്രമം. പ്രതിക്കെതിരെ തെളിവുണ്ടെന്നും പ്രഥമ വിവര റിപ്പോർട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ്പ് തന്നെ ബലാൽസംഗം ചെയ്തിട്ടുണ്ടെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് സമർപ്പിച്ച ഹർജി കോട്ടയം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ബിഷപ്പ് സമർപ്പിച്ച റിവിഷൻ ഹർജിയാണ് ജസ്റ്റിസ് വി.ഷെർസി പരിഗണിച്ചത്. പരാതിക്കാരി കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. തനിക്കെതിരെ
കൃത്യമായ തെളിവുകൾ ഒന്നും ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിഷപ് ബോധിപ്പിച്ചു.
പ്രതി ജാമ്യത്തിലാണെന്നും തെറ്റായ വിവരങ്ങളാണ് പറയുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് കൂടുതൽ വാദത്തിനായി 26 ലേക്ക് മാറ്റി.