തിരുവനന്തപുരം: റോമിയ കാത്തുരിന്റെ മാതൃഭാഷയല്ല മലയാളം. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി നടത്തിയ മലയാളം സാക്ഷരതാ പരീക്ഷയില്‍ ഒന്നാമതാകാന്‍ ഭാഷ ഒരു തടസമായില്ല ഈ ഇരുപത്തിയാറുകാരിക്ക്. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തിയ പരീക്ഷയില്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടിയാണു ബിഹാര്‍ സ്വദേശിയായ റോമിയ വിജയിച്ചത്.
ഭര്‍ത്താവ് സൈഫുല്ലയ്ക്കൊപ്പം ജോലി തേടിയാണു റോമിയ കേരളത്തിലെത്തിയത്. ആറ് വര്‍ഷം മുമ്പ് കൊല്ലം ജില്ലയിലെ ഉമയനല്ലൂരില്‍ സ്ഥിരതാമസമാക്കി. അവിടെ ചെറിയ ജ്യൂസ് പാര്‍ലര്‍ നടത്തുകയാണു മൂന്നു മക്കളുടെ അമ്മയായ റോമിയ ഇപ്പോള്‍. നാലുമാസം പ്രായമുള്ള മകള്‍ തമന്നയുമായി എത്തിയാണു റോമിയ പരീക്ഷയെഴുതിയത്. ഉമയനല്ലൂരിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞമാസമായിരുന്നു പരീക്ഷ.
Read Also: നോ കിസ്..നോ കിസ്; രസകരമായ ട്രെയ്‌ലറുമായി ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’
‘ചങ്ങാതി’ പദ്ധതിയുടെ രണ്ടാംഘട്ടമായി ജനുവരി 19 നു സംസ്ഥാനത്തൊട്ടാകെ നടത്തിയ പരീക്ഷയില്‍ 1,998 കുടിയേറ്റ തൊഴിലാളികളാണു പങ്കെടുത്തത്. സംസ്ഥാനത്ത് ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ നാലു മാസത്തിനുള്ളില്‍ മലയാളം പഠിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണു ചങ്ങാതി പദ്ധതി.
കുടിയേറ്റ തൊഴിലാളികളുടെ കേന്ദ്രമായ എറണാകുളം പെരുമ്പൂവൂരില്‍ 2017 ഓഗസ്റ്റ് 15നാണു പദ്ധതി ആരംഭിച്ചത്. മെച്ചപ്പെട്ട വേതനവും ജീവിത സാഹചര്യങ്ങളും തേടി സംസ്ഥാനത്തെത്തിയ 3,700 ലധികം കുടിയേറ്റ തൊഴിലാളികള്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷ പാസായിട്ടുണ്ട്.
പരീക്ഷയില്‍ മികച്ച വിജയം നേടിയ റോമിയ കാത്തുരിനെ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പി.എസ്. ശ്രീകല സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചു. മയ്യനാട് പഞ്ചായത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെ ക്ലാസിലെത്തിക്കാന്‍ ഒരു സംഘാടകയെപ്പോലെ പ്രവര്‍ത്തിക്കുകയായിരുന്നു റോമിയോ എന്ന് ഇന്‍സ്ട്രക്ടര്‍ ശ്രീലത പറഞ്ഞതായി ശ്രീകല ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. പൗരത്വ ഭേദഗതി നിയമം സൃഷ്ടിച്ച ഭയത്താല്‍ പരീക്ഷാസ്ഥലത്തേക്ക് എത്താന്‍ മടിച്ച സഹപാഠികള്‍ക്കു റോമിയ ധൈര്യം പകര്‍ന്നതായും ശ്രീകല കുറിച്ചു.
Read Also: ഫെെറ്റ് ചെയ്‌തിട്ട് എണീക്കാൻ പറ്റാത്ത അവസ്ഥയായി; ബിജു മേനോനെ ട്രോളി പൃഥ്വി, ഒടുവിൽ കയ്യടി
ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ പാസാവണമെന്നതാണു റോമിയയുടെ ആഗ്രഹം. ചങ്ങാതി പദ്ധതി പഠിതാക്കള്‍ക്കായി തയാറാക്കിയ പാഠപുസ്തകമായ ഹമാരി മലയാളം ദൈനംദിന ജീവിതത്തില്‍ വളരെയധികം സഹായകമായിരുന്നുവെന്നും യുവതി പറഞ്ഞു.
”മലയാളത്തില്‍ ആശയവിനിമയം നടത്താന്‍ ഇത് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് റെയില്‍വേ സ്റ്റേഷനിലും മാര്‍ക്കറ്റിലും,” റോമിയ പറഞ്ഞു. മക്കളെ മലയാളം പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞു.