മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട കൊലപാതകമെന്ന് പൊലീസ്. കൊലപാതകത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായും ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍വെച്ചാണ് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി രാജേഷ് മാഞ്ചി(36) മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മോഷ്ടവാണെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചത്. ക്രൂരമര്‍ദനത്തിന് ശേഷം ഇയാള്‍ അവശനായതോടെ നാട്ടുകാര്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
രണ്ടുദിവസം മുന്‍പാണ് ജോലിക്കായി രാജേഷ് മാഞ്ചി കിഴിശ്ശേരിയില്‍ എത്തിയത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്നും എസ്പി പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റര്‍ മാറി വീട്ടില്‍ നിന്നാണ് അവശനായ നിലയില്‍ യുവാവിനെ കണ്ടത്. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായും എസ്പി പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളിയെ രണ്ടുമണിക്കൂറോളം ഉപദ്രവിച്ചെന്നും ഇതിനുശേഷം അനക്കമില്ലാതായതോടെയാണ് സമീപത്തെ കവലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പ്രതികളായവരുടെ ഫോണില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവര്‍ ഉപദ്രവിച്ച് അവശനാക്കിയ ശേഷം രാജേഷിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മറ്റു തെളിവുകളും ശേഖരിച്ചിട്ടുണ്ട്. മരത്തിന്റെ കൊമ്പും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
സംഭവം അറിഞ്ഞ് പോയ പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതുവഴിയാണ് പ്രതികളിലേക്ക് എളുപ്പം എത്താന്‍ സാധിച്ചത്. നടപടികള്‍ പൂര്‍ത്തിയായി. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മരിച്ച വ്യക്തിയുടെ ടീഷര്‍ട്ട് ഇവര്‍ ഒളിപ്പിച്ച് വച്ചിരുന്നു. ഇത് വീണ്ടെടുക്കേണ്ടതുണ്ട്. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒന്‍പതാമത്തെ പ്രതി അങ്ങാടിയിലെ സിസിടിവി ഫൂട്ടേജിന്റെ ഡിവിആര്‍ എടുത്ത് മാറ്റി നശിപ്പിക്കാനുള്ള ശ്രമം നടത്തിയതായി കണ്ടെത്തിയതായും എസ്പി പറഞ്ഞു.