scorecardresearch

ആർത്തവാവധി: 32 വർഷം മുമ്പേ നടപ്പാക്കി ബിഹാർ

കേരളത്തിലെ സർവകലാശാലയായ കുസാറ്റ് വിദ്യാർത്ഥിനികൾക്ക് ആർത്താവാവധി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിലാദ്യം ആർത്തവാവധി പ്രഖ്യാപിച്ച സംസ്ഥാനം ഏറെ പിന്നാക്കം നിൽക്കുന്ന ബീഹാർ ആണെന്ന വസ്തതു പലരും ഓർമ്മിക്കുന്നു പോലുമില്ല.

ആർത്തവാവധി: 32 വർഷം മുമ്പേ നടപ്പാക്കി ബിഹാർ

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) തങ്ങളുടെ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി പ്രഖ്യാപിച്ച് തീരുമാനം എടുത്തു. ഈ തീരുമാനം മറ്റ് സർവകലാശാലകളിലും നടപ്പാക്കുമെന്ന ഉറപ്പ് തൊട്ടുപിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും വ്യക്തമാക്കി. എന്നാൽ, കേരളത്തിന് മുമ്പ് ആർത്തവാവധി പ്രഖ്യാപിച്ച ഒരു സംസ്ഥാനമുണ്ട്. ഭൂരിപക്ഷം വികസന സൂചികകളുടെ മാനദണ്ഡങ്ങളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നാക്ക സംസ്ഥാനങ്ങളിലൊന്നായി ഇന്നും തുടരുന്ന ബിഹാറാണ് വിപ്ലവകരമായ ഈ തീരുമാനം ആദ്യം നടപ്പാക്കിയത്.

ബിഹാറിൽ എല്ലാംകൊണ്ടും വിപ്ലവകരമായ മാറ്റം നടന്ന വർഷവുമായിരുന്നു 1991. അധികാര വ്യവസ്ഥയിൽ പിന്നാക്കക്കാരുടെ കുതിച്ചു ചാട്ടം നടന്ന കാലമായിരുന്നു അത്. അവർണരുടെ അധികാരം എന്ന സ്വപ്നരാജ്യത്തിലേക്ക് ഒരു ചുവട് മുന്നോട്ട് വച്ച വർഷം. ജനതാദൾ എന്ന രാഷ്ട്രീയ പ്രസ്ഥാനവും ലാലുപ്രസാദ് യാദവ് എന്ന നേതാവും ബിഹാറിലെ ചരിത്രം മാറ്റിയെഴുതിയ കാലം. ആ കാലത്താണ് ലാലു ചരിത്രപ്രധാനമായ ആർത്തവാവധി ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാർ ജീവനക്കാരായ സ്ത്രീകൾക്ക് വേണ്ടിയായിരുന്നു അന്ന് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 1991ൽ ബിഹാറിൽ മുഖ്യമന്ത്രി പദത്തിൽ എത്തിയ ഒന്നാം ലാലുപ്രസാദ് സർക്കാർ സ്വീകരിച്ച നടപടിയുടെ ചെറുപതിപ്പാണ് കുസാറ്റ് നടപ്പാക്കുന്നത്. ചുരുക്കി പറഞ്ഞാൽ, ഇക്കാര്യത്തിൽ കേരളം, ബിഹാറിനെക്കാൾ 32 വർഷം പിന്നിലാണ്. ഇപ്പോഴും സർവകലാശാലയിലെ ജീവനക്കാരികളുടെ കാര്യത്തിലോ സർക്കാർ ജീവനക്കാരികളുടെ കാര്യത്തിലോ സർവകലാശാലകൾക്കോ സർക്കാരിനോ അങ്ങനെയൊരു തീരുമാനമില്ല. സ്ഥിരം ജീവനക്കാരുടെ കാര്യത്തിൽ തീരുമാനമില്ലാത്ത സാഹചര്യത്തിൽ ദിവസവേതനക്കാരുടെയും കരാർ ജീവനക്കാരുടെയും കാര്യം പ്രത്യേകം പറയേണ്ടതുമില്ല.

ലാലു ബിഹാറിൽ ആദ്യമായി മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയം തന്നെ കലങ്ങി മറിയുകയായിരുന്നു. വി.പി.സിങ് നടപ്പാക്കിയ മണ്ഡൽകമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുണ്ടായ ചലനങ്ങൾ, അധികാരത്തിലെത്താനുള്ള വഴികൾ തേടിയുള്ള ബിജെപിയുടെ രഥ യാത്രകൾ, നരസിംഹ റാവുവിന്റെ അപ്രതീക്ഷിത സ്ഥാനാരോഹരണം, മൻമോഹൻ സിങ് നടപ്പാക്കിയ ആഗോള, ഉദാര, സ്വകാര്യവൽക്കരണ നയങ്ങൾ, അവയ്ക്കെതിരായ സമരങ്ങൾ, അധികാരത്തിലെത്താൻ കോൺഗ്രസ് നടത്തിയെന്നാരോപിക്കപ്പെട്ട കോഴ കേസുകൾ, അങ്ങനെ പലതും അരങ്ങേറുന്ന കാലം.

സ്വകാര്യ, ഉദാര, ആഗോളവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമെമ്പാടും സമരങ്ങൾ അരങ്ങേറിയ കാലം. സർക്കാർ ജീവനക്കാരും തങ്ങൾക്കും മെച്ചപ്പെട്ട ശമ്പളവും പ്രൊമോഷനും മറ്റും ആവശ്യപ്പെട്ട് സമരരംഗത്തെത്തി. ബിഹാറിൽ ആറ് ലക്ഷത്തോളം ജീവനക്കാർ അന്ന് പണിമുടക്കിയിരുന്നു. അതിൽ ഏകദേശം 10% സ്ത്രീകളായിരുന്നുവെന്ന് 2020ൽ നൽകിയ അഭിമുഖത്തിൽ അന്ന് ബിഹാർ നോൺ ഗസറ്റഡ് എംപ്ലോയീസ് ഫെഡറേഷന്റെ (ഗോപെ വിഭാഗം) ജനറൽ സെക്രട്ടറിയായിരുന്ന രാംബാലി പ്രസാദ് ഓർമ്മിക്കുന്നുണ്ട്.

സമരത്തിന്റെ ഭാഗമായ സ്ത്രീകളിൽ അധ്യാപകരും നഴ്സുമാരും ക്ലർക്കുമാരും ടൈപ്പിസ്റ്റുകളും എല്ലാം ഉൾപ്പെടുന്നു. “1991 അവസാനത്തോടെ ഞങ്ങൾ ആരംഭിച്ച സമരം 32 ദിവസം നീണ്ടുനിന്നു. സമരം ആരംഭിച്ചപ്പോൾ, അതിൽ പങ്കെടുത്ത സ്ത്രീകൾ മറ്റ് ആവശ്യങ്ങൾക്കൊപ്പം ആർത്തവാവധി കൂടി ചോദിച്ചു,” രാംബാലി പ്രസാദ് ഓർമ്മിക്കുന്നു.

ടോയ്‌ലറ്റുകൾ, ക്രെഷ്, ഹോസ്റ്റലുകൾ എന്നിവ ഉൾപ്പെടുത്തി ആവശ്യങ്ങളുടെ പട്ടിക വളർന്നതായി അന്നത്തെ സമരത്തിന്റെ ഭാഗമായിരുന്ന അഖിലേന്ത്യാ പുരോഗമന വനിതാ സഖ്യത്തിന്റെ ദേശീയ ജനറൽ സെക്രട്ടറി മീനാ തിവാരി ഇത് സംബന്ധിച്ച് 2020ൽ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

സമരത്തെ തുടർന്ന് നടന്ന ഒത്തുതീർപ്പ് ചർച്ചകൾക്കിടയിൽ ആർത്തവാവധിയുടെ പ്രശ്നം വന്നപ്പോൾ, “ലാലുജി ക്ഷമയോടെ ശ്രദ്ധിച്ചു” എന്ന് രാംബാലി പ്രസാദ് ഓർക്കുന്നു. “ഞങ്ങൾ അദ്ദേഹത്തെ പല കാര്യങ്ങളിലും വിമർശിക്കാറുണ്ട്, എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടായിരുന്നു,” അദ്ദേഹം ആ സംഭാഷണത്തിൽ വിശദീകരിക്കുന്നു.

ചർച്ചകൾക്കൊടുവിൽ എല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിച്ചില്ല, എന്നാൽ ആർത്തവ സമയത്ത് അവധിക്ക് മുഖ്യമന്ത്രി അനുമതി നൽകിയെന്നും മീനാ തിവാരി പറയുന്നു. 1992 ജനുവരി രണ്ടിന് സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം എല്ലാ വനിതാ ജീവനക്കാർക്കും എല്ലാ മാസവും (സാധാരണ അവധികൾക്ക് പുറമെ) തുടർച്ചയായി രണ്ട് ദിവസം അവധി ലഭിക്കുമെന്ന് വ്യക്തമാക്കി.

അക്കാലത്ത് സംസ്ഥാന സിറ്റിസൺസ് കൗൺസിൽ വൈസ് പ്രസിഡന്റായിരുന്ന മുതിർന്ന ആർജെഡി നേതാവ് ശിവാനന്ദ് തിവാരി ഇതേ കുറിച്ച് നേരത്തെ ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. “അത് പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു, അതുകൊണ്ട് തന്നെ ഈ ഉത്തരവിന് മാധ്യമ കവറേജ് ലഭിച്ചില്ല” അക്കാലത്ത് മണ്ഡൽ പ്രതിഷേധങ്ങൾ കൊടുമ്പിരികൊണ്ടിരുന്നു. അക്രമം ഉണ്ടായി… ലാലു പ്രസാദിനെ ഈ ആവശ്യം അംഗീകരിക്കാൻ പ്രേരിപ്പിച്ചതെന്താണെന്ന് ഞാൻ ഓർക്കുന്നില്ല, പക്ഷേ അത് സ്വാഭാവികമായ തീരുമാനമായിരുന്നു, തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ വർഷങ്ങളിലെല്ലാം ആരും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.”എക്സ്‌പ്രസിനോട് 2020ൽ അദ്ദേഹം ഫോണിൽ പറഞ്ഞു.

“ഇത്തരമൊരു പുരോഗമന നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനമാണ് ബിഹാർ. ഇപ്പോൾ സ്ത്രീകൾ തങ്ങളുടെ മേലധികാരിക്ക് ഒരു ഇമെയിൽ അയച്ച് ഏതൊക്കെ ദിവസങ്ങളിൽ ലീവ് എടുക്കണമെന്ന് തീരുമാനിക്കാമെന്ന് ബിഹാർ സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടറായിരുന്ന രാജ് കുമാർ വ്യക്തമാക്കി. . കൂടാതെ, 2019 മുതൽ സ്ത്രീകൾക്ക് ആർത്തവവിരാമ സമയം വ്യത്യസ്ത പ്രായത്തിലായതിനാൽ ഈ അവധി എടുക്കുന്നത് ഏത് പ്രായം മുതൽ നിർത്തണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഇന്ത്യൻ എക്സ്‌പ്രസിനോട് 2020ൽ വ്യക്തമാക്കിയിരുന്നു.

ബിഹാറില്‍ ജീവനക്കാരികള്‍ക്കു 1991 ല്‍ നടപ്പാക്കിയ ആര്‍ത്താവാവധി കൂടുതല്‍ സ്ത്രീ സൗഹാര്‍ദ്ദപരമായി മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ കുസാറ്റ് ഇറക്കിയ ഉത്തരവില്‍ ആര്‍ത്താവാവധി എന്ന വാക്ക് ഉപയോഗിക്കാന്‍ പോലും തയ്യാറായിട്ടില്ല എന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നുണ്ട് എന്നതും കൂടെ കാണേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരളം ഇപ്പോഴും 32 വര്‍ഷം ബീഹാറിനു പിന്നില്‍ നില്‍ക്കുന്നതിനു കൂടുതല്‍ കാരണം അന്വേഷിക്കേണ്ടതുമില്ല എന്ന് ഈ ഉത്തരവ് വ്യക്തമാക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bihar implemented menstrual leave 32 years ago