കൊച്ചി: ദുബായില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 7 മില്യണ്‍ ദിര്‍ഹത്തിന്റെ (1.9 മില്യണ്‍ ഡോളര്‍) ജാക്ക്പോട്ട് അടിച്ച മലയാളിയായ മണക്കുടി വര്‍ക്കി മാത്യുവിനെ കണ്ടെത്തി. തന്റെ ഫോണ്‍ വെളളത്തില്‍ വീണ് കേടായെന്നും കൊച്ചിയിലായിരുന്ന തന്നെ ബിഗ് ടിക്കറ്റ് അധികൃതര്‍ ഇന്ന് വിളിച്ച് വിവരം അറിയിച്ചതായും മാത്യു ഖലീജ് ടൈംസിനോട് പ്രതികരിച്ചു.

അല്‍ ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് 58കാരനായ മാത്യു. ദൈവത്തിന്റെ സമ്മാനം എന്നാണ് അദ്ദേഹം ഭാഗ്യം തേടിയെത്തിയതിനെ കുറിച്ച് പ്രതികരിച്ചത്. ഓഗസ്റ്റ് 24ന് നാട്ടിലേക്ക് മടങ്ങും വഴി എയര്‍പോര്‍ട്ടില്‍ വെച്ചെടുത്ത ടിക്കറ്റിനാണ് ഏകദേശം 12 കോടി16 ലക്ഷത്തോളം രൂപ ജാക്ക്പോട്ട് അടിച്ചത്. എന്നാല്‍ മാത്യുവിനെ ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് അധികൃതരും മാധ്യമങ്ങളും ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആറ് മാസത്തിനപ്പുറവും വിജയിയെ കണ്ടെത്താനായില്ലെങ്കില്‍ തുക സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുക.

വര്‍ക്കി മാത്യു

ടിക്കറ്റിന്റെ പകുതി തുക നല്‍കിയത് മറ്റൊരു ഇന്ത്യക്കാരനും ഒരു പാക്കിസ്ഥാന്‍ പൗരനുമാണെന്നും ആയതിനാല്‍ പകുതി തുക ഇരുവര്‍ക്കും നല്‍കുമെന്നും മാത്യു പറഞ്ഞു. “ഈ തുക കൊണ്ട് എന്ത് ചെയ്യണമെന്ന് ഞാന്‍ പദ്ധതിയിട്ടിട്ടില്ല. ഒരു കാര്യവും ഞാന്‍ മുന്‍കൂട്ടി കണക്കുകൂട്ടാറില്ല. അങ്ങനെയാണെങ്കില്‍ ഈ ഭാഗ്യം എന്നെ തേടി വരില്ലായിരുന്നു. രണ്ട് മാസം മുമ്പ് നാട്ടിലേക്ക് വരണമെന്ന് കരുതിയതാണ്. എന്നാല്‍ യാത്ര മുടങ്ങിയത് കൊണ്ടാണ് കഴിഞ്ഞയാഴ്ച്ച കേരളത്തിലേക്ക് വന്നത്. എല്ലാം ദൈവം കണക്കുകൂട്ടി തയ്യാറാക്കുന്നതാണ്”, മാത്യു പറഞ്ഞു.

“എന്റെ മകന്‍ അമേരിക്കയില്‍ ഉന്നത പഠനത്തിന് പോകാനിരിക്കുകയാണ്. ഒരു കുട്ടി പ്രത്യേകം ശ്രദ്ധ വേണ്ടയാളാണ്. ഭാര്യ അല്‍ ഐനില്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ഭാഗ്യക്കുറി അടിച്ചതിന് പിന്നാലെ ഫോണില്‌‍ നിരന്തരം വിളി വരികയാണ്. ഇത് എനിക്കൊരു പുതിയ അനുഭവമാണ്. സെപ്തംബര്‍ 17ന് ഞാന്‍ അല്‍ഐനിലേക്ക് തിരികെ പോകും. അവിടെ ഈ ടിക്കറ്റും കാത്ത് എന്റെ പങ്കാളികളും ഇരിക്കുകയാണ്”, മാത്യു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ