ആലപ്പുഴ: 29-ാമത് ഭീമ ബാലസാഹിത്യ പുരസ്‌കാരം കെ ആര്‍ വിശ്വനാഥന്. ‘കുഞ്ഞനാന’ എന്ന ബാലനോവലിനാണു പുരസ്‌കാരം. 70,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരിയില്‍ കോഴിക്കോട് ചേവായൂര്‍ അഭിമാനില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
ഭീമ ബാലസാഹിത്യ പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ കെ. ജയകുമാര്‍, പെരുമ്പടവം ശ്രീധരന്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ, റോസ് മേരി എന്നിവര്‍ ചേര്‍ന്നാണു പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ഗാഢമായി സ്പര്‍ശിക്കുന്ന ‘കുഞ്ഞനാന’ സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മനോഹരമായ കൃതിയാണെന്നു ജൂറി അംഗം പെരുമ്പടവം ശ്രീധരന്‍ വിലയിരുത്തി.
ഡോ. കെ ശ്രീകുമാര്‍ രൂപലേഖനം ചെയ്ത് കഴിഞ്ഞ നാലുവര്‍ഷമായി പൂര്‍ണ ബുക്‌സ് ഇറക്കുന്ന ബാലസാഹിത്യമാല സമ്മാനപ്പൊതി സീസണ്‍ മൂന്നിലെ പുസ്തകമാണ് ‘കുഞ്ഞനാന’. പ്രശസ്ത ചിത്രകാരന്‍ ദേവപ്രകാശാണ് നോവലിന്റെ ചിത്രീകരണം നിര്‍വഹിച്ചത്.
കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നു കെആര്‍ വിശ്വനാഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്ന ഞാന്‍ കുട്ടികള്‍ക്കു പോലും മനസിലാവുന്ന തരത്തിലുള്ള ഏറ്റവും ലളിതമായ ഭാഷയിലാണ് എഴുതുന്നത്. എനിക്ക് അങ്ങനെ എഴുതാനേ കഴിയൂ. ഡോ. കെ ശ്രീകുമാറിനു നിര്‍ബന്ധത്തിനു വഴങ്ങി കുറഞ്ഞ ദിവസത്തിനുള്ളില്‍ എഴുതിത്തീര്‍ത്ത നോവലാണ് കുഞ്ഞനാന. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന പുസ്തകത്തിനു പുരസകാരം ലഭിച്ചതില്‍ അതിയായ സന്തോഷം,” വിശ്വനാഥന്‍ പറഞ്ഞു.
മലപ്പുറത്ത് അധ്യാപകനായിരുന്ന കെ ആര്‍ വിശ്വനാഥന്‍ കോട്ടയം മോനിപ്പള്ളി സ്വദേശിയാണ്. അദ്ദേഹത്തിന്റെ ‘ദേശത്തിന്റെ ജാതകം’ എന്ന പുസ്തകം 2016ല്‍ പൂര്‍ണ-ഉറൂബ് പുരസ്‌കാരം നേടിയിരുന്നു. ‘കബാല,’ ‘ബിസാറ,’ ‘ആലിപ്പഴം,’ ‘ഹിസാഗ,’ ‘കുഞ്ഞിക്കുറുക്കനും കൂട്ടുകാരും,’ ‘അങ്കാറ’ എന്നിവയാണ് കെ ആര്‍ വിശ്വനാഥന്‍ രചിച്ച കുട്ടികൾക്കായുള്ള മറ്റു പുസ്തകങ്ങൾ. ഇത് കൂടാതെ ‘പ്രണയപർവം,’ ‘അസൂറ’ എന്നീ നോവലുകളും, ‘ഒച്ച,’ ‘ക്ലാര മാലാഖയായ വിധം’ എന്നീ കഥാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Also Read: ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നോവലിനുള്ള പുരസ്കാരം മൈന ഉമൈബാന്
ബാലസാഹിത്യമാല സമ്മാനപ്പൊതി സീസണ്‍ രണ്ടില്‍ പ്രസിദ്ധീകരിച്ച മൈന ഉമൈബാന്റെ ‘ഹൈറേഞ്ച് തീവണ്ടി’ എന്ന നോവലും ഇഎന്‍ ഷീജയുടെ ‘അങ്ങനെയാണ് മുതിര ഉണ്ടായത്’ എന്ന പുസ്തകവും അടുത്തിടെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിരുന്നു. 2018 നവംബറില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച നോവലാണ് ‘ഹൈറേഞ്ച് തീവണ്ടി.’
Read More: മൈന ഉമൈബാൻ എഴുതിയ ‘ഹൈറേഞ്ച് തീവണ്ടി’ വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പൂര്‍ണ പബ്ലിക്കേഷന്‍സ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച ‘ഹൈറേഞ്ച് തീവണ്ടി’ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുകയായിരുന്നു.
കെ.ആർ വിശ്വനാഥൻ എഴുതിയ കഥകൾ വായിക്കാം