മാനന്തവാടി: ഇനി ഭവാനി ടീച്ചറെ ദൗർഭാഗ്യങ്ങൾ പിന്തുടരില്ല. ആശ്രിതരില്ലാതെ രോഗശയ്യയിലായിരുന്ന ഭവാനി ടീച്ചർ (76) അന്തരിച്ചു. വിംസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഏറെ നാളായി വാർധക്യസഹജമായ അസുഖങ്ങൾമൂലം ചികിൽസയിലായിരുന്നു.

62-ാം വയസ്സിൽ ടെസ്റ്റ് ട്യൂബിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് ഭവാനി ടീച്ചർ വാർത്തകളിൽ നിറഞ്ഞത്. പ്രണയവിവാഹമായിരുന്നു ടീച്ചറുടേത്. ഒരു കുഞ്ഞിനായി വർഷങ്ങൾ കാത്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ആ ബന്ധം വേർപിരിഞ്ഞു. വീണ്ടും മറ്റൊരു വിവാഹം കഴിച്ചെങ്കിലും ആ ബന്ധത്തിലും കുട്ടികളുണ്ടായില്ല. ഭവാനി ടീച്ചർ മുന്‍കയ്യെടുത്തു രണ്ടാം ഭര്‍ത്താവിനെക്കൊണ്ടു മറ്റൊരു വിവാഹം കഴിപ്പിച്ചു. ആ ബന്ധത്തില്‍ കുട്ടി ഉണ്ടായി. ഈ കുട്ടിയെ കാണാന്‍ അനുവാദം കിട്ടാതായതോടെയാണ് സ്വന്തമായി ഒരു കുട്ടി വേണം എന്ന ആഗ്രഹം ഭവാനി ടീച്ചർക്കുണ്ടായത്. അങ്ങനെയാണ് ആറ്റിങ്ങൽ സമദ് ആശുപത്രിയിലെത്തിയത്. അവിടെ വച്ച് ടെസ്റ്റ് ട്യൂബിലൂടെ ടീച്ചർ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അവന് കണ്ണൻ എന്നു പേരിട്ടു.

പക്ഷേ വിധി ടീച്ചർക്ക് കാത്തുവച്ചത് മറ്റൊന്നായിരുന്നു. വാർധക്യത്തിൽ അമ്മയായെങ്കിലും ടീച്ചർക്ക് ആ കുഞ്ഞിനെ അധികം താലോലിക്കാൻ കഴിഞ്ഞില്ല. കുഞ്ഞുണ്ടായപ്പോൾ സഹായത്തിനായി ഒരു തമിഴ് സ്ത്രീയെ ടീച്ചർ കൊണ്ടുവന്നിരുന്നു. അവരാണ് കുഞ്ഞിനെ നോക്കിയിരുന്നത്. ഒരു ചടങ്ങിനുപോയി ടീച്ചർ മടങ്ങിയെത്തിയപ്പോഴാണ് ബക്കറ്റിൽ നിറച്ചുവച്ചിരുന്ന വെളളത്തിൽ വീണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്. രണ്ടാം വയസ്സിലായിരുന്നു കുഞ്ഞിന്റെ മരണം. കുഞ്ഞിന്റെ മരണത്തോടെ ടീച്ചർ അനാഥയായി. കുഞ്ഞിന്റെ മരണശേഷം മാനന്തവാടിയിൽ വാടക കെട്ടിടത്തിൽ താമസിച്ച് കുട്ടികൾക്ക് ട്യൂഷനെടുത്ത് വരികയായിരുന്നു. ഇതിനിടയിൽ ടീച്ചർ രോഗബാധിതയായി.

ആശ്രിതരില്ലാതെ രോഗംമൂലം വലഞ്ഞ ടീച്ചർക്ക് ഒടുവിൽ പിണങ്ങോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് വില്ലേജ് ഫൗണ്ടേഷൻ തുണയായി. വൃദ്ധസദനം ഭാരവാഹികൾ ടീച്ചറെ ഏറ്റെടുത്തു. ഏറെ നാളായി ഇവിടത്തെ അന്തേവാസിയായി കഴിഞ്ഞുവരികയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ