scorecardresearch

ഭാരത് ജോഡോ യാത്ര: വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരെ കാണാന്‍ രാഹുല്‍ ഗാന്ധി

സെപ്തംബര്‍ ഏഴാം തീയതിയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്

ഭാരത് ജോഡോ യാത്ര: വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരെ കാണാന്‍ രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമാതിയ കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. തിരുവനന്തപുരത്ത് വച്ചായിരിക്കും കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന വിവരം. സമരക്കാരുമായി ചര്‍ച്ച നടത്തുന്ന രാഹുല്‍ വിഴിഞ്ഞം തുറമുഖം സന്ദര്‍ശിക്കാന്‍ സാധ്യതയില്ല.

ഭാരത് ജോ‍‍ഡോ യാത്ര കേരളത്തില്‍ പ്രവേശിച്ചപ്പോള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് നേതാക്കളും ചേര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കിയത്. രാവിലെ ഏഴ് മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയും ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.

തിരുവനന്തപുരത്ത് മാത്രം നാല് ദിവസമാണ് ഭാരത് ജോ‍‍ഡോ യാത്ര. കേരളത്തില്‍ ആകെ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവയാണ് മറ്റ് ജില്ലകള്‍. 29-ാം തീയതി മലപ്പുറത്താണ് പര്യടനം കേരളത്തിലെ അവസാനിക്കുന്നത്. യാത്രയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വി ഡി സതീശന്‍ രാവിലെ പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ബുധനാഴ്ച (സെപ്തംബര്‍ 14) വരെയാണ് പര്യടനം. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ കൊല്ലം ജില്ലയിലേക്ക് കടക്കും. 15, 16 തീയതികളിലാണ് കൊല്ലം ജില്ലയിലൂടെ യാത്ര കടന്നുപോകുന്നത്. തുടര്‍ന്ന് 17, 18, 19, 20 തീയതികളില്‍ ആലപ്പുഴയിലേക്ക് യാത്ര പ്രവേശിക്കും. 21, 22 ദിവസങ്ങളിലാണ് എറണാകുളത്ത് യാത്ര എത്തുന്നത്. 23, 24, 25 തീയതികളില്‍ തൃശൂരെത്തും. 26, 27, 28, 29 തീയതികളില്‍ പാലക്കാട് മലപ്പുറം എന്നിവിടങ്ങളിലെത്തും.

കേരളത്തിലെ യാത്ര പൂര്‍ത്തിയാക്കിയ ശേഷം കര്‍ണാടകത്തിലേക്ക് കടക്കും. സെപ്തംബര്‍ ഏഴാം തീയതിയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കന്യാകുമാരി മുതല്‍ തുടങ്ങിയ യാത്ര ജമ്മു കശ്മീരിലാണ് അവസാനിക്കുന്നത്. 150 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 16 മുതിര്‍ന്ന നേതാക്കള്‍ രാഹുലിനൊപ്പം യാത്രയുടെ ഭാഗമാകും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bharat jodo yatra rahul to meet vizhinjam and silverline protesters