Latest News

ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഉപാധികളോടെ മുൻകൂർ ജാമ്യം

തങ്ങൾക്കെതിരായ മോഷണക്കുറ്റം നിലനിൽക്കില്ലന്നും മുൻകൂട്ടി പ്ലാൻ ചെയ്തല്ല പോയതെന്നുമായിരുന്നുപ്രതികളുടെ വാദം

Vijay P Nair, വിജയ് പി നായർ, Bhagyalakshmi, ഭാഗ്യലക്ഷ്‌മി, Diya Sana, ദിയ സന, Sreelakshmi Arrackal, ശ്രീലക്ഷ്മി അറക്കൽ, IE Malayalam, ഐഇ മലയാളം

കൊച്ചി: സ്‌ത്രീകളെ അപമാനിച്ചു കൊണ്ടുള്ള വിവരണം നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ശബ്ദകലാകാരി ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണം. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകൾ.

സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് വിജയ്.പി.നായരെ താമസസ്ഥലത്ത് കടന്നു കയറി മർദിച്ചെന്നാണ് ഭാഗ്യലക്ഷ്മിക്കും ദിയസനക്കും ശ്രീലക്ഷ്മി അറയ്ക്കലിനുമെതിരായ കേസ്. തങ്ങൾക്കെതിരായ മോഷണക്കുറ്റം നിലനിൽക്കില്ലന്നും മുൻകൂട്ടി പ്ലാൻ ചെയ്തല്ല പോയതെന്നുമായിരുന്നുപ്രതികളുടെ വാദം. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. പ്രതികൾ നിയമം കയ്യിലെടുത്തെന്നും ജാമ്യം അനുവദിച്ചാൽ തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണം എന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതി പരാമര്‍ശിച്ചിരുന്നു. നിയമവ്യവസ്ഥയിൽ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും കോടതി ആരാഞ്ഞിരുന്നു.

Read More: ഭാഗ്യലക്ഷ്മിയും സംഘവും ചെയ്തത് ആൾക്കൂട്ട കയ്യേറ്റമെന്ന് വിജയ് പി നായർ കോടതിയിൽ

എന്നാല്‍ തങ്ങള്‍ വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ വാദം കേട്ടപ്പോള്‍ ഭാഗ്യലക്ഷ്മിയും സംഘവും ഉയര്‍ത്തിയ വാദം. മുൻകൂർ ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.

ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വിജയ് പി നായരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തന്റെ മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വിജയ് പി നായരുടെ വാദം.

മൂവരുടേയും ജാമ്യാപേക്ഷ നേരത്തേ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു.

സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് പി.നായർക്കെതിരെയും തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ആരെയെങ്കിലും വേദനിപ്പിക്കാൻ വേണ്ടിയല്ല താൻ വീഡിയോ ചെയ്‌തതെന്ന് വിജയ് പി.നായർ സംഭവശേഷം പറഞ്ഞു.

മലയാള സിനിമയിലെ മുതിര്‍ന്ന ഡബിങ് ആർട്ടിസ്റ്റിനെയും മറ്റ് ഫെമിനിസ്റ്റുകളെയും അപമാനിച്ചു കൊണ്ട് വീഡിയോ തയാറാക്കി വിജയ് പി.നായർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ അസഭ്യമായ ഭാഷയിലാണ് വിജയ്‌ തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചത്. അടിസ്ഥാനമില്ലാത്ത വിവരണങ്ങള്‍ നിറഞ്ഞ ഈ വീഡിയോ പലരും യൂടൂബിന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിജയ് പി നായരുടെ യൂടൂബ് ചാനൽ എടുത്തു കളഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bhagyalakshmis anticipatory bail verdict today

Next Story
കേരളത്തിനു അഭിമാനമായി കെ.കെ.ശൈലജ; വോഗ് മാസിക ‘വുമൺ ഓഫ് ദ ഇയർ’
The moderation of comments is automated and not cleared manually by malayalam.indianexpress.com