പ്രമുഖ നടിക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. രാവിലെ പത്രം തുറന്നയുടനെ കണ്ട വാർത്ത വായിച്ച് ഞെട്ടിയെന്നും നടി ആരാണെന്ന്കൂടി അറിഞ്ഞപ്പോൾ ശരീരമാകെ തളർന്നുവെന്നും ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഓരോ സ്ത്രീ ശരീരത്തേയും കടന്നാക്രമിക്കാൻ ഈ രാക്ഷസന്മാർ ഏതൊക്കെയോ രൂപത്തിൽ എവിടെയൊക്കെയോ പതുങ്ങിയിരിക്കുന്നു. അവന്റെ ഇര ഇന്ന് ഞാനാണെങ്കിൽ നാളെയത് നിങ്ങളാവാം, നിങ്ങളുടെ മക്കളാവാം. നമ്മെ രക്ഷിക്കാൻ ഇവിടെ ആരുമില്ല. ഓരോ സ്ത്രീയും കൈയ്യിലൊരു ആയുധം കരുതാനും ഈ രാക്ഷസന്മാർക്ക് നേരേ അത് പ്രയോഗിക്കാനുമുളള ധൈര്യമാണ് നമ്മൾ ആർജിക്കേണ്ടതെന്നും ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

രാവിലെ പത്രം തുറന്നയുടനെ കണ്ട വാർത്ത വായിച്ച് ഞെട്ടി..
“പ്രമുഖ നടിക്ക് ഗുണ്ടാ ആക്രമണം”.
നടി ആരായിരിക്കാം എന്ന് ചിന്തിക്കാനല്ല തോന്നിയത്.. വീണ്ടും ഒരു സ്ത്രീക്ക് നേരേകൂടി ആക്രമണം…നടി ആരാണെന്ന്കൂടി അറിഞ്ഞപ്പോൾ ശരീരമാകെ തളർന്നു. ഞാൻ സ്നേഹത്തോടെ മോളേ എന്ന് വിളിക്കുന്ന ആ പെൺകുട്ടി, ഈശ്വരാ എത്രമാത്രം ഭയന്ന് നിലവിളിച്ചിരിക്കാം അവൾ.. ആലോചിക്കുന്തോറും അടിവയറ്റിൽ നിന്നൊരു ഭീതി…
എന്താണ് ചെയ്യേണ്ടത്…ഓരോ സ്ത്രീ ശരീരത്തേയും കടന്നാക്രമിക്കാൻ ഈ രാക്ഷസന്മാർ ഏതൊക്കെയോ രൂപത്തിൽ എവിടെയൊക്കെയോ പതുങ്ങിയിരിക്കുന്നു..
അവന്റെ ഇര ഇന്ന് ഞാനാണെങ്കിൽ നാളെയത് നിങ്ങളാവാം, നിങ്ങളുടെ മക്കളാവാം..നമ്മെ രക്ഷിക്കാൻ ഇവിടെ ആരുമില്ല..കുറ്റവാളിയെ രക്ഷിക്കാനാണ് നിയമമുണ്ടാക്കിയതെന്ന് തോന്നിപ്പിക്കുന്ന കോടതി വിധിയും, സ്ത്രീ സ്വയം ചോദിച്ച് വാങ്ങുന്നതാണ് ബലാത്സംഗം എന്ന് പറയുന്ന സമൂഹവും സ്ത്രീകളെ ഭയപ്പെടുത്തുകയാണ്.
ഞാൻ വീണ്ടും വീണ്ടും സ്ത്രീകളെ ഓർമിപ്പിക്കുകയാണ്..ഓരോ സ്ത്രീയും കൈയ്യിലൊരു ആയുധം കരുതാനും ഈ രാക്ഷസന്മാർക്ക് നേരേ അത് പ്രയോഗിക്കാനുമുളള ധൈര്യമാണ് നമ്മൾ ആർജിക്കേണ്ടത്..നമ്മുടെ ശരീരത്തിനു നേർക്കുളള ഈ കടന്നാക്രമണത്തെ ഭയപ്പെടുന്നതിലും എത്രയോ ഭേദമല്ലേ ജയിലിൽ പോകുന്നത്..സ്ത്രീകൾക്കെതിരെയുണ്ടാവുന്ന ഈ അനീതി ഇനിയും കണ്ടിരിക്കാതെ കണ്ണകിയെപ്പോലെ ചുട്ടെരിക്കണം..സ്ത്രീ ശാക്തീകരണമെന്നൊക്കെ ടെലിവിഷനു മുമ്പിലിരുന്ന് സംസാരിക്കുകയല്ലാതെ സ്ത്രീക്ക് വേണ്ടി പ്രവർത്തിക്കാൻ ആരുമില്ല .
നമുക്ക് ഒന്നിച്ച് നില്ക്കാം സ്വയ രക്ഷക്കായി..
സ്ത്രീ ശരീരത്തെ കടന്നാക്രമിക്കുന്ന ഈ പാഴ്ജന്മങ്ങളെ പ്രസവിച്ച അമ്മമാർ കൂടി ചിന്തിക്കൂ ഇങ്ങനെയൊരു മകനെ വേണോ നിങ്ങൾക്ക്.?..വീടിനുളളിൽ അടച്ചിരിക്കുന്ന സ്ത്രീകളേ നിങ്ങൾ സുരക്ഷിതരാണെന്ന് കരുതരുത്…പുറത്തേക്ക് വരൂ.നമുക്കൊന്നിച്ച് നേരിടാം
സ്ത്രീയുടെ ഭയമാണ് ആക്രമിയുടെ ധൈര്യം.
സ്ത്രീയുടെ ധൈര്യമാണ് ആക്രമിയുടെ ഭയം
എന്ന സത്യം തിരിച്ചറിയുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ