ഒരു പെണ്ണിനെ പീഡിപ്പിച്ചത് തന്റെ മകനോ സഹോദരനോ ആണെന്ന് തെളിഞ്ഞാൽ ഒരിക്കലും ആ നികൃഷ്ട ജീവിയെ അമ്മയോ സഹോദരിയോ സംരക്ഷിക്കരുതെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. ശ്രീദേവിയുടെ ‘മോം’ സിനിമയെക്കുറിച്ചുളള ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇങ്ങനെ പറയുന്നത്. ഇങ്ങനെയൊരു മകൻ, സഹോദരൻ തനിക്ക് വേണ്ടാ എന്ന് സമൂഹത്തിനോട് ഉറക്കെ പറയുന്ന ഒരു സ്ത്രീ ഉണ്ടാവണം. അല്ലാത്ത പക്ഷം ഈ സിനിമയിൽ ചെയ്യുന്നത്പോലെ ചെത്തിക്കളയലും, വിഷം കൊടുക്കലുമൊക്കെയായി നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലൂടെ കാലക്രമേണ കുറ്റവാളികളുടെ എണ്ണം കൂടുകയേ ഉളളൂവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സിനിമ കണ്ടിറങ്ങിയപ്പോൾ പൊലീസ് ഓഫീസർ ഋഷിരാജ് സിങ് സാറിനെക്കണ്ടു. ഇനി സമൂഹത്തിന് നിയമത്തെ ഭയമില്ലാതാവുമോ,
നിയമം കയ്യിലെടുക്കുമോ?എന്നദ്ദേഹം അല്പം ആശങ്കയോടെ ചോദിച്ചു. ആ അവസ്ഥ വിദൂരതയിലല്ല സാർ എന്ന് താൻ മറുപടി പറഞ്ഞതായും ഭാഗ്യലക്ഷ്മി പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്ന് ശ്രീദേവി അഭിനയിച്ച “MOM” എന്ന ഹിന്ദി സിനിമ കണ്ടു…സമൂഹത്തിലും സിനിമയിലും ഒക്കെ സ്ത്രീ പീഡനം തന്നെ വിഷയം..എന്താണ് വ്യത്യസ്തമായി ഇവർ പറയാൻ പോകുന്നത് എന്നായിരുന്നു സിനിമ കാണുമ്പോൾ ഞാൻ ആലോചിച്ചത്.
ഒരു സ്കൂൾ അദ്ധ്യാപികയുടെ മകളെ അതേ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയും കൂട്ടരും കാറിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നു..
ആ പീഡനത്തോടെ ഭ്രാന്തിന്റ അവസ്ഥയിലെത്തിയ പെൺകുട്ടി,
തകർന്ന് പോകുന്ന അച്ഛൻ,ആ സംഭവത്തേയും കുറ്റവാളികുളേയും അമ്മ കൈകാര്യം ചെയ്യുന്നതാണ് കഥ..ബലാത്സംഗം ചെയ്തവനെ കോടതി തെളിവ്ലാതെ വെറുതെ വിടുന്നു സങ്കടം സഹിക്കാതെ അവരെ തല്ലിയതിന് പെൺകുട്ടിയുടെ അച്ഛനെതിരെ കോടതി നടപടി എടുക്കുന്നു,എന്ത് നീതിയാണിവിടെ എന്ന് അമ്മ ചോദിക്കുമ്പോൾ പ്രേക്ഷകനും തകർന്ന് പോകുന്നു..ഈ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ എന്നോടൊപ്പം രണ്ട് പെൺകുട്ടികളുണ്ടായിരുന്നു,ആ കുട്ടികളുടെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു ഞാൻ..മക്കളുടെ അമിത സ്വാതന്ത്ര്യം
വരുത്തുന്ന ആപത്ത് എന്നൊരു സന്ദേശവുമുണ്ട് സിനിമയിൽ.
എനിക്ക് തോന്നിയൊരു കാര്യം, സിനിമയാണെങ്കിലും ജീവിതമാണെങ്കിലും
നമ്മൾ എപ്പോഴും പെൺകുട്ടികൾ സൂക്ഷിക്കണമെന്ന് പറയും.. തന്റെ കാമവെറി തീർക്കാൻ ഒരു പെണ്ണിനെ നശിപ്പിക്കുന്നവനെ പെണ്ണ്തന്നെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞാൽ തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്നു എന്ന് സമൂഹവും നിയമവും കുറ്റപ്പെടുത്തും..പക്ഷേ ഇതല്ലാതെ ഇതിനൊരു അന്ത്യമില്ല.തന്റെ മകനോ സഹോദരനോ ആണ് പെണ്ണിനെ പീഡിപ്പിച്ചത് എന്ന തെളിഞ്ഞാൽ ഒരിക്കലും ആ നികൃഷ്ട ജീവിയെ അമ്മയോ സഹോദരിയോ സംരക്ഷിക്കരുത്..ഇങ്ങനെയൊരു മകൻ, സഹോദരൻ തനിക്ക് വേണ്ടാ എന്ന് സമൂഹത്തിനോട് ഉറക്കെ പറയുന്ന ഒരു സ്ത്രീ ഉണ്ടാവണം..അല്ലാത്ത പക്ഷം ഈ സിനിമയിൽ ചെയ്യുന്നത്പോലെ ചെത്തിക്കളയലും,വിഷം കൊടുക്കലുമൊക്കെയായി
നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലൂടെ കാലക്രമേണ കുറ്റവാളികളുടെ
എണ്ണം കൂടുകയേ ഉളളു..ഇന്ന് ലക്ഷത്തിലൊരാളുടെ ഉള്ളിലേക്ക് അങ്ങനെയൊരു സന്ദേശം കിട്ടിയാൽ അതിനാരെയാണ് കുറ്റപ്പെടുത്തേണ്ടത്?നിയമത്തേയോ,പോലീസിനേയോ,കുറ്റവാളിയെ പ്രസവിച്ച മാതാവിനെയോ,?
സിനിമ കണ്ടിറങ്ങിയപ്പോൾ പോലീസ് ഓഫീസർ ഋഷിരാജ് സിംഗ് സാറിനെക്കണ്ടു…ഇനി സമൂഹത്തിന് നിയമത്തെ ഭയമില്ലാതാവുമോ,
നിയമം കയ്യിലെടുക്കുമോ?എന്നദ്ദേഹം അല്പം ആശങ്കയോടെ ചോദിച്ചു.
ആ അവസ്ഥ വിദൂരതയിലല്ല സാർ എന്ന് പറഞ്ഞു ഞാൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.