തിരുവനന്തപുരം: സിപിഐയിൽ ചേരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. സിപിഐയിൽ ഭാഗ്യലക്ഷ്മി ചേരുന്നതായുളള വാർത്തകളെക്കുറിച്ച് ഐഇ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അവർ. കാനം രാജേന്ദ്രനെ കണ്ടുവെന്നത് സത്യമാണ്. അതൊരു സൗഹൃദ സംഭാഷണമായിരുന്നു. അതിനിടയിൽ പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ചുളള തീരുമാനം ജനുവരിയിലേ ഞാനോ പാർട്ടിയോ അറിയിക്കുകയുളളൂ. അന്തിമമായൊരു തീരുമാനത്തിൽ ഞാനോ പാർട്ടിയോ ഇതുവരെ എത്തിയിട്ടില്ല. സമൂഹത്തിലെ പല വിഷയങ്ങളിലും ഞാൻ ഇടപെടുന്നതു കണ്ടിട്ട് എന്നോട് സംസാരിക്കണമെന്ന് കാനം കഴിഞ്ഞ ഒരു വർഷമായി പറയുന്നുണ്ടാായിരുന്നു. ഇന്നലെ ഞാൻ അദ്ദേഹത്തെ പോയി കണ്ടു. പാർട്ടിയിൽ ചേരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല-ഭാഗ്യലക്ഷ്മി പറഞ്ഞു.

തിരഞ്ഞെടുപ്പ് സ്ഥാനാർഥിയാവുക തന്റെ മോഹമല്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അങ്ങനെയൊരു ആഗ്രഹം ഇല്ലാത്ത വ്യക്തിയാണ് ഞാൻ. സമൂഹത്തിൽ ഞാൻ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഒരു പാർട്ടിയുടെ പിന്തുണ വേണമെന്ന് തോന്നി. ഇടതുപക്ഷ അനുഭാവിയാണെന്ന് ഞാൻ ഇതിനു മുൻപും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് സംസാരിച്ചു. ഞാൻ മാത്രം തീരുമാനിക്കണ്ട കാര്യമല്ലിത്. എന്നെ വേണോ വേണ്ടയോയെന്ന് പാർട്ടി തീരുമാനിക്കണം. പാർട്ടി ഔദ്യോഗികമായിട്ട് അറിയിച്ചാൽ മാത്രമേ ഞാൻ പാർട്ടിയിൽ ചേർന്നെന്ന് പറയാനാകൂവന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഡിസംബർ 17ന് ഭാഗ്യലക്ഷ്മി തൻെറ ഫെയ്സ് ബുക്ക് പോസ്റ്റിൽ ഇത് സംബന്ധിച്ച് സൂചന നൽകി പോസ്റ്റിട്ടിരുന്നു. പക്ഷേ അത്  സിപി ഐയിലേയ്ക്ക് എന്ന സൂചനയല്ല മറിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ചാണ് ആ സൂചന.   ഇ എം എസ് എഴുതിയ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എന്ന പുസ്തകത്തിൻെറ കവർ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു. വൈകിയാണെങ്കിലും വായിച്ചു തുടങ്ങി എന്ന് എഴുതി ഈ പുസ്തകത്തിൻെറ കവർ പോസ്റ്റ് ചെയ്തിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ