Latest News

മുൻകോപം കൊണ്ടോ അറിവില്ലായ്മകൊണ്ടോ ജൂഡ് ചെയ്ത തെറ്റ് പൊറുത്ത്കൂടേ; സൗമിനി ജെയിനോട് ഭാഗ്യലക്ഷ്മി

മനസ്സിൽ തോന്നുന്നത് അപ്പോൾ തന്നെ പ്രകടിപ്പിക്കുന്ന പിന്നീട് അതിൽ വിഷമിക്കുകയും മടി കൂടാതെ, ചെറിയവരെന്നോ വലിയവരെന്നോ നോക്കാതെ ക്ഷമ ചോദിക്കുന്ന പാവം സാധാരണ മനുഷ്യനാണ് ജൂഡ് ആന്റണി

bhagya lakshmi, soumini jain, kochi mayor

കൊച്ചി മേയർ സൗമിനി ജെയിൻ സംവിധായകൻ ജൂഡ് ആന്റണിയെക്കുറിച്ച് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. ജൂഡ് എന്ന സംവിധായകനേക്കാൾ ഞാൻ ബഹുമാനിക്കുന്നത് അദ്ദേഹത്തിലെ നല്ല മനുഷ്യനെയാണെന്നും നല്ല മകനെയാണെന്നും ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

”അൽപം മുൻകോപമുണ്ട് എന്നത് മാത്രമാണ് ജൂഡിൽ ഞാൻ കണ്ട ഏറ്റവും വലിയ കുറവ്. മനസ്സിൽ തോന്നുന്നത് അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും പിന്നീട് അതേക്കുറിച്ചോർത്ത് വിഷമിക്കുകയും യാതൊരു മടിയും കൂടാതെ ചെറിയവരെന്നോ വലിയവരെന്നോ നോക്കാതെ ക്ഷമ ചോദിക്കുകയും ചെയ്യുന്ന ഒരു പാവം സാധാരണ മനുഷ്യൻ. സഹോദരിയും പെൺകുഞ്ഞുമുളള ജൂഡ് സത്യസന്ധമായും പെൺകുട്ടികളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുളള ആധിയിൽ തന്നെയാണ് യാതൊരു പ്രതിഫലവുമില്ലാതെ സമൂഹ നന്മക്ക് വേണ്ടി ഇങ്ങനെയൊരു സിനിമ ചെയ്യാൻ മുന്നിട്ടിറങ്ങിയത്. ദയവായി അതിനെ വില കുറച്ച് കാണരുത്. ജൂഡിനെ അടുത്തറിയുന്ന ഒരു സ്ത്രീയും പറയില്ല അദ്ദേഹം സ്ത്രീ വിരുദ്ധതയുളളയാളാണെന്നും” ഭാഗ്യലക്ഷ്മി പറയുന്നു.

”മുത്തശ്ശി ഗദ എന്ന സിനിമയുടെ കഥ കേട്ട ഞാനാദ്യം അദ്ദേഹത്തോട് ചോദിച്ചത് രണ്ട് പ്രായമായ സ്ത്രീകളുടെ കഥ ജനം ആസ്വദിക്കുമോ എന്നാണ്. ഈ അവസ്ഥ നേരിടുന്ന അമ്മമാരുണ്ട് സഹോദരിമാരുണ്ട്, ചെറുപ്പക്കാർക്ക് വേണ്ടി മാത്രം സിനിമ ചെയ്താൽ പോരല്ലോ എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി. മേയറുടെ പോസ്റ്റിൽ പറഞ്ഞത് പോലെ സ്ത്രീ വിരുദ്ധതയുളള ഒരാളായിരുന്നുവെങ്കിൽ അങ്ങനെയൊരു കഥപോലും ആ മനുഷ്യന്റെ മനസ്സിൽ തെളിയില്ല. ആ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങൾ ചില വൃദ്ധ സദനങ്ങൾ സന്ദര്‍ശിക്കുകയുണ്ടായി അതിന്റെ വിഡിയോ യൂട്യൂബിൽ ഒന്ന് കണ്ട് നോക്കൂ മാഡം. വയസ്സായവരുടെ ചെറിയ ചില ആഗ്രഹം നടത്തിക്കൊടുക്കാൻ പോയ ഞങ്ങളോട് അവരുടെ ചില വലിയ ആഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾ സഹപ്രവർത്തകർ സാമ്പത്തികമോർത്ത് മടിച്ച് നിന്നപ്പോൾ അതിന് പൂർണ്ണമായും തയാറായത് ജൂഡ് എന്ന മനുഷ്യനായിരുന്നു. അങ്ങിനെ എത്രയോ ഉദാഹരണമുണ്ട് അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മയെക്കുറിച്ച് പറയാൻ. സ്ത്രീയെ അപമാനിക്കുന്ന ഒരാളെയും ന്യായീകരിക്കുന്ന ഒരാളല്ല ഞാൻ. പക്ഷേ എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും, ജൂഡ് ഒരിക്കലും താങ്കളെ കരുതിക്കൂട്ടി അപമാനിക്കില്ല എന്ന്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഉടനെ താങ്കളുടെ ഓഫീസിൽ വന്ന് എല്ലാവരുടെയും മുമ്പാകെ മാപ്പ് പറയാൻ തയ്യാറായത്”.

”മുൻകോപം കൊണ്ടോ അറിവില്ലായ്മകൊണ്ടോ ജൂഡ് ചെയ്ത തെറ്റ് പൊറുത്ത്കൂടേ. നല്ലൊരു മനസ്സിനുടമയായ ജൂഡ് ആൻറ്റണി എനിക്കൊരു അനുജനാണ്. നടന്ന സംഭവത്തിൽ അദ്ദേഹവും കുടുംബവും വേദനിക്കുന്നുണ്ടെന്നും പറഞ്ഞാണ് ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റ് നിർത്തിയിരിക്കുന്നത്.

സൗമിനി ജെയിൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്

ജൂഡ് ആൻറണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിച്ചു. ജൂഡ് നല്ലൊരു സിനിമ സംവിധായകനാണ്. അദ്ദേഹത്തിൻറെ സിനിമകളൊക്കെ എല്ലാവർക്കും ഇഷ്ടവുമാണ്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങളെ വേറൊരു രീതിയിൽ തിരക്കഥ തയ്യാറാക്കി ഇരയെ വേട്ടക്കാരനായി മാറ്റി ചങ്ക് തകർന്നെഴുതാനുള്ള അദ്ദേഹത്തിൻറെ സംവിധാന മികവ് ആ ഫെയ്സ്ബുക്ക് പോസ്റ്റിൽ കാണാം. എന്നാൽ എന്താണ് സത്യം എന്ന് എല്ലാവരും അറിയണം. അസത്യപ്രചരണം കൊണ്ട് ഒരു സത്യത്തെയും ഇല്ലാതാക്കാനാവില്ല.
കഴിഞ്ഞ ദിവസം ജൂഡ് ആൻറണി ഫോൺ വിളിച്ച് സുഭാഷ് പാർക്ക് ചിത്രീകരണത്തിനായി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മുൻ കാലങ്ങളിൽ സുഭാഷ് പാർക്ക് ചിത്രീകരണത്തിന് നൽകാറുണ്ടായിരുന്നു. പക്ഷെ, പലപ്പോഴും ഷൂട്ട് കഴിയുമ്പോൾ ചെടികൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കുകയും പാർക്കിൻറെ സ്വാഭാവികത നഷ്ടമാകുകയും ചെയ്തിട്ടുള്ള അനുഭവത്തിലും പൊതുസ്ഥലങ്ങൾ പൊതുജനങ്ങൾക്ക് സദാസമയവും ലഭ്യമാകണമെന്ന ഉദ്ദേശത്താലും ചിത്രീകരണങ്ങൾക്കായി സുഭാഷ് പാർക്ക് വിട്ടുനൽകേണ്ടതില്ല എന്ന് നഗരസഭ കൌൺസിൽ തീരുമാനമെടുത്തിട്ടുണ്ട്. ഈ വിവരം ഞാൻ ജൂഡിനെ അറിയിക്കുകയും ചെയ്തു.
പിന്നീട് ജൂഡ് എത്തുന്നത് ഒരു മന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള ശുപാർശക്കത്തുമായാണ്. അപ്പോഴും വളരെ മാന്യമായി ഞാൻ വിവരങ്ങൾ പറയുകയും കൌൺസിൽ തീരുമാനം മറികടന്ന് എനിക്ക് മാത്രമായി തീരുമാനം എടുക്കാൻ സാധ്യമല്ല എന്നറിയിക്കുകയും ചെയ്തു. പ്രസ്തുത വിഷയം അപ്പോൾത്തന്നെ ഡെപ്യൂട്ടി മേയർ അടക്കമുള്ളവരുമായി ചർച്ച ചെയ്യുകയും അവരും സമാന നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നാൽ പ്രസ്തുത വിഷയത്തിൻറെ സാമൂഹ്യ പ്രതിബന്ധത കണക്കിലെടുത്ത് ഏറ്റവുമടുത്ത കൌൺസിലിൽ വിഷയം അവതരിപ്പിക്കാമെന്നും ആവശ്യം അനുഭാവപൂർണ്ണം പരിഗണിക്കാമെന്നും ഞാൻ ഉറപ്പ് നൽകി. അല്ലെങ്കിൽ, സുഭാഷ് പാർക്കൊഴികെ കൊച്ചിയിലെ ഏത് പാർക്കും പ്രസ്തുത ചിത്രീകരണത്തിനായി ഉടനടി ലഭ്യമാക്കാമെന്ന് ആവർത്തിച്ച് പറയുകയും ചെയ്തിരുന്നു. സർക്കാർ ഓർഡർ ഉണ്ടെങ്കിൽ സുഭാഷ് പാർക്ക് അനുവദിക്കാമെന്നും അല്ലെങ്കിൽ കൌൺസിൽ തീരുമാനത്തിന് വിധേയമായേ എനിക്ക് പ്രവർത്തിക്കാനാകൂ എന്നും ഞാൻ അറിയിച്ചു. ജൂഡ് ഒരു തീയതി തീരുമാനിക്കുകയും അഭിനേതാക്കളുടെ ഡേറ്റ് ലഭ്യമാക്കുകയും ചെയ്തു എന്ന കാരണത്താൽ കൌൺസിൽ തീരുമാനത്തെ മറികടക്കാൻ എനിക്കാവില്ലല്ലോ. ഉടൻ യാതൊരു പ്രകോപനവുമില്ലാതെ ജൂഡ് ദേഷ്യപ്പെടുകയും ശബ്ദമുയർത്തി നിങ്ങളുടെയൊന്നും അനുമതി പോലുമില്ലാതെ ഞാൻ ഷൂട്ട് ചെയ്യുന്നത് കാണിച്ചു തരാം. ഞാൻ ആരാണെന്ന് അറിയില്ല. നിന്നെയൊക്കെ ഞാൻ കാണിച്ചു തരാം എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ഡോർ ശക്തമായി വലിച്ചടച്ച് പോവുകയായിരുന്നു.
ജൂഡിൻറെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികൾ കടമെടുക്കുന്നു.“ നിങ്ങള്‍ എത്ര മോശം കാര്യങ്ങൾക്ക് ചിലപ്പോള്‍ കണ്ണടക്കുന്നുണ്ടാകും , ഈ നല്ല കാര്യത്തിനു ഹെൽപ്പ് ചെയ്യാത്തത് മോശമായിപോയി , ഞാന്‍ ഇതിനെതിരെ പ്രതികരിക്കും ” പ്രിയ ജൂഡ്, കൌൺസിൽ വിലക്കിയ ഒരു കാര്യം കൌൺസിൽ തീരുമാനമില്ലാതെ നൽകാനാവില്ല എന്ന നിലപാടെടുത്ത ഉടനെ ഞാൻ മോശം കാര്യങ്ങൾക്ക് കണ്ണടക്കുന്നയാളാണെന്ന് താങ്കൾ പ്രസ്താവിക്കുകയാണോ. സിനിമകളിലും മറ്റും താങ്കൾ അത്തരം ആളുകളെ കണ്ടുകാണും. എല്ലാവരും അങ്ങനെയാണ് എന്ന് അതിനെ സാമാന്യവൽക്കരിക്കുത്.
താങ്കളെപ്പറ്റി ഇതിന് മുമ്പും നിരവധി വാർത്തകൾ ഞാൻ കേട്ടിട്ടുണ്ട്.  എം.എം മണി മന്ത്രിയായപ്പോൾ “വെറുതെ സ്ക്കൂളിൽ പോയി” എന്നൊരു പോസ്റ്റിട്ട് താങ്കൾ അദ്ദേഹത്തെ കളിയാക്കിയിരുന്നു. മറ്റൊരു വിഷയത്തിൽ താങ്കളുടെ പോസ്റ്റിലെ എതിർകമൻറുകൾക്ക് അവരുടെ അച്ഛനെ വരെ ചീത്ത വിളിച്ച സംഭവവും കേട്ടിട്ടുണ്ട്. അതേ നിലവാരത്തിൽ തന്നെ ജൂഡ് ഇപ്പോഴും സംസാരിക്കുന്നു എന്നത് ദുഖകരമാണ്. വിദ്യാഭ്യാസം കുറവുള്ളവരാകട്ടെ, സ്തീയാകട്ടെ, കുട്ടിയാകട്ടെ, ആരുമാകട്ടെ മനുഷ്യരോട് മാന്യമായി സംസാരിക്കുക എന്നത് പ്രധാനമാണ്.
പ്രിയ ജൂഡ്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന കാലികസംഭവങ്ങളിൽ ഞാനും ഉത്കണ്ഠാകുലയാണ്. ഷോർട്ട്ഫിലിമിലൂടെ നമുക്ക് നല്ലൊരു സന്ദേശം നൽകാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ, ആ വിഷയത്തെപ്പറ്റി സംസാരിക്കാൻ വന്ന ജൂഡ് എല്ലാവരുടേയും മുന്നിൽ വെച്ച് ഒരു സ്ത്രീയെന്ന നിലയിൽ വാക്കുകൾ കൊണ്ട് എന്നെ അപമാനിതയാക്കി എന്നത് അത്ര നല്ല സന്ദേശമല്ല നൽകുക
തീർച്ചയായും ഞാനൊരു സ്ത്രീയായതിനാലാണ് അന്ന് എല്ലാവരുടേയും മുന്നിൽ വെച്ച് താങ്കളെന്നോട് കയർത്തു സംസാരിച്ചതും മോശമായി പെരുമാറിയതും. താങ്കളുടെ ശരീരഭാഷയും വാക്കുകളും അത് വ്യക്തമാക്കുന്നുണ്ടായിരുന്നു. മേയർ ആയി പ്രവർത്തിക്കുന്ന എനിക്കുണ്ടായ അനുഭവം ഇതാണെങ്കിൽ മറ്റു സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും. അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചതും.
താങ്കൾക്ക് എതിരെ മറ്റൊരു തരത്തിലുള്ള നടപടികൾ വേണമെന്ന് എനിക്കൊരു ആഗ്രഹവുമില്ല. പരസ്യമായി താങ്കൾ എന്നെ അപമാനിക്കുകയും വെല്ലുവിളിക്കുകയുമായിരുന്നു. അത് ഞാനെന്ന വ്യക്തിയേക്കാൾ സ്ത്രീകൾക്കെതിരായുള്ള ഒരു മനോഭാവം കൂടിയാണത്. അതിനാൽ പരസ്യമായി താങ്കൾ മാപ്പ് പറയണം എന്ന ഒരാവശ്യമേ ഞാൻ ആവശ്യപ്പെട്ടുള്ളൂ.. വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ഇത്തരത്തിൽ ദിനംപ്രതി പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അപമാനിതരായിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി കൂടിയുള്ളതാണത്. സ്ത്രീയാണെന്ന ഒരൊറ്റ കാരണത്താൽ പുച്ഛിച്ച് സംസാരിക്കുന്ന അനേകം പുരുഷന്മാർക്കും കൂടി വേണ്ടിയുള്ളതാണത്.
ഒരു സ്ത്രീയെന്ന ഒരൊറ്റ കാരണത്താൽ അധിക്ഷേപിച്ച് സംസാരിക്കുകയും സ്ത്രീകളോട് മാന്യമായി സംസാരിക്കാൻ പോലും തയ്യാറാകാത്ത വ്യക്തി തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അനീതികൾക്കെതിരെയുള്ള ഷോർട്ട്ഫിലിം തയ്യാറാക്കുന്നു എന്നത് വിരോധാഭാസമാണ്. ഷോർട്ട് ഫിലിം തയ്യാറാക്കി സാമൂഹ്യപ്രതിബന്ധത തെളിയിക്കുക മാത്രമാണ് ലക്ഷ്യമെങ്കിൽ അതേറെ എളുപ്പമാണ്. പക്ഷെ, അതിലുപരി ഓരോ വാക്കിലും ശരീരഭാഷയിലും നിറഞ്ഞുനിൽക്കുന്ന സ്ത്രീവിരുദ്ധത സ്വയം മാറ്റേണ്ടതുണ്ട്. ഓരോ വ്യക്തിയും സ്വയം നവീകരിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ ഒരു സമൂഹം നവീകരിക്കപ്പെടുകയുള്ളൂ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bhagya lakshmi facebook post to support jude antony kochi mayor soumini jain

Next Story
വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുന്നുchristians, palm sunday
The moderation of comments is automated and not cleared manually by malayalam.indianexpress.com