നടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുളളൂ എന്ന നിർമാതാവ് സജി നന്ത്യാട്ടിന്റെ പരിഹാസം സിനിമയിലെ മറ്റു സ്ത്രീ പ്രവർത്തകരെ ബാധിക്കുന്നില്ലേയെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. മറ്റേത് തൊഴിലിടങ്ങളിലും ഇത്തരത്തിൽ സ്ത്രീയെ അപമാനിക്കുന്ന രീതിയിലുളള പ്രസ്താവനകളുണ്ടാകുമ്പോൾ എത്ര ഒത്തൊരുമയോടെയാണ് അവരുടെ സഹപ്രവർത്തകയ്ക്കായി സ്ത്രീ പുരുഷ വിത്യാസമില്ലാതെ അവർ ഒന്നിച്ച് നിൽക്കുന്നത്. ഈ വിഷയത്തിൽ മാത്രം എന്തുകൊണ്ടാണ് ആരും പ്രതികരിക്കാത്തതെന്നും ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

പീഡനം മാത്രമല്ല, ഏത് വിഷയത്തിലായാലും എന്റെ സഹപ്രവർത്തകയെ അപമാനിച്ചാൽ അത് സ്ത്രീ സമൂഹത്തെ ഒന്നാകെ അപമാനിക്കുന്നതിന് തുല്യമാണ്. ആരൊക്കെ മൗനം പാലിച്ചാലും എനിക്ക് വ്യക്തിപരമായി ഇതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് പറഞ്ഞ ഒരു നടൻ, മാപ്പ് പറഞ്ഞ് അധികമാകുന്നതിന് മുൻപ് ഇതാ
“നടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുളളൂ എന്ന് പരിഹാസത്തോടെ നിർമ്മാതാവ് സജി നന്ത്യാട്ട്”. ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെ ഇത്ര നിസ്സാരമായി കാണുകയും, അപമാനിക്കുകയും, എന്താണ് പറയുന്നത് എന്ന് യാതൊരു ബോധവുമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന ഇവരെപ്പോലെയുളളവരെ എന്തുകൊണ്ട് ഇവരുടെ സംഘടനകൾ നിയന്ത്രിക്കുകയോ ശാസിക്കുകയോ ചെയ്യുന്നില്ല എന്നത് ഒരു സിനിമാ പ്രവർത്തക എന്ന നിലയിൽ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇതെല്ലാത്തിനുമപ്പുറം ഇത്തരം പ്രസ്താവനകൾ സിനിമയിലെ മറ്റു സ്ത്രീ പ്രവർത്തകരെ ബാധിക്കുന്നില്ലേ?
എന്തുകൊണ്ടാണ് ആരും പ്രതികരിക്കാത്തത്?
മറ്റേത് തൊഴിലിടങ്ങളിലും ഇത്തരത്തിൽ സ്ത്രീയെ അപമാനിക്കുന്ന രീതിയിലുളള പ്രസ്താവനകളുണ്ടാകുമ്പോൾ എത്ര ഒത്തൊരുമയോടെയാണ് അവരുടെ സഹപ്രവർത്തകക്കായി സ്ത്രീ പുരുഷ വിത്യാസമില്ലാതെ അവർ ഒന്നിച്ച് നിൽക്കുന്നത്..
ഇന്ന് നടിക്കെതിരെയാണെങ്കിൽ,നാളെയത് നിങ്ങളിലൊരാൾക്കെതിരെയാവാം എന്ന് കൂടി ചിന്തിക്കൂ..
പീഡനം മാത്രമല്ല,ഏത് വിഷയത്തിലായാലും എന്റെ സഹപ്രവർത്തകയെ അപമാനിച്ചാൽ
അത് സ്ത്രീ സമൂഹത്തെ ഒന്നാകെ അപമാനിക്കുന്നതിന് തുല്യമാണ്.ആരൊക്കെ മൗനം പാലിച്ചാലും
എനിക്ക് വ്യക്തിപരമായി ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്.
നടികളോട് മാത്രമല്ല,സിനിമയിലെ സകല മേഘലയിലും പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തോടും,
ഇങ്ങനെയൊരു നെറികെട്ട പ്രസ്താവന നടത്തിയ
വ്യക്തിയെ നിയന്ത്രിക്കാത്ത നിർമ്മാതാക്കളുടെ സംഘടനയോടും ഞാൻ അങ്ങേയറ്റം വേദനയോടെ,ശക്തമായി എന്റെ പ്രതിഷേധമറിയിക്കുന്നു.
ഭാഗ്യലക്ഷ്മി.
ഒരു ചലച്ചിത്ര പ്രവർത്തക

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ