തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്കായുള്ള ബെവ്ക്യൂ ആപ്പിന്റെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കും. ഇന്ന് സാധാരണ രീതിയിൽ മദ്യവിൽപ്പന നടക്കും. അതിനുശേഷം ഞായർ, തിങ്കൾ ദിവസങ്ങളിൽ മദ്യവിൽപ്പനയുണ്ടാകില്ല. തിങ്കളാഴ്ച ഒന്നാം തീയതി ആയതിനാലാണ് മദ്യവിൽപ്പന ഇല്ലാത്തത്.
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ചൊവ്വാഴ്ച മദ്യവിൽപ്പന പുനരാരംഭിക്കും. ഇതിനിടയിൽ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് ആപ്പ് രൂപവത്കരിച്ച ഫെയർകോഡ് ടെക്നോളജീസിന്റെ പ്രതീക്ഷ. ചൊവ്വാഴ്ച മദ്യവിൽപ്പന നടക്കണമെങ്കിൽ തിങ്കളാഴ്ച ഓൺലെെൻ ബുക്കിങ് നടക്കണം. മേയ് 31, ജൂണ്‍ ഒന്ന് തീയതികളില്‍ മദ്യവില്പനയില്ലെന്ന് ബവ്റജിസ് കോര്‍പറേഷനും അറിയിച്ചു.
Read Also: സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ്; 33 പേർ വിദേശത്തു നിന്ന് എത്തിയവർ
അതേസമയം, സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ആപ് ‘ബെവ്ക്യൂ’ പിന്‍വലിക്കേണ്ടതില്ലെന്ന് എക്സെെസ് വകുപ്പും തീരുമാനിച്ചു. നിലവില്‍ ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുമെന്നും എക്സെെസ് വകുപ്പ് തീരുമാനിച്ചു.
എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബെവ് ക്യൂ ആപ് പിന്‍വലിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടിയാണ് വെര്‍ച്വല്‍ ക്യൂ ആപ് വഴി മദ്യവില്‍പ്പന പുനരാരംഭിച്ചത്.
Read Also: ബെവ്ക്യൂ ടോക്കണ്‍ വിതരണം നറുക്കെടുപ്പ് പോലെ; കിട്ടാന്‍ ഭാഗ്യം വേണം
അതേസമയം, മദ്യവിൽപ്പനയ്ക്കായുള്ള വെർച്വൽ ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ തുടരുകയാണ്. ആപ് രൂപവത്കരിച്ച ഫെയർകോഡ് ടെക്നോളജീസിനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്.
ഇ-ടോക്കൺ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ടോക്കണില്ലാതെ മദ്യവിതരണം നടത്തിയ ബാറുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നലെ ബവ്കോ, കൺസ്യൂമർഫെഡ് ഷോപ്പുകളിലും ബാറിലും ബീയർ വൈൻ പാർലറുകളിലുമായി വിറ്റത് 45 കോടി രൂപയുടെ മദ്യം.