തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപ്പനയുണ്ടാകും. നാളെ മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായുള്ള വെർച്വൽ ക്യൂ സംവിധാനം പ്രവർത്തിച്ചു തുടങ്ങി. ബെവ് ക്യൂ ആപ്പിലൂടെ ഉപഭോക്താവിനു ടോക്കൺ എടുക്കാം. നേരത്തെയുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് ബെവ് ക്യൂ ആപ്പിൽ വീണ്ടും ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ബുക്കിങ് തുടങ്ങി 10 മിനിറ്റില്‍ ഒരു ലക്ഷം പേര്‍ക്ക് ടോക്കണ്‍ ലഭിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് ആപ് സജ്ജമായെന്ന് കഴിഞ്ഞ ദിവസം ഫെയര്‍കോഡ് അറിയിച്ചിരുന്നു.
ഉപഭോക്താവിനു ഇ-ടോക്കൺ ലഭിക്കുന്നതു ദൂരെയുള്ള മദ്യവിൽപ്പനശാലകളിലേക്കും ബാറുകളിലേക്കും ആണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, ഇന്ന് ബുക്കിങ് ആരംഭിച്ചതിനു ശേഷം അത്തരം പരാതികൾ കുറഞ്ഞിട്ടുണ്ട്. ഏറ്റവും അടുത്ത കേന്ദ്രങ്ങളിലേക്കാണ് ഇ-ടോക്കൺ ലഭിക്കുന്നത്. ആളുകൾ ഒന്നിച്ചു കയറുമ്പോഴുള്ള സാങ്കേതിക തകരാറും ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്.
Read Also: രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ബെവ് ക്യൂ സ്മാര്‍ട്ടായി തിരിച്ചെത്തുമോ?
മദ്യവിൽപ്പന സങ്കീര്ണമായപ്പോള് എക്സൈസ് മന്ത്രി, ബെവ്കോ, എക്സൈസ്, ഫെയർകോഡ് കമ്പനി അധികൃതർ എന്നിവരുടെ യോഗം വിളിച്ചിരുന്നു. ആപ്പിനെ ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ പരന്നുവെങ്കിലും അതുണ്ടായില്ല. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനം തുടരാനാണ് മന്ത്രി നിർദേശിച്ചത്. അപ്പോഴേക്കും മൂന്നാം ദിനം അവസാനിച്ചിരുന്നു. മേയ് 31, ജൂണ്‍ 1 ദിവസങ്ങളില്‍ മദ്യവിൽപ്പന ഇല്ല. മേയ് 31 ഞായറായതും എല്ലാ മാസവും ഒന്നാം തീയതി മദ്യവിൽപ്പന ഇല്ലാത്തതിനാല്‍ ജൂണ്‍ ഒന്നിനും (ഇന്ന്) അവധിയാണ്. ഇത് ആശ്വാസമായത് ബെവ് ക്യൂ ആപ്പ് നിര്‍മ്മാതാക്കള്‍ക്കാണ്. മൂന്ന് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാനും എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കാനും അവസരം കിട്ടി.
ബെവ് ക്യൂ ആപ്പിനെ തള്ളാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും എന്നാൽ അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇനി ഏതാനും മാസത്തേക്ക് ബെവ് ക്യൂ ആപ് വഴിയായിരിക്കും മദ്യവിൽപ്പന. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്.