കൊച്ചി: ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന് പറഞ്ഞതു പോലെയായി ആപ്പ് വന്നപ്പോള്‍ ടോക്കണ്‍ എടുത്ത് മദ്യം വാങ്ങാന്‍ എത്തിയ പലരുടേയും അവസ്ഥ. മദ്യ വില്‍പന പുനരാരംഭിച്ചപ്പോള്‍ കോവിഡ്-19 നിര്‍വ്യാപനത്തിന്റെ ഭാഗമായി കൊറോണക്കാലത്തേക്കുമാത്രമായി മദ്യത്തിന്റെ വില സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ആളുകള്‍ മദ്യം വാങ്ങാന്‍ ടോക്കണുമായി ബെവ്‌കോയിലും ബാറുകളിലും എത്തുമ്പോള്‍ വില കുറഞ്ഞ മദ്യം ലഭ്യമല്ലാത്തത് അവര്‍ക്ക് തിരിച്ചടിയായി.
കൂടാതെ, ടോക്കണിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാത്തത് മൂലം വിവരങ്ങള്‍ എഴുതിയെടുത്തശേഷം മദ്യം നല്‍കേണ്ടി വന്നതും മൂലം സംസ്ഥാനത്ത് അനവധി സ്ഥലങ്ങളില്‍ നീണ്ട ക്യൂ കാണപ്പെട്ടു.സര്‍ക്കാര്‍ മദ്യത്തിന്റെ നികുതി 35 ശതമാനം വര്‍ദ്ധിപ്പിച്ചതിന് അനുസരിച്ചുള്ള വില രേഖപ്പെടുത്തിയ കുപ്പികള്‍ അല്ല സ്റ്റോക്കുള്ളത്. പഴയ വില രേഖപ്പെടുത്തിയ കുപ്പികളാണ് ലഭ്യമായിട്ടുള്ളത്. അതിനാല്‍ അവയുടെ വില പുതിയ നിരക്കില്‍ കണക്കുകൂട്ടി ബില്‍ എഴുതേണ്ടി വരുന്നതും ക്യൂവിന്റെ നീളം വര്‍ദ്ധിപ്പിച്ചു.
2.25 ലക്ഷത്തോളം പേര്‍ക്ക് ടോക്കണ്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യദിനത്തിലെ പോരായ്മകള്‍ പരിഹരിക്കുമെന്ന് എക്‌സ്സൈസ് വകുപ്പ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് നിര്‍വ്യാപന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫോര്‍ട്ട് കൊച്ചിയിലെ ബാറുകള്‍ വിലയേറിയ ബ്രാന്‍ഡുകള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഔട്ട്‌ലെറ്റില്‍ എത്തിയ ഉപഭോക്താവാണ് ഈ അനുഭവം വെളിപ്പെടുത്തിയത്. സ്റ്റോക്കില്ലെന്നാണ് ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് മൂലമുണ്ടായ വാക്തര്‍ക്കം മദ്യവില്‍പനയുടെ സമയക്രമത്തെ ബാധിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ 9.30-ന് സമയം ലഭിച്ചവര്‍ക്ക് മദ്യം കിട്ടിയത് 12.30 ഓടെയുമാണ്. 500 മുതല്‍ 750 രൂപ വരെയുള്ള ബ്രാന്‍ഡുകള്‍ക്കാണ് ഇവിടത്തെ പാവപ്പെട്ടവരായ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അവരെ ഞെട്ടിച്ചു കൊണ്ട് ബാര്‍ ജീവനക്കാര്‍ വിലയേറിയ മദ്യം മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നാണ് പറയുന്നത്.
കൊറോണയുടെ തുടക്കകാലത്ത് ലോറികളില്‍ എത്തിയ മദ്യം ഗോഡൗണില്‍ ഇറക്കിവയ്ക്കാന്‍ സ്ഥലമില്ലാതിരുന്നതാല്‍ റോഡ് സൈഡില്‍ ഡ്രൈവര്‍ കണ്ണിലൊണ്ണയൊഴിച്ച് രാവുംപകലും കാവല്‍ ഇരുന്നതും കണ്ണുതെറ്റിയപ്പോള്‍ കുപ്പികള്‍ മോഷണം പോയതും തിരുവനന്തപുരത്ത് നിന്ന് വാര്‍ത്തയായിരുന്നു.
Read Also: ഒരു 500 കിട്ടാൻ വകുപ്പുണ്ടോ? മാധ്യമപ്രവർത്തകനെ ഞെട്ടിച്ച ചോദ്യം
കലൂരിലെ ഗോകുലം പാര്‍ക്കിലും പല ബ്രാന്‍ഡുകളും ഇല്ലായെന്നും 750 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യമാണ് ലഭിക്കുന്നതെന്നും അവിടെ നിന്നും മദ്യം വാങ്ങിയൊരാള്‍ പറയുന്നു. അതിന്റെ പേരില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കവും ഉണ്ടായി.
ഇന്നലെ രാത്രി വൈകിയെത്തിയ ബെവ്ക്യു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ടോക്കണെടുത്തവര്‍ കൃത്യസമയത്തുതന്നെ ഔട്ട്‌ലെറ്റുകളിലെത്തി.
ഗൂഗിള്‍ പ്ലേയില്‍ ലഭ്യമായിട്ടുള്ള ബീറ്റാ വെര്‍ഷന്‍ ആപ്പ് ഉപയോഗിച്ച് ഇന്നലെ രാത്രി ടോക്കണ്‍ എടുക്കാന്‍ ശ്രമിച്ചവര്‍ ഏറെ പരാതികള്‍ ആണ് ഉന്നയിച്ചത്. ബുക്കിങ്ങിനായുള്ള ഒടിപി കിട്ടിയില്ലെന്നതായിരുന്നു എല്ലാവരും ഉന്നയിച്ച പ്രധാന പരാതി. ഒടിപി കിട്ടാത്തവര്‍ ബെവ്ക്യു ആപ്പിലെ റിവ്യു ആയി ഒരു സ്റ്റാര്‍ നല്‍കാനും ആപ്പിനെ കുറ്റം പറഞ്ഞ് കമന്റിടാനും ഇടിച്ചുകയറിയിരുന്നു. ടോക്കണ്‍ ലഭിച്ചവര്‍ നല്ല അഭിപ്രായവും രേഖപ്പെടുത്തി. എങ്കിലും അഞ്ച് സ്റ്റാര്‍ റേറ്റിങ് കൊടുത്തവരേക്കാള്‍ കൂടുതലാണ് ഒരു സ്റ്റാര്‍ നല്‍കിയവര്‍.
അതേസമയം, ഒടിപി ലഭ്യമാക്കുന്നതിന് പുറത്തുനിന്നുള്ള ഒരു സേവനദാതാവിനെയാണ് ആശ്രയിക്കുന്നതെന്നും ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഇതുവരെ നാല് ലക്ഷത്തോളം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുവെന്നും രണ്ട് ലക്ഷത്തോളം ടോക്കണുകള്‍ നല്‍കിയെന്നും കമ്പനി അറിയിച്ചു.
Read Also: ബെവ് ക്യൂ, ‘വല്ലാത്തൊരു ആപ്പായിപോയി’; ആഘോഷമാക്കി ട്രോളന്മാരും
എറണാകുളംകാരനായ ശ്രീനാഥ് ബീറ്റാ ആപ്പിലൂടെ ബുക്ക് ചെയ്തു. ഇരുമ്പനത്തുള്ള ബെവ്‌കോയിലാണ് ടോക്കണ്‍ ലഭിച്ചത്. പിന്നീട് ആപ്പ് ഓപ്പണ്‍ ചെയ്തപ്പോള്‍ എററായിയെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന് രാവിലെ 11.10-ന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എസ് എം എസ് അയച്ചു ടോക്കണ്‍ എടുക്കാവുന്ന ഫോണ്‍ നമ്പറായ 8943389433 കണ്ടത്. രണ്ടാമതൊന്ന് ചിന്തിക്കാന്‍ നിന്നില്ല. അതിലേക്ക് എസ് എം എസ് അയച്ചു. അപ്പോള്‍ തന്നെ ടോക്കണ്‍ കിട്ടി,” അനുവദിച്ച സമയം കണ്ട് ശ്രീനാഥ് ഞെട്ടി.
11.15 മുതല്‍ 11.30 വരെയായിരുന്നു ശ്രീനാഥിന് ബെവ്ക്യു അനുവദിച്ചത്. “ടാങ്കര്‍ ലോറികള്‍ ചീറിപ്പായുന്ന സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ ടാങ്കറുകള്‍ക്കിടയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. 11.27-ന് കൗണ്ടറിലെത്തി. സാധനം വാങ്ങിച്ചു,” ശ്രീനാഥ് തന്റെ അനുഭവം പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതു പോലെ അഞ്ചുപേരെയാണ് കൗണ്ടറിന് മുന്നില്‍ അനുവദിച്ചിട്ടുള്ളു. ടോക്കണ്‍ പരിശോധിച്ചശേഷം പനിയുണ്ടോയെന്ന് നോക്കിയിട്ടാണ് അകത്തു കയറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
Read Also: പനിയുണ്ടെങ്കിൽ മദ്യമില്ല; ബെവ് ക്യൂവിൽ ബുക്കിങ് നടത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സാങ്കേതികവിദ്യ നിരക്ഷരര്‍ മദ്യത്തിനുള്ള ക്യൂവില്‍ നിന്നും പുറത്താകുന്ന കാഴ്ചയാണ് കണ്ടത്. കുറെ മുതിര്‍ന്നവര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ശ്രീനാഥ് പറഞ്ഞു. അവര്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ ടോക്കണ്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവരാരും മദ്യം വാങ്ങിച്ചു വരുന്നവരോട് കുപ്പി മറിച്ചു വില്‍ക്കുന്നുവോയെന്ന് ചോദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തോളം പേരാണ് അവിടെയുണ്ടായിരുന്നത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വയോധികര്‍ പുറത്തിറങ്ങരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശനമായും തുടര്‍ച്ചയായുമുള്ള നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് ഇവരെത്തുന്നത്.
അതേസമയം, ഫോര്‍ട്ട് കൊച്ചിയിലെ കൗണ്ടറിന് മുന്നിലെ വയോധികരായ ഉപഭോക്താക്കള്‍ മദ്യം വില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചിരുന്നതായി അവിടെ നിന്നും വാങ്ങിയവര്‍ പറഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവരാണ് ഈ വയസ്സായ ഇവരെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: മദ്യവിൽപ്പന ആരംഭിച്ചു; മിനിറ്റുകൾക്കകം ബെവ് ക്യൂ ആപ് ഡൗൺലോഡ് ചെയ്ത് ആയിരങ്ങൾ
അതേസമയം, ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം ഒടിപി ലഭിക്കേണ്ട മൊബൈല്‍ നമ്പരായി 8943389433 തന്നെ കൊടുത്ത് ഫെയര്‍കോഡ് ടെക്‌നോളജീസിനെ പരീക്ഷിക്കുന്നവരേയും കണ്ടു. അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ നമ്പരിലേക്ക് ഒടിപി അയച്ചുവെന്ന സന്ദേശം ആപ്പില്‍ കാണുകയും ചെയ്യാം. ഇത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ രഞ്ജി കോളിന്‍സ് എന്നൊരു വ്യക്തി പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ബെവ് ക്യു ആപ്പ് പ്ലേ സ്റ്റോറിലെത്തിയത് അറിഞ്ഞ് സെര്‍ച്ച് ചെയ്ത് നോക്കിയവര്‍ നിരാശരായി. ഗൂഗിള്‍ ആപ്പിനെ ഇന്‍ഡെക്‌സ് ചെയ്യാത്തത് മൂലമാണ് സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കാത്തതെന്ന് ഫെയര്‍ കോഡ് ടെക്‌നോളജീസ് സി എഫ് ഒ നവീന്‍ ജോര്‍ജ് പറഞ്ഞു. അതിഥി തൊഴിലാളികളെ ബെവ് ക്യു പരിഗണിച്ചിട്ടില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. ആപ്പില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ ഉപയോഗിച്ച് മാത്രമേ ടോക്കണ്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. ഹിന്ദിയടക്കമുള്ള മറ്റു ഭാഷകളില്ലാത്തതിനാല്‍ അതിഥി സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ മദ്യം വാങ്ങാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യവുമുണ്ട്.
ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും ക്യുആര്‍ കോഡ് റീഡര്‍ മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതു കാരണം മദ്യവിതരണം താളം തെറ്റി. ടോക്കണിലെ നമ്പര്‍ എഴുതിയെടുത്തശേഷമാണ് മദ്യം വിതരണം ചെയ്യുന്നത്. ഇതേതുടര്‍ന്ന് സാമൂഹിക അകലം പാലിക്കാനും സാധിക്കാതെ വന്നിരുന്നു.
Read Also: ‘താങ്ക് യൂ സുന്ദരേട്ടാ’; ഗൂഗിളിനെ സ്നേഹംകൊണ്ട് മൂടി മലയാളികൾ
തൃശൂര്‍ നിയ റെസിഡന്‍സിയില്‍ രാവിലെ 11.45-ന് സമയം ലഭിച്ചയാള്‍ക്ക് വൈകുന്നേരം മൂന്ന് മണിയോടെയാണ് മദ്യം ലഭിച്ചത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കാത്തതു കാരണമാണ് ഈ സാഹചര്യമുണ്ടായതെന്ന് നിയ റെസിഡന്‍സി ഉടമ പ്രമോദ് കുമാര്‍ പറഞ്ഞു. “കോഡ് സ്‌കാന്‍ ചെയ്താല്‍ പരമാവധി രണ്ട് മിനിട്ടിനുള്ളില്‍ ഒരാള്‍ക്ക് മദ്യം നല്‍കാന്‍ കഴിയും. എന്നാല്‍, കോഡിലെ നമ്പര്‍ എഴുതി ബില്ല് കൊടുക്കുമ്പോള്‍ എട്ട് മിനിട്ടോളം എടുക്കുന്നു. ഇത്തരത്തില്‍ എഴുതി നല്‍കാന്‍ നാലഞ്ച് പേരെ കൗണ്ടറില്‍ ഇരുത്തുകയും ചെയ്തു,” അദ്ദേഹം പറയുന്നു.
ഒരാളുടെ ടോക്കണിന്റെ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് മറ്റൊരാള്‍ക്ക് മദ്യം വാങ്ങാന്‍ സാധിക്കും
തൃശൂര്‍ സ്വദേശിയായ ശ്രീരാജ് ഇന്നലെ രാത്രി ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സെര്‍ച്ച് ചെയ്തിട്ടും കിട്ടിയില്ല. തുടര്‍ന്ന് ഒരു സുഹൃത്ത് ആപ്പ് ലഭിക്കുന്ന ലിങ്ക് നല്‍കുകയും അതില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയുമായിരുന്നു.
രാത്രി പത്തരയോടെ ടോക്കണ്‍ എടുക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും അരമണിക്കൂറിലധികമെടുത്തു ടോക്കണ്‍ ലഭിക്കാനെന്ന് ശ്രീരാജ് പറഞ്ഞു. ഒടിപി വരാത്തതായിരുന്നു ശ്രീരാജിന്റേയും പ്രശ്‌നം.
“ഞാന്‍ തുടക്കത്തില്‍ ഒടിപി കിട്ടാന്‍ വൈകിയപ്പോള്‍ അത് അപ്‌ഡേറ്റ് ചെയ്യാനുള്ള അഞ്ച് മിനിട്ട് കാത്ത് നില്‍ക്കാതെ ബാക്ക് അടിച്ച് ആപ്പില്‍ നിന്നും പുറത്തിറങ്ങി വീണ്ടും ശ്രമിച്ചു. ഇത് രണ്ട് മൂന്ന് തവണ തുടര്‍ന്ന ശേഷം അഞ്ച് മിനിട്ട് പൂര്‍ണമായി കാത്തു. അപ്പോള്‍ ഒടിപി വീണ്ടും അയക്കാനുള്ള നിര്‍ദ്ദേശം കൊടുക്കാനുള്ള ബട്ടണ്‍ വന്നു. അതില്‍ തുടരെ തുടരെ ക്ലിക്ക് ചെയ്തു. അപ്പോള്‍ രണ്ട് മൂന്ന് ഒടിപികള്‍ വന്നു. ഒടുവില്‍ കിട്ടിയത് നല്‍കിയപ്പോള്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയുള്ള സമയം ലഭിച്ചു,” ശ്രീരാജ് പറയുന്നു.
Read Also: ബെവ് ക്യൂ: ഒറിജിനലിന് മുൻപേ വ്യാജൻ; ഹൈടെക് ക്രൈം സെൽ അന്വേഷിക്കും
ഇന്നുച്ചയോടെ തൃശൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങാന്‍ ശ്രീരാജ് എത്തി. അഞ്ച് മിനിട്ട് നേരത്തെയാണ് എത്തിയത്. ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ ടോക്കണിലെ സമയം ആകുന്നത് വരെ കാത്ത് നില്‍ക്കാന്‍ പറഞ്ഞു. തിരക്കുണ്ടായിരുന്നില്ലെന്നും സാമൂഹിക അകലം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നുവെന്നും ശ്രീരാജ് പറഞ്ഞു. സെലിബ്രേഷന്‍സ് വാങ്ങാന്‍ നോക്കിയ ശ്രീരാജിന് ലഭിച്ചത് ഓള്‍ഡ് മങ്ക് ആണ്. ആറു കുപ്പികള്‍ വാങ്ങി അദ്ദേഹം മടങ്ങി.
ഇവിടേയും റീഡര്‍ ഇല്ലായിരുന്നതിനാല്‍ ടോക്കണ്‍ നമ്പര്‍, വാങ്ങുന്നയാളിന്റെ പേര്, ക്യു നമ്പര്‍ തുടങ്ങിയവ ജീവനക്കാര്‍ എഴുതിയെടുത്തശേഷമാണ് മദ്യം നല്‍കിയത്.
ഇന്നലെ രാത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ ടോക്കണുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വൈറലായിരുന്നു. ഒടിപി കിട്ടാത്തതുമൂലം ടോക്കണ്‍ എടുക്കാന്‍ കഴിയാതെ അനവധി പേര്‍ വിഷമിച്ചപ്പോഴാണ് ടോക്കണ്‍ ലഭിച്ചവര്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
Read Also: സ്മാര്‍ട്ട്ഫോണിലൂടെ ബെവ് ക്യൂ ആപ്പില്‍ നിന്നും ടോക്കണ്‍ എടുക്കുന്നവിധം
ഒരാള്‍ ബുക്ക് ചെയ്ത ടോക്കണിന്റെ സ്‌ക്രീന്‍ ഷോട്ട് ഔട്ട്‌ലെറ്റില്‍ കാണിച്ച് മറ്റൊരാള്‍ക്ക് വാങ്ങാന്‍ സാധിക്കുമെന്നും ശ്രീരാജ് പറഞ്ഞു. ശ്രീരാജിന്റെ ബന്ധുവിന് ലഭിച്ച ടോക്കണിന്റെ സ്‌ക്രീന്‍ ഷോട്ട് തൃശൂരിലെ ഒരു ബാറില്‍ കാണിച്ച് മദ്യം വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ബന്ധു സ്ഥലത്തിലാത്തതിനാലാണ് ശ്രീരാജ് പോയത്. തന്റെ ഐഡന്റിറ്റി കാര്‍ഡ് കൈവശം വച്ചിരുന്നുവെങ്കിലും അത് ചോദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
മറ്റൊരു തലവേദന ജോലിക്ക് പോകേണ്ട സമയത്താണ് മദ്യം വാങ്ങാന്‍ പോകാനുള്ള സമയം രേഖപ്പെടുത്തിയ ടോക്കണ്‍ ലഭിക്കുന്നത്. കൊല്ലം സ്വദേശിയായ നിതിന്‍ തന്റെ ഫോണ്‍ അച്ഛന് നല്‍കി മദ്യം വാങ്ങാന്‍ ഏര്‍പ്പാടാക്കിയാണ് ജോലിക്ക് പോയത്.
വീടിന് സമീപത്തെ ഔട്ട്‌ലെറ്റില്‍ ടോക്കണ്‍ ലഭിക്കണം
കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി ബിജോയ് ഇന്നലെ വൈകീട്ട് മുതല്‍ ടോക്കണ് വേണ്ടി ശ്രമിച്ചെങ്കിലും കിട്ടിയത് ഇന്ന് പുലര്‍ച്ചെ 2.30നാണ് മദ്യം വാങ്ങേണ്ട ഔട്ട്‌ലെറ്റ് ലഭിച്ചത് 20 കിലോ മീറ്റര്‍ അകലെയുള്ള കാവിലുംപാറയിലായിരുന്നു. ഇത്രയും ദൂരെ ആയതിനാല്‍ മദ്യം വാങ്ങാന്‍ പോയില്ല.ഏറ്റവും അടുത്തുള്ള ഔട്ട്‌ലെറ്റ് 10 കിലോമീറ്റര്‍ അടുത്തുള്ള പേരാമ്പ്രയാണ്. അടുത്തുള്ള ഔട്ട്‌ലെറ്റിലേക്ക് ടോക്കണ്‍ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ് ബിജോയിയെ പോലുള്ളവരുടെ ആവശ്യം. നിലവില്‍ ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം ഔട്ട്‌ലെറ്റ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ആപ്പില്‍ ഇല്ല.
രാമനാട്ടുകര സ്വദേശി രതീഷാകട്ടെ ടോക്കണ്‍ കിട്ടിയ ആവേശത്തില്‍ അതില്‍ നല്‍കിയിരിക്കുന്ന സമയത്തിന് ഔട്ട്‌ലെറ്റില്‍ എത്തി. എന്നാല്‍ അവിടെ എത്തി ടോക്കണ്‍ കൈമാറിയപ്പോഴാണ് രതീഷ് അബദ്ധം മനസ്സിലാക്കിയത്. അദ്ദേഹത്തിന് അനുവദിച്ചത് മെയ് 29-നായിരുന്നു.